'ആരോ എഴുതിക്കൊടുത്തത് തത്തമ്മേ പൂച്ച പൂച്ച എന്ന് വായിക്കുകയായിരുന്നു'; കിഫ്ബിക്കെതിരായ നിര്‍മല സീതാരാമന്റെ പരാമര്‍ശം വിഡ്ഢിത്തമെന്ന് തോമസ് ഐസക്ക്
Kerala News
'ആരോ എഴുതിക്കൊടുത്തത് തത്തമ്മേ പൂച്ച പൂച്ച എന്ന് വായിക്കുകയായിരുന്നു'; കിഫ്ബിക്കെതിരായ നിര്‍മല സീതാരാമന്റെ പരാമര്‍ശം വിഡ്ഢിത്തമെന്ന് തോമസ് ഐസക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st March 2021, 9:25 am

തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി തോമസ് ഐസക്ക്. കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചും പമ്പര വിഡ്ഢിത്തങ്ങളാണ് നിര്‍മല സീതാരാമന്‍ പറഞ്ഞതെന്നും തോമസ് ഐസക്ക് പറഞ്ഞു.

പറഞ്ഞ വിഷയങ്ങളിലൊന്നും ധനമന്ത്രിയ്ക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്നും ആരോ എഴുതിക്കൊടുത്തത് തത്തമ്മേ പൂച്ച പൂച്ച എന്ന് യാന്ത്രികമായി വായിക്കുകയാണ് കേന്ദ്ര ധനമന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മല സീതാരാമന്റെ വിമര്‍ശനം കേട്ടപ്പോള്‍ അയ്യേ എന്നാണ് തോന്നിയതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്ക്കിടെയാണ് നിര്‍മല സീതാരാമന്‍ കിഫ്ബിയ്‌ക്കെതിരെയും സംസ്ഥാന ബജറ്റിനെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയത്.

മുഴുവന്‍ പണവും കിഫ്ബിയ്ക്ക് നല്‍കിയെന്നായിരുന്നു നിര്‍മലാ സീതാരാമന്‍ പറഞ്ഞത്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സി.എ.ജി പറഞ്ഞിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ കൊച്ചിയില്‍ പറഞ്ഞു.

കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്ന നിലയിലാണെന്നും നിര്‍മല ആരോപിച്ചിരുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

ആരോ എഴുതിത്തന്നത് തത്തമ്മേ പൂച്ച പൂച്ച എന്ന് യാന്ത്രികമായി വായിക്കുമ്പോള്‍, വഹിക്കുന്ന പദവിയുടെ അന്തസാണ് ഇടിഞ്ഞു പോകുന്നത് എന്ന് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ തിരിച്ചറിയണമായിരുന്നു. കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചുമൊക്കെ പമ്പരവിഡ്ഢിത്തങ്ങളാണ് അവര്‍ പറഞ്ഞത്. ഒട്ടും ഗൃഹപാഠം ചെയ്തില്ലെന്നു മാത്രമല്ല, പറഞ്ഞ വിഷയങ്ങളിലൊന്നും ഒരു ധാരണയും തനിക്കില്ലെന്ന് തെളിയിക്കുന്നതായിപ്പോയി അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍. ഷെയിം ഓണ്‍ യൂ എന്ന് തുറന്നു പറഞ്ഞാല്‍ കേന്ദ്ര ധനമന്ത്രി ഖേദിക്കരുത്.
സംസ്ഥാന ബജറ്റിനെ കേന്ദ്രധനമന്ത്രി വിമര്‍ശിച്ചതു കണ്ടു. അത്തരമൊരു വിമര്‍ശനത്തെ സ്വാഭാവികമായും ഗൗരവത്തോടെയാണല്ലോ കണക്കിലെടുക്കേണ്ടത്. പക്ഷേ, നിര്‍മ്മലാ സീതാരാമന്റെ വിമര്‍ശനം കേട്ടപ്പോള്‍ ”അയ്യേ” എന്നാണ് തോന്നിയത്. മുഴുവന്‍ പണവും കിഫ്ബി എന്ന ഒറ്റ സംവിധാനത്തിനു കൊടുത്തുവത്രേ. കേന്ദ്രമന്ത്രിയും ബജറ്റ് തയ്യാറാക്കുന്നതാണല്ലോ. അങ്ങനെയൊരാളില്‍ നിന്നും പ്രതീക്ഷിക്കാവുന്ന വിമര്‍ശനമാണോ ഇത്?

കെ.സുരേന്ദ്രനോ വി.മുരളീധരനോ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ അത്ഭുതമില്ല. അവരിതാദ്യമായല്ലല്ലോ മണ്ടത്തരം പറയുന്നത്. അതുപോലെയാണോ കേന്ദ്ര ധനമന്ത്രിയുടെ പദവി വഹിക്കുന്ന ആള്‍? അങ്ങനെ സംസ്ഥാനത്തിന്റെ വരുമാനമെല്ലാം ഏതെങ്കിലും ഒന്നിലേയ്ക്ക് മാത്രമായി നീക്കിവെയ്ക്കാന്‍ കഴിയുമോ? മറ്റാരു പറഞ്ഞാലും ധനമന്ത്രിയുടെ കസേരയിലിരിക്കുന്നവര്‍ ഇങ്ങനെയൊന്നും പറയാന്‍ പാടില്ല.

ബജറ്റിനു പുറത്തു വിഭവസമാഹരണം നടത്താന്‍ വേണ്ടി സജ്ജീകരിച്ച സംവിധാനമാണ് കിഫ്ബി. കിഫ്ബിയുടെ വരവും ചെലവും ബജറ്റിന്റെ ഭാഗമാക്കുന്നില്ലെന്നായിരുന്നല്ലോ സിഎജിയുടെ വിമര്‍ശനം. നിര്‍മ്മലാ സീതാരാമന്റെ പക്കലെത്തിയപ്പോള്‍ ആ വിമര്‍ശനം ശീര്‍ഷാസനത്തിലായി. സര്‍ക്കാരിന്റെ വരവെല്ലാം കിഫ്ബിയ്ക്കു കൊടുക്കുന്നു പോലും. ഈ പ്രസംഗം ആരെഴുതിക്കൊടുത്താലും കേന്ദ്ര ധനകാര്യമന്ത്രിയെ ഇങ്ങനെ വിഡ്ഢിവേഷം കെട്ടിക്കേണ്ടിയിരുന്നില്ല എന്നു മാത്രമേ പറയാനുള്ളൂ. കുറച്ചുകൂടി നിലവാരവും ഗൗരവമുള്ള സമീപനവും ആ പദവിയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ബഹുമാനപ്പെട്ട കേന്ദ്ര ധനമന്ത്രി, കേന്ദ്ര ബജറ്റില്‍പ്പോലും ഒരുലക്ഷത്തിലേറെ കോടി രൂപ ഓഫ് ബജറ്റ് ബോറോയിംഗ് ആയിട്ട് ഇല്ലേ? കിഫ്ബിയുടെ വായ്പ ഓഫ് ബജറ്റ് ബോറോയിംഗ് അല്ല. കേന്ദ്ര ബജറ്റില്‍ കേരളമടക്കമുള്ളവര്‍ക്കു പ്രഖ്യാപിച്ച ഉദാരമായ റോഡ് നിര്‍മ്മാണത്തിനുള്ള തുകയുണ്ടല്ലോ അത് നാഷണല്‍ ഹൈവേ അതോറിറ്റി വായ്പയെടുക്കുന്നതല്ലേ? കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് വരവു-ചെലവു കണക്കുകളില്‍ അതൊന്നും വന്നില്ലല്ലോ. അതുപോലൊരു ബോഡി കോര്‍പ്പറേറ്റാണ് കിഫ്ബിയും. കേന്ദ്രത്തിനാവാം, സംസ്ഥാനത്തിനു പാടില്ലായെന്ന നിലപാടുണ്ടല്ലോ അത് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. തികച്ചും ഭരണഘടനാപരമാണ് ഈ അവകാശം.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു, അഴിമതിയാണ് എന്നൊക്കെയുള്ള കേന്ദ്ര ധനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ മറുപടിയേ അര്‍ഹിക്കുന്നില്ല. കേരളം എന്താണെന്ന് ആ യോഗത്തില്‍ കൂടിയിരുന്നവര്‍ക്കുപോലും അറിയാം. സ്വന്തം പാര്‍ട്ടിക്കാരെങ്കിലും വിശ്വസിക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ കേന്ദ്ര ധനമന്ത്രി പരാജയപ്പെട്ടു എന്ന് പറയാതെ വയ്യ.

ഏതായാലും കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപത്തിനു കാത്തിരിക്കുകയാണ്. എന്നിട്ടാകാം ബാക്കി എഴുത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thomas Issac mocks Nirmala Sitaraman on her comment on KIIFB