കോഴിക്കോട്: വെനസ്വലെയ്‌ക്കെരിതായ അമേരിക്കന്‍ കടന്നാക്രമണത്തില്‍ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് ഡോ. തോമസ് ഐസക്. കൊളോണിയല്‍ കൊള്ളയ്ക്ക് സമാനമായ അധിനിവേശമാണ് അമേരിക്ക വെനസ്വലെയില്‍ നടത്തിയതെന്ന് തോമസ് ഐസക് പറഞ്ഞു.
മഡൂറോയെ ബന്ദിയാക്കുകയും വെനസ്വലെയിലെ ഭരണം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതുമായ സാഹചര്യത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് തോമസ് ഐസക് ഡൊണാള്‍ഡ് ട്രംപിനെയും ട്രംപ് ഭരണകൂടത്തെയും വിമര്‍ശിക്കുന്നത്.
അമേരിക്കന്‍ വന്‍കരയില്‍ നിന്നും വിദേശ ശക്തികളെ തുടച്ചുനീക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നും 19ാം നൂറ്റാണ്ടില്‍ അന്നത്തെ പ്രസിഡന്റ് മണ്‍റോ പുറത്തുവിട്ട തിട്ടൂരം ട്രംപ് പുനപ്രതിഷ്ഠിച്ചിരിക്കുകയാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
വിഷയത്തില്‍ നിലപാട് പറയാത്ത ഇന്ത്യയുടെ നടപടിയെയും തോമസ് ഐസക് വിമര്‍ശിച്ചു. ബ്രിക്‌സ് രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് വിഷയത്തെ അപലപിക്കാത്തതെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
‘ഇന്ത്യ ഒഴികെ ബ്രിക്‌സ് രാജ്യങ്ങളെല്ലാം അമേരിക്കന്‍ വെനസ്വേലന്‍ അധിനിവേശത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. ബ്രസീലിലെ ലുലയാണ് മുന്നില്‍. ഇന്ത്യയുടെ മോദി നിശബ്ദനാണ്. തീരുവ ഉപരോധമുണ്ടെങ്കിലും വിദേശനയത്തില്‍ അമേരിക്കയ്‌ക്കൊപ്പം നില്‍ക്കാനാണ് മോദിയുടെ ഇന്ത്യയുടെ തീരുമാനം. വിദേശ മന്ത്രാലയത്തിന്റെ ഏക പ്രസ്താവന വെനസ്വേലയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കിയ ജാഗ്രതാ സന്ദേശം മാത്രമാണ്.
ബ്രസീലും ചൈനയും മറ്റും ഉന്നയിച്ചതുപോലെ ഏറ്റവും ഗൗരവമായ ചോദ്യം ഇത്തരത്തില്‍ ഏകപക്ഷീയമായി ഒരു പരമാധികാര രാജ്യത്തിനുള്ളില്‍ കടന്നാക്രമണം നടത്താനും ഭരണാധികാരിയെ തടവിലാക്കാനും സ്വന്തം രാജ്യത്ത് കൊണ്ടുപോയി വിചാരണ നടത്താനും ഏതെങ്കിലും രാജ്യത്തിന് അവകാശമുണ്ടോ? എല്ലാ സാര്‍വദേശീയ നിയമങ്ങള്‍ക്കും വിരുദ്ധമാണ് അമേരിക്കയുടെ നടപടി,’ അദ്ദേഹം എഴുതി.
ട്രംപിന്റെ നടപടികളെ ന്യൂയോര്‍ക് മേയര്‍ സോഹ്‌റാന്‍ മംദാനിയും വിമര്‍ശിച്ചിരുന്നു. അമേരിക്കന്‍ പ്രതിപക്ഷ നേതാവ് ബേര്‍ണി സാന്‍ഡേഴ്‌സും വെനസ്വലെയെ ആക്രമിച്ച നടപടികളെ വിമര്‍ശിച്ചു.
എപ്സ്റ്റിന്‍ ഫയല്‍സില്‍ പേര് ഉള്‍പ്പെട്ടതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ട്രംപിന്റെ വഷളന്‍ തന്ത്രമാണ് ഇതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കൊളോണിയല്‍ കൊള്ളയ്ക്ക് സമാനമായൊരു അധിനിവേശമാണ് അമേരിക്ക വെനസ്വേലയില്‍ നടത്തിയത്. ട്രംപ് അത് മറച്ചുവയ്ക്കുന്നില്ലായെന്നു മാത്രമല്ല, വീമ്പിളക്കുകയുമാണ്.
മഡൂറോയെ ബന്ധനസ്ഥനാക്കിയശേഷം ട്രംപ് നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ ഒരു റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു: ”അമേരിക്ക ആ രാജ്യം ഭരിക്കുന്ന വേളയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിദ്ധ്യം അവിടെ ഉണ്ടാകുമോ?”
ട്രംപിന്റെ മറുപടി ഇതാണ്: ”എണ്ണയുമായി ബന്ധപ്പെട്ട് വെനസ്വേലയില്‍ നമുക്ക് ശക്തമായ സാന്നിദ്ധ്യമുണ്ടാകും. അവിടെ മണ്ണിനടിയില്‍ നിന്ന് ഭീമമായ സമ്പത്ത് നമ്മള്‍ പുറത്തെടുക്കാന്‍ പോവുകയാണ്…. ആ രാജ്യം അമേരിക്കയ്ക്ക് ഉണ്ടാക്കിയ നഷ്ടത്തിന് പരിഹാരമായി അത് അമേരിക്കയ്ക്ക് കിട്ടിയേ തീരൂ.”
വാള്‍സ്ട്രീറ്റ് ഉത്സാഹതിമിര്‍പ്പിലാണ്. 1990-കളില്‍ റഷ്യയിലേക്ക് തിക്കിത്തിരക്കിട്ട് അമേരിക്കന്‍ മുതലാളിമാര്‍ പോയതിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ കമ്പനികളുടെ 20 അംഗ സംഘം വെനസ്വേലയിലേക്ക് പോകുന്നുവെന്ന് ആദ്യദിനം തന്നെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പത്രം വെളിപ്പെടുത്തിക്കഴിഞ്ഞു.
ഇടനിലക്കാരെവച്ചൊന്നുമല്ല നേരിട്ട് ഭരിക്കാനാണ് ട്രംപിന് ആഗ്രഹം. മഡൂറൊയ്ക്ക് പകരം സ്ഥാനാരോഹണം നടത്താന്‍ വേണ്ടി വെനസ്വേല പ്രതിപക്ഷ നേതാവ് മറിയ കൊറിയ മച്ചാഡോയ്ക്ക് നൊബേല്‍ സമ്മാനം നല്‍കി ഒരുക്കിയിരുന്നു. എന്നാല്‍ അത്തരമൊരു അധികാര കൈമാറ്റം ട്രംപ് തള്ളിക്കളഞ്ഞു. ”അവര്‍ക്ക് ആ രാജ്യത്തിനുള്ളില്‍ അത്തരം ബഹുമാനമോ പിന്തുണയോ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.”
പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കന്‍ പ്രസിഡന്റ് മണ്‍റോ അമേരിക്കന്‍ വന്‍കരയില്‍ വിദേശശക്തികള്‍ക്ക് സ്ഥാനമുണ്ടാകില്ലായെന്നു പ്രഖ്യാപിച്ചിരുന്നു. ഈ മണ്‍റോ തിട്ടൂരം ട്രംപ് പുനപ്രതിഷ്ഠിച്ചിരിക്കുകയാണ്.
അമേരിക്കന്‍ വന്‍കര അമേരിക്കയുടേതാണ്. ചൈനയോ റഷ്യയോ അവിടെ സ്വാധീനം ചെലുത്തണ്ട. എന്നുവച്ചാല്‍ ലാറ്റിനമേരിക്കയിലെ മറ്റ് ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ ഭീഷണിയും ട്രംപ് ഉയര്‍ത്തിക്കഴിഞ്ഞു. ചൈനയെ അമേരിക്കന്‍ വന്‍കരയില്‍ നിന്ന് പുറത്താക്കുകയാണ് അമേരിക്കയുടെ പ്രധാന ഉന്നം.
ഇന്ത്യ ഒഴികെ ബ്രിക്‌സ് രാജ്യങ്ങളെല്ലാം അമേരിക്കന്‍ വെനസ്വേലന്‍ അധിനിവേശത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. ബ്രസീലിലെ ലുലയാണ് മുന്നില്‍. ഇന്ത്യയുടെ മോദി നിശബ്ദനാണ്. തീരുവ ഉപരോധമുണ്ടെങ്കിലും വിദേശനയത്തില്‍ അമേരിക്കയ്‌ക്കൊപ്പം നില്‍ക്കാനാണ് മോദിയുടെ ഇന്ത്യയുടെ തീരുമാനം. വിദേശമന്ത്രാലയത്തിന്റെ ഏക പ്രസ്താവന വെനസ്വേലയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കിയ ജാഗ്രതാ സന്ദേശം മാത്രമാണ്.
ബ്രസീലും ചൈനയും മറ്റും ഉന്നയിച്ചതുപോലെ ഏറ്റവും ഗൗരവമായ ചോദ്യം ഇത്തരത്തില്‍ ഏകപക്ഷീയമായി ഒരു പരമാധികാര രാജ്യത്തിനുള്ളില്‍ കടന്നാക്രമണം നടത്താനും ഭരണാധികാരിയെ തടവിലാക്കാനും സ്വന്തം രാജ്യത്ത് കൊണ്ടുപോയി വിചാരണ നടത്താനും ഏതെങ്കിലും രാജ്യത്തിന് അവകാശമുണ്ടോ? എല്ലാ സാര്‍വ്വദേശീയ നിയമങ്ങള്‍ക്കും വിരുദ്ധമാണ് അമേരിക്കയുടെ നടപടി.
പുതിയ ന്യുയോര്‍ക്ക് മേയര്‍ സൊഹ്‌റന്‍ മംദാനി ഏറ്റവും ശക്തമായ പ്രസ്താവനയാണ് ഇറക്കിയത്. ”ഒരു പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് ഒരു യുദ്ധപ്രഖ്യാപനമാണ്. രാജ്യത്തെ ഫെഡറല്‍ നിയമത്തിന്റെയും അന്തര്‍ദേശീയ നിയമത്തിന്റെയും ലംഘനമാണ്.”
അമേരിക്കയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് ബേര്‍ണി സാന്റേഴ്‌സ് ട്രംപിന്റെ നടപടിക്ക് അമേരിക്കന്‍ നിയമത്തിന്റെ പിന്തുണയില്ലായെന്നാണ് പ്രസ്താവിച്ചിരിക്കുന്നത്.
അമേരിക്കന്‍ കോണ്‍ഗ്രസിന് മാത്രമേ യുദ്ധപ്രഖ്യാപനത്തിന് അവകാശമുള്ളൂ. എന്തുകൊണ്ട് ഇപ്പോള്‍ പെട്ടെന്നൊരു കടന്നാക്രമണം? കാരണം, ബാലലൈംഗിക ഇടപാടുകാരന്‍ എപ്സ്റ്റീന്റെ ഫയലുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതില്‍ ട്രംപിനും പ്രമുഖസ്ഥാനമുണ്ട്. ഇതില്‍ നിന്ന് ശ്രദ്ധതിരിക്കേണ്ടത് വഷളന്‍ ട്രംപിന്റെ ആവശ്യമാണ്.
വെനസ്വേല കടന്നാക്രമണം അമേരിക്കയുടെ സര്‍വ്വപ്രതാപത്തിന്റെ പ്രകടനമായി കാണുന്നവരാണ് ഏറെ. എന്നാല്‍ അത് അമേരിക്കയുടെ ദൗര്‍ബല്യങ്ങളില്‍ നിന്ന് കരകയറാനുള്ള കൈവിട്ടകളിയായി കാണുന്നവരും ഏറെയുണ്ട്. എണ്ണ മാര്‍ക്കറ്റില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇത് സഹായിക്കും. ഉഭയകക്ഷി ഇടപാടിനുപോലും സ്വന്തം കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് എണ്ണരാജ്യങ്ങളെ ഭീഷണിപ്പെടുത്തി മാറ്റാം. ഡോളറിനെ രക്ഷിക്കാം. സാമ്പത്തികമായി പിന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ് അമേരിക്ക. തങ്ങളുടെ സൈനിക ശക്തി തന്നെയാണ് ഏറ്റവും വലുതെന്ന് ലോകത്തെ ബോധ്യപ്പെടുത്താം.
എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകില്ല. വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പ്രതിരോധത്തിന് ആഹ്വാനം ചെയ്തു കഴിഞ്ഞു. അമേരിക്കന്‍ പട്ടണങ്ങളിലെല്ലാം സ്വമേധയാ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. നമ്മുടെ നാട്ടിലും പ്രതിഷേധം ഉയരണം. ട്രംപിനെതിരെ മാത്രമല്ല, ട്രംപിനെ പിന്താങ്ങുന്ന മോദിക്കെതിരായും.
Content Highlight: Thomas Isaac slams Donald Trump