ഊരാളുങ്കലിനെതിരായ നീക്കം ഏകോപിക്കുന്നത് ലീഗ് കോണ്‍ട്രാക്ടര്‍ പ്രമാണിമാര്‍: തോമസ് ഐസക്
Kerala News
ഊരാളുങ്കലിനെതിരായ നീക്കം ഏകോപിക്കുന്നത് ലീഗ് കോണ്‍ട്രാക്ടര്‍ പ്രമാണിമാര്‍: തോമസ് ഐസക്
ആദര്‍ശ് എം.കെ.
Thursday, 23rd April 2026, 9:51 pm

 

തിരുവനന്തപുരം: മരാമത്ത് മേഖലയില്‍ നടമാടിയിരുന്ന അരാജകത്വവും അഴിമതിയും തിരിച്ചുകൊണ്ടുവരാനാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹാലിളക്കമെന്ന് ഡോ. തോമസ് ഐസക്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം പ്രതിപക്ഷത്തെ വിമര്‍ശിച്ചത്.

ലീഗുമായി ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍ പ്രമാണിമാരുടെ ഒരു വിഭാഗമാണ് ഇത് ഏകോപിപ്പിക്കുന്നതെന്ന ആക്ഷേപമുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

ചില മാധ്യമങ്ങളും ഇവര്‍ക്കൊപ്പമുണ്ട്. ഇപ്പോള്‍ അവരോടൊപ്പം കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നിരിക്കുകയാണ്. കിഫ്ബി പദ്ധതികളില്‍ പ്രതിപക്ഷത്തിനു പോലും ഇന്നേവരെ ഒരു അഴിമതി ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയൊരു നിലവാര പ്രമാണം കിഫ്ബിയും ഊരാളുങ്കലുമെല്ലാം ചേര്‍ന്ന് കേരളത്തിലെ പൊതു മരാമത്ത് മേഖലയില്‍ സൃഷ്ടിച്ചു.

കേരളത്തിലെ പല പ്രമുഖ കോണ്‍ട്രാക്ടര്‍മാര്‍ക്കും ഇതിനോട് വിരോധവുമില്ല. എന്നാല്‍ അതിനോടു പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരു സംഘമുണ്ട്. അവരാണ് ഊരാളുങ്കലിനെതിരെ അപഖ്യാതിയുമായി ഇറങ്ങിയിട്ടുള്ളത്.

ഇങ്ങനെ അസ്വസ്ഥത ഉണ്ടാകേണ്ട കാര്യമില്ല. കാരണം, കഴിഞ്ഞ ദശാബ്ദമെടുത്താല്‍ ഏതാണ്ട് 1.5 ലക്ഷം കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് കേരളത്തില്‍ ടെണ്ടര്‍ വിളിച്ചിട്ടുള്ളത്. ഇത്രയും പണി ഏറ്റെടുക്കാന്‍ വേണ്ടത്ര കോണ്‍ട്രാക്ടര്‍മാര്‍ കേരളത്തില്‍ ഇല്ലായെന്നതാണ് സര്‍ക്കാര്‍ നേരിട്ട പ്രശ്നങ്ങളിലൊന്ന്.

പല വന്‍കിട പ്രൊജക്ടുകളും പുറത്തുള്ള കോര്‍പ്പറേറ്റ് കമ്പനികളാണ് ടെണ്ടര്‍ പിടിക്കുക. എന്നിട്ട് അവര്‍ സബ് കൊടുക്കും. ഊരാളുങ്കലിന് ഈ ഏര്‍പ്പാടില്ല. നേരിട്ടാണ് പദ്ധതി നിര്‍വഹണം. ഇവിടെ നിന്നാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. കോണ്‍ട്രാക്ട് കിട്ടിയാല്‍ പോരാ. പഴയതുപോലെ കൈയിട്ടുവാരാന്‍ അവസരമുണ്ടാകണം.

സി.പി.ഐ.എമ്മുമായി ചേര്‍ത്താണ് ഊരാളുങ്കളിനെ ആക്ഷേപിക്കുന്നത്. ഈ സഹകരണ സംഘത്തിന്റെ ഒരു പ്രത്യേകത പലരും ഓര്‍ക്കാറില്ല. തൊഴിലാളികള്‍ക്കേ അംഗത്വമുള്ളൂ. അംഗങ്ങള്‍ക്കേ ഡയറക്ടര്‍ ബോര്‍ഡില്‍ സ്ഥാനമുള്ളൂ. മറ്റു പല സഹകരണ സംഘങ്ങളിലെന്നപോലെ പുറത്തു നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് സ്ഥാനമില്ല.

ഇന്ത്യയിലെ കോ-ഓപ്പറേറ്റീവ് കണ്‍സ്ട്രക്ഷന്‍ കമ്പനികളോട് മത്സരിച്ച് ദേശീയപാത ടെണ്ടറില്‍പ്പോലും പങ്കെടുത്ത് വിജയിപ്പിക്കാനുള്ള മികവ് ഊരാളുങ്കല്‍ തെളിയിച്ചിട്ടുണ്ട്. ഊരാളുങ്കലിന് ടെണ്ടര്‍ ഇല്ലാതെ കരാര്‍ കൊടുക്കാനുള്ള അക്രെഡിറ്റഡ് പദവി നല്‍കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: Thomas Isaac criticizes opposition move against ULCCS

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.