എഡിറ്റര്‍
എഡിറ്റര്‍
തോമസ് ചാണ്ടി മന്ത്രിയാകും; തീരുമാനം ഇടതുമുന്നണിയെ അറിയിക്കുമെന്ന് എന്‍.സി.പി
എഡിറ്റര്‍
Tuesday 28th March 2017 1:05pm

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തില്‍ എന്‍.സി.പിയുടെ തോമസ് ചാണ്ടി മന്ത്രിപദവി ഏറ്റെടുക്കുമെന്ന് എന്‍.സി.പി.

തീരുമാനം കേന്ദ്രത്തെ അറിയിക്കും. അതിന് ശേഷം മുഖ്യമന്ത്രിയേയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും അറിയിക്കും. അതിന്റെ നടപടി ക്രമമനുസരിച്ച് പുതിയ മന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

എ.കെ ശശീന്ദ്രന്‍ തന്നെയാണ് തോമസ് ചാണ്ടി മന്ത്രിയാകണമെന്ന ആവശ്യം പറഞ്ഞത്. എല്ലാവരും ഒരേസ്വരത്തില്‍ ഈ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

എല്‍.ഡി.എഫിന്റേയും കേന്ദ്രത്തിന്റേയും അംഗീകാരം ഉടന്‍ കിട്ടുമെന്നാണ് കരുതുന്നത്. എ.കെ ശശീന്ദ്രനെ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണം തെളിയിക്കപ്പെടണം. അദ്ദേഹം സത്യസന്ധനാണ് എന്ന കാര്യം ജനങ്ങള്‍ക്ക് മനസിലാകും എന്നതില്‍ സംശയമില്ല.

മന്ത്രിസ്ഥാനം ഭാരിച്ച ഉത്തരവാദിത്തമാണെന്ന് തോമസ് ചാണ്ടി പറഞ്ഞു പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി എ.കെ ശശീന്ദ്രന്റെ പേര് താന്‍ നിര്‍ദേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശശീന്ദ്രന്‍ കുറ്റവിമുക്തനായി എത്തിയാല്‍ താന്‍ ഒഴിഞ്ഞുകൊടുക്കും. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement