ചെന്നൈ: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തോള്‍ തിരുമാവളവന്റെ വിടുതലൈ ചിരുതൈഗല്‍ കച്ചി (വി.സി.കെ). മൂന്ന് മണ്ഡലങ്ങളിലാണ് വി.സി.കെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ഊസുട്, നെട്ടപ്പാക്കം, ഉഴവര്‍ക്കരൈ എന്നീ മണ്ഡലങ്ങളിലാണ് വി.സി.കെ മത്സരരംഗത്തുള്ളത്. ഈ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഇതിനകം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ഈ മണ്ഡലങ്ങളൊഴികെ തങ്ങള്‍ മത്സരിക്കാത്ത മറ്റ് മണ്ഡലങ്ങളില്‍ ഡി.എം.കെയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സെക്കുലര്‍ പ്രോഗ്രസ്സീവ് അലയന്‍സിന് പിന്തുണ നല്‍കുമെന്നും തോള്‍ തിരുമാവളവന്‍ വ്യക്തമാക്കി.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികള്‍ക്കിടയിലുണ്ടായ അനിശ്ചിതത്വമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി
‘വി.സി.കെയും സി.പി.ഐയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഏത് മണ്ഡലമാണ് ഒടുവില്‍ അനുവദിക്കുക എന്ന കാര്യത്തില്‍ വി.സി.കെയ്ക്ക് ഇപ്പോഴും വ്യക്തതയില്ല. ഇത് ഞങ്ങളുടെ പാര്‍ട്ടി ഭാരവാഹികള്‍ക്ക് അനാവശ്യമായ മാനസിക വിഷമമുണ്ടാക്കിയിരിക്കുകയാണ്,’
സഖ്യത്തില്‍ ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി, മറ്റ് സഖ്യകക്ഷികള്‍ക്ക് സീറ്റുകള്‍ അനുവദിക്കാന്‍ തയ്യാറായിട്ടില്ല. ഡി.എം.കെയുടെ ഭാഗത്ത് നിന്ന് ഒരു സീറ്റ് വി.സി.കെയ്ക്ക് നല്‍കാനുള്ള നിര്‍ദേശം വന്നിരുന്നു. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചിട്ടും അത് ഏത് മണ്ഡലമാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല,’ തോള്‍ തിരുമാവളവന്‍ പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളാണ് വി.സി.കെ ആവശ്യപ്പെട്ടിരുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും കോണ്‍ഗ്രസും ഡി.എം.കെയും തമ്മിലുള്ള സീറ്റ് വിഭജനം മാത്രമാണ് പൂര്‍ത്തിയായത്. ഇതില്‍ കോണ്‍ഗ്രസ് 16 സീറ്റുകളിലും ഡി.എം.കെ 14 സീറ്റുകളിലുമാണ് മത്സരിക്കുന്നത്
വര്‍ഷങ്ങളായി പുതുച്ചേരിയില്‍ എസ്.പി.എയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വി.സി.കെ, സീറ്റ് വിഭജനത്തിലെ അനിശ്ചിതത്വം മൂലമാണ് ഇത്തവണ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ മൂന്ന് മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
പുതുച്ചേരിയില്‍ നിലവില്‍ എന്‍.ആര്‍ കോണ്‍ഗ്രസ് – ബി.ജെ.പി സഖ്യമാണ് ഭരണത്തിലുള്ളത്. 2021ല്‍ ആകെയുള്ള 30ല്‍ 16 സീറ്റുകള്‍ നേടിയാണ് പുതുച്ചേരിയില്‍ ബി.ജെ.പി സഖ്യം അധികാരത്തിലെത്തിയത്. ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസ് പത്ത് സീറ്റും ബി.ജെ.പി ആറ് സീറ്റും സ്വന്തമാക്കി. ഡി.എം.കെ – കോണ്‍ഗ്രസ് സഖ്യം എട്ട് സീറ്റിലൊതുങ്ങി.
ആറിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു. ഇവരില്‍ ഭൂരിഭാഗവും എന്‍.ഡി.എ സഖ്യത്തിനാണ് പിന്തുണ നല്‍കിയത്. എന്‍.ഡി.എയ്ക്ക് സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കുന്നതില്‍ സ്വതന്ത്രരുടെ പിന്തുണ നിര്‍ണായകമായിരുന്നു.
Content Highlight: Thol Thirumavalavan’s Vidutthalai Chiruthaigal Katchi to contest alone in Puducherry Assembly elections