തൊടുപുഴയില്‍ യു.ഡി.എഫും ബി.ജെ.പിയും ഒരുമിച്ചു; എല്‍.ഡി.എഫിന് നഗരസഭാ ഭരണം നഷ്ടമായി
kERALA NEWS
തൊടുപുഴയില്‍ യു.ഡി.എഫും ബി.ജെ.പിയും ഒരുമിച്ചു; എല്‍.ഡി.എഫിന് നഗരസഭാ ഭരണം നഷ്ടമായി
ന്യൂസ് ഡെസ്‌ക്
Friday, 25th January 2019, 6:33 pm

ഇടുക്കി: തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. എല്‍.ഡി.എഫ് ചെയര്‍പഴ്സനെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെയാണ് എല്‍.ഡി.എഫിന്റെ ഭരണം പോയത്. അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് പാസായത്.

യു.ഡി.എഫിലെ 14 പേരും ബി.ജെ.പിയിലെ എട്ട് പേരും പ്രമേയത്തെ അനുകൂലിച്ചു. എല്‍.ഡി.എഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.

ഇതോടെയാണ് സി.പി.ഐ.എം ചെയര്‍പേഴ്സണ്‍ മിനി മധുവിന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഭരണസമിതിക്ക് അന്ത്യമായത്. 35 അംഗ നഗരസഭാ കൗണ്‍സിലില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. യു.ഡി.എഫ് 14, എല്‍.ഡി.എഫ് 13, ബി.ജെ.പി എട്ട് എന്നിങ്ങനെയാണ് കക്ഷിനില.

Read Also : വേദിയില്‍ ഹൃദയാഘാതം വന്ന് ഒരാള്‍ വീണിട്ടും പ്രസംഗം നിര്‍ത്താതെ മോദി; തെന്നിവീണ ഫോട്ടോഗ്രാഫര്‍ക്കരികില്‍ ഓടിയെത്തി സഹായിച്ച് രാഹുല്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ചെയര്‍പഴ്സണ്‍ തെരഞ്ഞെടുപ്പ് വോട്ടെട്ടുപ്പില്‍നിന്നു ബി.ജെ.പി വിട്ടുനിന്നതിനെ തുടര്‍ന്ന് ഒരാളുടെ ഭൂരിപക്ഷത്തില്‍ 2015-ല്‍ യു.ഡി.എഫ് അധികാരത്തിലേറിയിരുന്നു. മുസ്ലീംലീഗിലെ സഫിയ ജബ്ബാറാണു അന്ന് ചെയര്‍പേഴ്സനായത്.

യുഡിഎഫ് ധാരണ പ്രകാരം കഴിഞ്ഞ വര്‍ഷം മേയില്‍ സഫിയ ജബ്ബാര്‍ രാജി വെച്ചതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം ടി.കെ. സുധാകരന്‍ നായരുടെ വോട്ട് അസാധുവായി. തുല്യ വോട്ടു വന്നതിനെ തുടര്‍ന്നു നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിലെ മിനി മധു ചെയര്‍പഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു.

യു.ഡി.എഫിലെ ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് എമ്മിനാണ് ചെയര്‍പഴ്സന്‍ സ്ഥാനം. പുതിയ ചെയര്‍പേഴ്സനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിലും ബി.ജെ.പി യു.ഡി.എഫിനൊപ്പം നിന്നേക്കുമെന്നാണ് സൂചന.