വിപ്ലവങ്ങളെ ചതുരവിടവിലൂടെ ഒളിഞ്ഞുനോക്കി രതിമൂര്‍ച്ഛ കൊള്ളുന്നവര്‍ മാത്രമായിട്ടും മലയാളികള്‍ ഇങ്ങനെ അടുക്കും ചിട്ടയുമില്ലാത്ത തലകളുമായി കുറച്ചു ദിവസമെങ്കിലും ഒത്തുകൂടുന്നത് ആരെയൊക്കെയാണ് അസ്വസ്ഥപ്പെടുത്താത്തത്…?![]()

എസ്സേയ്‌സ് / കെ.എ. സൈഫുദ്ദീന്‍

ഈജിപ്തിലെ തെഹ്രീര്‍ സ്‌ക്വയറും തിരുവനന്തപുരത്തെ തമ്പാന്നൂരും തമ്മില്‍ ഒരു ബന്ധവുമില്ല. പക്ഷേ, തെഹ്രീര്‍ സ്‌ക്വയറില്‍ വിപ്ലവത്തിന്റെ വെളുത്ത പൂക്കള്‍ വിടരുന്നതിനു മുമ്പുതന്നെ തമ്പാന്നൂരില്‍ എല്ലാ ഡിസംബര്‍ മാസത്തിലെയും കുളിരുള്ള രാപ്പകലുകളില്‍ പല പൂക്കളും മൊട്ടിട്ടു നില്‍ക്കാറുണ്ടായിരുന്നു. വിപ്ലവത്തിന്റെ വസന്ത പുഷ്പങ്ങളായി അവ വിടര്‍ന്ന് മലര്‍ന്നില്ല എന്നു മാത്രം.[]
അടക്കിപ്പിടിച്ച ആവിഷ്‌കാര ബോധങ്ങളുടെ മേല്‍ ഭരണകൂടങ്ങളുടെ ബുള്‍ഡോസറുകള്‍ ഉരുളുമ്പോഴാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് തെഹ്രീര്‍ സ്‌ക്വയര്‍ സംഭവിക്കുന്നത്. അറബ് ലോകത്ത് കേട്ടറിവില്ലാത്ത വിധം ചോരകൊണ്ടും കണ്ണീരു കൊണ്ടും രചിക്കപ്പെട്ട ചരിത്രമായി അത് മാറി.
തമ്പാന്നൂരില്‍ പക്ഷേ, ചോരയും കണ്ണീരുമൊന്നും ചാലിട്ടൊഴുകി ഓടകളില്‍ തിടംവെച്ച് കിടന്നിട്ടില്ല. പകരം വെടിപ്പുകകള്‍ പുകഞ്ഞ തിരശ്ശീലകളും കണ്ണീര്‍ പതഞ്ഞ കാഴ്ചകളും കൊണ്ട് ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കുമെന്ന് തോന്നിപ്പിക്കുന്ന ചില രാപ്പകലുകളുടെ കാവല്‍പ്പുരകളായ കുറേ തിയറ്ററുകളെ മാറ്റി.
സിനിമ എന്നത് അത്രമേല്‍ നിസ്സാരമായ അനുഭവത്തിന്റെ രണ്ട് രണ്ടര മണിക്കൂര്‍ തള്ളിവിടല്‍ അല്ല എന്ന് മനസ്സിലാക്കിയ ഒരു വലിയ കാഴ്ചക്കൂട്ടമാണ് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്ന് പേരിട്ട ഈ ദൃശ്യവിപ്ലവത്തിലേക്ക് ഓരോ വര്‍ഷവും മനസ്സ് ചേര്‍ത്ത് വെച്ചത്. ഓരോ വര്‍ഷവും ആള്‍ക്കൂട്ടം പെരുകിവന്നു. കൈരളിയുടെ പടവുകള്‍ എന്നത് മലയാള ചലച്ചിത്ര ബോധത്തിന്റെ ക്ലീഷേ ആയി മാറി.
ഡിസംബറിലെ എട്ടു നാളിന്റെ ആ മണ്ഡല കാലത്ത് അവിടെ ഒരു ദിവസമെങ്കിലും കയറി നിന്നില്ലെങ്കില്‍ വിപ്ലവ ലേബലിന് ഇടിവ് തട്ടുമെന്ന് വിശ്വസിച്ച് ആവേശത്തോടെ എത്തിയവരില്‍ പ്രായദേശ ഭേദം തൊട്ടു തീണ്ടിയിരുന്നില്ല. മത ജാതി ബോധങ്ങള്‍ തെല്ലും ബാധിച്ചിരുന്നില്ല.
നിഷിദ്ധത്തിന്റെ കാഴ്ചാവട്ടങ്ങളില്‍ സമാധിയടഞ്ഞിരുന്നവര്‍ പോലും പ്യൂപ്പ പൊട്ടിച്ച് പുറത്ത് വന്ന് കലാഭവനിലും കൈരളിയിലും ശ്രീയിലും അജന്തയിലും ശ്രീപത്മനാഭയിലുമെല്ലാം സ്വാതന്ത്ര്യത്തിന്റെ “അണ്‍കട്ട്” കാഴ്ചകളായി പറന്നുനടന്നു.
പതിനേഴ് വയസ്സിലേക്ക് ചേക്കയുണരുന്ന മേളയില്‍ പക്ഷേ, സിനിമ കേവലം സൗന്ദര്യാത്മകമായ ചര്‍ച്ച മാത്രമായിരുന്നില്ല. കാണാത്ത, അറിയാത്ത ദേശങ്ങളുടെ ഉള്‍പ്പിടപ്പുകളെ സ്വന്തം ദേശത്തിന്റെ രാഷ്ട്രീയത്തോട് ചേര്‍ത്തുവെച്ച് ചിന്തിച്ച ഒരു കൂട്ടത്തെ അത് സൃഷ്ടിച്ചു.
ലാറ്റിനമേരിക്കയിലെ വിപ്ലവവസന്തങ്ങളായിരുന്നു ഒരു കാലത്ത് പ്രിയം. പിന്നെ യൂറോപ്പും ഇറാനും ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളുടെ ഇരുള്‍ മൂടിയ കാഴ്ചകളുമൊക്കെ കൊണ്ട് തിരശ്ശീല വിറകൊണ്ടു നിന്നു. മധ്യേഷ്യയുടെ രാഷ്ട്രീയ അസ്വാസ്ഥ്യങ്ങളും അധിനിവേശത്തിന്റെ അരക്ഷിതത്വവും നിഷ്‌കാസിതന്റെ നൊമ്പരങ്ങളുമൊക്കെ ചേര്‍ന്ന് സിനിമ മറ്റ് പലതുമായിക്കൊണ്ടിരുന്നു.
സിനിമ കണ്ട് ചര്‍ച്ച ചെയ്തു പോവുക മാത്രമായിരുന്നില്ല. പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്‍െയുമൊക്കെ തിയറ്ററിലെ ഇരുട്ടിന് പുറത്ത് പകല്‍ വെളിച്ചത്തില്‍ പിറവിയെടുത്തുകൊണ്ടിരുന്നു. മുല്ലപ്പെരിയാറും മഅദനിയും ഷാഹിനയും ആദിമധ്യാന്തവുമൊക്കെ പുറത്തെ ചര്‍ച്ചകളില്‍ കത്തിപ്പടര്‍ന്നു.![]()

സിനിമ കണ്ട് ചര്‍ച്ച ചെയ്തു പോവുക മാത്രമായിരുന്നില്ല. പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്‍െയുമൊക്കെ തിയറ്ററിലെ ഇരുട്ടിന് പുറത്ത് പകല്‍ വെളിച്ചത്തില്‍ പിറവിയെടുത്തുകൊണ്ടിരുന്നു. മുല്ലപ്പെരിയാറും മഅദനിയും ഷാഹിനയും ആദിമധ്യാന്തവുമൊക്കെ പുറത്തെ ചര്‍ച്ചകളില്‍ കത്തിപ്പടര്‍ന്നു.
കവിതയുടെ വേലിയേറ്റം കൊണ്ട് ഒരു കാലത്ത് അയ്യപ്പന്‍ നിറച്ച കൈരളിയുടെ പടവുകള്‍ ഇപ്പോള്‍ ശൂന്യമാണ്. പണ്ട് കൈരളിയുടെ ചുറ്റുവട്ടം കുളിക്കാത്ത ബുദ്ധിജീവികള്‍ കൈയടക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഗ്ലോബല്‍ വാമിങ്ങിന്റെ അനന്തര ഫലമായി അവരുടെ വംശവും കെട്ടുപോയി.
ഓരോ വര്‍ഷവും എണ്ണം പെരുകിക്കൊണ്ടിരിക്കുന്നത് ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തി ക്കൊണ്ടിരിക്കുന്നുണ്ട്. ഇതിങ്ങനെ വളര്‍ന്നുപോയാല്‍, തെഹ്രീര്‍ സ്‌ക്വയര്‍ പോലെങ്ങാനുമായി പോയാല്‍ എന്തു ചെയ്യും എന്ന് ചിലര്‍ എങ്കിലും ആശങ്കപ്പെടുന്നു. അതുകൊണ്ട് എണ്ണം ചുരുക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
വിപ്ലവങ്ങളെ ചതുരവിടവിലൂടെ ഒളിഞ്ഞുനോക്കി രതിമൂര്‍ച്ഛ കൊള്ളുന്നവര്‍ മാത്രമായിട്ടും മലയാളികള്‍ ഇങ്ങനെ അടുക്കും ചിട്ടയുമില്ലാത്ത തലകളുമായി കുറച്ചു ദിവസമെങ്കിലും ഒത്തുകൂടുന്നത് ആരെയൊക്കെയാണ് അസ്വസ്ഥപ്പെടുത്താത്തത്…?
പക്ഷേ, എട്ടു നാളുകളില്‍ ചില വിപ്ലവ സീല്‍ക്കാരങ്ങള്‍ പുറപ്പെടും എന്നല്ലാതെ ഒമ്പതാം നാള്‍ ഒരു ഉലക്കപ്പുണ്ണാക്കും സംഭവിക്കില്ല എന്ന് ആരെങ്കിലും പറഞ്ഞാലും തെറ്റ് പറയാനില്ല…
