ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സഹരന്‍പൂരിലെ ദേശീയ പാതയില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങളുമായി ചുവരെഴുത്ത്.
‘ഈ റോഡ് മുസ്‌ലിങ്ങള്‍ക്കുള്ളതല്ല’ എന്ന് സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് എഴുതുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ വന്യ ജീവി ഇടനാഴി എന്നറിയപ്പെടുന്ന രാജാജി ടൈഗര്‍ റിസര്‍വിലൂടെ കടന്നുപോവുന്ന 12 കിലോമിറ്റര്‍ ഉയരമുളള സ്ഥലത്താണ് ചുവരെഴുത്ത് കണ്ടെത്തിയത്.
ഹിന്ദു രക്ഷാദളിന്റെ വനിതാ വിഭാഗത്തിലെ അംഗങ്ങളാണ് പ്രവൃത്തി ചെയ്തതെന്ന് അവകാശപ്പെട്ടുകൊണ്ട് സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
സംഭവം വിവാദമായതോടെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുക്കുകയും വിദ്വേഷങ്ങള്‍ കറുത്ത പെയിന്റടിച്ച് മായ്ച്ച് കളയുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോയില്‍ രണ്ട് സ്ത്രീകള്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ചുവരില്‍ എഴുതുന്നതായും ശേഷം ജയ്ശ്രീറാം വിളിക്കുന്നതായും കാണാം.
Honda Shernis are vandalising public property and writing “This Road is not for Muslims” in U.P.
Let me tell you all such mfs, India is for everyone. They can cry a river, build a bridge and get over it
Infact India would be a better place without scums like these fake Hindus. pic.twitter.com/GKu3Ym8Ho2
— Nehr_who? (@Nher_who) February 27, 2026
ഹിന്ദു രക്ഷാദള്‍ നേതാവ് ഭൂപേന്ദ്ര ചൗധരിയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ ആദ്യം പങ്കുവെച്ചത്. സന്ദേശമെഴുതിയത് തന്റെ സംഘടനയിലെ അംഗങ്ങളാണെന്നും ശരിയായ കാര്യമാണ് അവര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘റോഡുകള്‍ നിര്‍മിക്കുന്നത് എല്ലാ ഹിന്ദുക്കളുടെയും നികുതി കൊണ്ടാണ്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമേ നികുതി അടയ്ക്കുന്നുളളു. നികുതി അടയ്ക്കുന്നില്ലെങ്കില്‍ ഈ ജിഹാദികള്‍ക്ക് ദേശീയ പാതയിലൂടെ നടക്കാന്‍ അവകാശമില്ല. മുസ്‌ലിങ്ങളെ ദേശീയ പാതയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കില്ല,’ ചൗധരി പറഞ്ഞു.
നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒരു ജീവനക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹിന്ദു രക്ഷാ ദളിലെ പ്രവര്‍ത്തകര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 353(2) പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് സാഗര്‍ ജെയിന്‍ പറഞ്ഞു.
Content Highlight: ‘This road is not for Muslims’; Hindutva activists with hate messages on national highway in UP
