ആ ചര്‍ച്ചക്കിടയില്‍ പൂജയെ പറ്റി വിജയ് പറഞ്ഞത് ഇതാണ്; വെളിപ്പെടുത്തി നിര്‍മാതാവ് ദില്‍രാജു
Film News
ആ ചര്‍ച്ചക്കിടയില്‍ പൂജയെ പറ്റി വിജയ് പറഞ്ഞത് ഇതാണ്; വെളിപ്പെടുത്തി നിര്‍മാതാവ് ദില്‍രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th April 2022, 8:23 pm

ആരാധകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റ് ഏപ്രില്‍ 14 ന് റിലീസ് ചെയ്യുകയാണ്. വിജയ്‌യോടൊപ്പം പൂജ ഹെഗ്‌ഡേ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബീസ്റ്റ്. 2012 ല്‍ റിലീസ് ചെയ്ത മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പൂജയുടെ തമിഴിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ് ബീസ്റ്റ്.

വിജയ്‌ക്കൊപ്പമുള്ള ഷൂട്ടിംഗ് എക്‌സിപീരിയന്‍സ് പുതുമയുള്ള അനുഭവമായിരുന്നു എന്ന് പൂജ പറയുന്നു. അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും കൃത്യനിഷ്ഠതയും കഠിനാധ്വാനവും കണ്ട് പഠിക്കണമെന്ന് പൂജ പറയുന്നു.

തെന്നിന്ത്യയിലെ പ്രശസ്ത നിര്‍മാതാവ് ദില്‍രാജു പൂജ ഹെഗ്‌ഡേയും സംവിധായകന് നെല്‍സണുമായി നടത്തിയ അഭിമുഖത്തിലായിരുന്നു പൂജ ഇക്കാര്യം പറഞ്ഞത്. മന സ്റ്റാര്‍സ് ചാനലിലാണ് അഭിമുഖം റിലീസ് ചെയ്തത്.

‘വിജയ് സാറിനൊപ്പം വര്‍ക്ക് ചെയ്തത് വളരെപുതുമയുള്ള അനുഭവമാണ്. ഇത് അദ്ദേഹത്തിന്റെ 65ാമത്തെ സിനിമയാണ്. 65ാമത്തെ സിനിമയിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ പ്രൊഫഷണലിസം, കൃത്യനിഷ്ഠത, കഠിനാധ്വാനം ഒക്കെ കാണണം. ഇത്ര വലിയ സ്റ്റാറായിട്ടും അദ്ദേഹം വളരെ വിനയാന്വിതനാണ്.

ഏറ്റവും വലിയ കാര്യം അദ്ദേഹം മറ്റ് അഭിനേതാക്കള്‍ക്ക് സിനിമയില്‍ ഷൈന്‍ ചെയ്യാന്‍ സ്‌പേസ് തരുമെന്നതാണ്. അദ്ദേഹമാണ് ഈ സിനിമയുടെ സ്റ്റാര്‍. അദ്ദേഹത്തെ കാണാനാണ് ജനങ്ങള്‍ വരുന്നത്,’ പൂജ പറഞ്ഞു.

അതേ സമയം ദളപതി 66 ന്റെ ആലോചനകള്‍ നടന്നപ്പോള്‍ പൂജയെ പറ്റി വിജയ് പറഞ്ഞ കാര്യങ്ങള്‍ ദില്‍രാജുവും ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

‘ദളപതി 66 ല്‍ നായികയായി പൂജയെ ഞങ്ങള്‍ പരിഗണിച്ചിരുന്നു. ആ സമയത്ത് വിജയ് പൂജയെ പറ്റി പറഞ്ഞത് ഇതാണ്. പൂജ വളരെ പ്രൊഫഷണലാണ്. എല്ലായിടത്തും എന്റെയൊപ്പം അവര്‍ നില്‍ക്കുന്നുണ്ട്. ഷോട്ട് റെഡിയെന്ന് പറയുമ്പോഴേ പൂജ ക്യാമറയുടെ മുന്നിലെത്തും എന്നാണ്,’ ദില്‍ രാജു പറഞ്ഞു.

ഷോട്ട് റെഡിയെന്ന് പറഞ്ഞിട്ട് വിജയ് സാര്‍ 10 സെക്കന്റിനുള്ളിലെത്തിയാല്‍ പൂജ എട്ടു സെക്കന്റിനുള്ളിലെത്തുമെന്ന് നെല്‍സണും കൂട്ടിച്ചേര്‍ത്തു.

ബീസ്റ്റിന് ശേഷം വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന അടുത്ത വിജയ് ചിത്രം നിര്‍മിക്കുന്നത് ദില്‍രാജുവാണ്. ഈ ചിത്രത്തില്‍ രശ്മിക മന്ദാന ആണ് നായിക.

ദളപതി 66ല്‍ തെലുങ്കു താരം നാനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66.

Content Highlight: This is what Vijay said about Pooja during that discussion; Revealed by producer Dilraju