കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. ഇന്ന് (ശനി) ഉച്ചയോടെയാണ് മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത്.
കേരളത്തിലെ സാമൂഹിക മൂലധനമാണ് വയനാട്ടില്‍ കാണുന്നതെന്നും ഈ ടൗണ്‍ഷിപ്പ് ജനങ്ങള്‍ നിര്‍മിച്ച് നല്‍കിയതാണെന്നും മമ്മൂട്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമാണ് നമുക്ക് പ്രാഥമികമായി ആവശ്യമുള്ളത്. അപൂര്‍വമായാണ് ഒരു നാട്ടിലെ ജനങ്ങള്‍ ചേര്‍ന്ന് നിരാശ്രയരായ ആളുകള്‍ക്ക് സംഭാവന നല്‍കി വീട് വെച്ച് നല്‍കുന്നത്. ജനങ്ങളുടെ മനസാണ് വയനാട്ടില്‍ കാണുന്നത്. ജനങ്ങളില്‍ നിന്ന് പിരിച്ച പണം കൊണ്ടാണല്ലോ സര്‍ക്കാര്‍ ഇത് ചെയ്തത്. അപ്പോള്‍ നമ്മുടേത് കൂടിയാണിത്. കേരളത്തിന്റെ സാമൂഹിക മൂലധനമാണ് ഇവിടെ കാണുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ സാമൂഹിക മൂലധനം ഉള്ളതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് ഒന്നിനാണ് വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം. ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായും നഷ്ടപ്പെട്ട ഒന്നാം ഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറിയത്.
ചുറ്റുമതില്‍, ഗേറ്റ്, 11.42 കിലോമീറ്റര്‍ റോഡ്, ഭൂഗര്‍ഭ വൈദ്യുത-ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, സോളാര്‍ പാനല്‍, ഗ്രീന്‍ സ്പെയ്സ് തുടങ്ങിയവയും ടൗണ്‍ഷിപ്പില്‍ സജ്ജമാക്കിയിട്ടുണ്ട്.
വീട് നിര്‍മാണം തുടങ്ങി 320ാം ദിവസമാണ് ആദ്യഘട്ടം പൂര്‍ത്തിയായത്. അടുത്ത മഴ കാലത്തിന് മുമ്പ് മുഴുവന്‍ ദുരിതബാധിതര്‍ക്കും സ്വന്തം ഭൂമിയും വീടും നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.