ഇത് ഇന്ത്യയല്ല, ന്യൂസിലാന്‍ഡാണ്; സിഖുകാരുടെ പരേഡിനെതിരെ ഹക്ക പ്രതിഷേധവുമായി സ്വദേശികള്‍; സോഷ്യല്‍മീഡിയയിലും പോര്
Newzealand
ഇത് ഇന്ത്യയല്ല, ന്യൂസിലാന്‍ഡാണ്; സിഖുകാരുടെ പരേഡിനെതിരെ ഹക്ക പ്രതിഷേധവുമായി സ്വദേശികള്‍; സോഷ്യല്‍മീഡിയയിലും പോര്
അനിത സി
Monday, 22nd December 2025, 9:00 pm

ഓക്ക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡില്‍ സ്ഥിരതാമസമാക്കിയ സിഖ് വിഭാഗക്കാര്‍ നടത്തിയ മതാഘോഷ യാത്രക്ക് നേരെ ന്യൂസിലാന്‍ഡ് പൗരന്മാരുടെ പ്രതിഷേധം. ന്യൂസിലാന്‍ഡിലെ പ്രശസ്തമായ മാവോറി നൃത്തത്തിന്റെ ചുവടുകള്‍ വെച്ചാണ് സ്വദേശികള്‍ കുടിയേറ്റക്കാരായ ഇന്ത്യക്കാര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയത്. സൗത്ത് ഓക്ക്‌ലാന്‍ഡിലെ മാന്യുറേവയിലാണ് സംഭവം.

‘ഇത് ഇന്ത്യയല്ല, ന്യൂസിലാന്‍ഡാണ്’ എന്നെഴുതിയ ബാനറും കൈകളിലേന്തിയായിരുന്നു സ്വദേശികളുടെ പ്രതിഷേധം.

മാന്യൂറേവയിലെ നാന്‍ക്‌സര്‍ ഗുരുദ്വാര സംഘടിപ്പിച്ച മതറാലി തടസപ്പെടുത്തി നൂറുകണക്കിന് ന്യൂസിലാന്‍ഡ് പൗരന്മാര്‍ തെരുവിലിറങ്ങുകയായിരുന്നു.

ന്യൂസിലാന്‍ഡ് ക്രിസ്ത്യന്‍ നേതാവായ ബ്രയാന്‍ ടമാക്കിയുടെ സംഘടനയായ ഡെസ്റ്റിനി ചര്‍ച്ചിന്റെ ഭാഗമായ ട്രൂ പാട്രിയറ്റ്‌സ് ഓഫ് എന്‍സെഡ് എന്ന സംഘമാണ് സിഖുകാര്‍ക്കെതിരെ പ്രതിഷേധിച്ചതെന്നാണ് വിവരം.

ട്രൂ പാട്രിയേറ്റ്‌സ്, കിവീസ് ഫസ്റ്റ് തുടങ്ങിയ വാചകങ്ങളെഴുതിയ ടി-ഷര്‍ട്ടുകള്‍ ധരിച്ച് പ്രതിഷേധിക്കുന്ന യുവാക്കളുടെ വീഡിയോ സോഷ്യല്‍മീഡിയയിലും വൈറലായി.

ഇത് ഞങ്ങളുടെ നാടാണ്, ഇതാണ് ഞങ്ങളുടെ നിലപാട് എന്ന തലക്കെട്ടോട് കൂടി ബ്രയാന്‍ ടമാക്കി വീഡിയോ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു.

 

ഒരു രാജ്യം, ഒരു ജനത, ഒരു നിയമം, ഒരു വോട്ട്, ഒരു പതാക, ഒരേയൊരു ദൈവത്തിന് തീഴില്‍ എന്നാണ് മുദ്രാവാക്യമെന്നും എക്‌സ് പോസ്റ്റില്‍ പറയുന്നു.

അതേസമയം, സ്വദേശികളുടെ പ്രതിഷേധ മുദ്രാവാക്യം ശക്തമാവുമ്പോഴും ശാന്തമായി റോഡരികില്‍ നില്‍ക്കുന്ന റാലിക്കെത്തിയ സിഖുകാരെയും വീഡിയോയില്‍ കാണാം.

പ്രകോപനപരമായ മുദ്രാവാക്യങ്ങളും ക്രിസ്ത്യന്‍ അനുകൂല മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ മുഴക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കുടിയേറ്റക്കാര്‍ക്കെതിരെ ന്യൂസിലാന്‍ഡ് സ്വദേശികളുടെ ഇത്ര വലിയ പ്രതിഷേധം ആദ്യമായാണ്.

പ്രതിഷേധം കൈവിട്ടുപോവാതിരിക്കാന്‍ പൊലീസിടപെടലുമുണ്ടായി. മുദ്രാവാക്യം വിളിച്ച് സിഖുകാര്‍ക്കെതിരെ തിരിഞ്ഞ ജനക്കൂട്ടത്തെ പൊലീസ് നിയന്ത്രിച്ചു. പിന്നീട് സമാധാനപരമായി സിഖ് മത റാലി കടന്നുപോവുകയും ചെയ്തു.

അതേസമയം, സിഖ് റാലിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.

മറ്റൊരു രാജ്യത്ത് പോയി ഇത്തരത്തില്‍ സ്വന്തം മത താത്പര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മോശമാണെന്ന് ഒരു കൂട്ടര്‍ അഭിപ്രായപ്പെടുമ്പോള്‍ ഹക്ക പ്രതിഷേധം നടത്തിയ ന്യൂസിലാന്‍ഡുകാരുടെ കുടിയേറ്റ വിരുദ്ധ പ്രവൃത്തിയെ വിമര്‍ശിക്കുകയാണ് മറ്റുചിലര്‍.

ഇത് ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും അതിന് അധികം പ്രാധാന്യം നല്‍കേണ്ടതില്ലെന്നുമാണ് മറ്റുചിലരുടെ വാദം.

പ്രതിഷേധത്തിനിടെ സിഖുകാര്‍ കാണിച്ച സംയമനത്തെയും ചിലര്‍ പ്രശംസിക്കുന്നുണ്ട്. ഇതിനിടെ ഓക്ക്ലാന്‍ഡിലേത് ഇന്ത്യന്‍ വിരുദ്ധ പ്രതിഷേധമാണെന്നും അല്ലെന്നും തര്‍ക്കം തുടരുന്നുണ്ട്.

Content Highlight: This is not India, it is New Zealand; Natives protest against Sikh parade with haka

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍