ഈ സര്‍ക്കാര്‍ മാറേണ്ടതുണ്ട്; തൃണമൂല്‍ സര്‍ക്കാര്‍ എന്റെയും ബംഗാള്‍ ജനതയുടെയും ശത്രുവായി മാറിയിരിക്കുന്നു: മോദി
India
ഈ സര്‍ക്കാര്‍ മാറേണ്ടതുണ്ട്; തൃണമൂല്‍ സര്‍ക്കാര്‍ എന്റെയും ബംഗാള്‍ ജനതയുടെയും ശത്രുവായി മാറിയിരിക്കുന്നു: മോദി
നിഷാന. വി.വി
Sunday, 18th January 2026, 7:43 am

മാല്‍ഡ: തൃണമൂല്‍ സര്‍ക്കാര്‍ എന്റെയും ബംഗാള്‍ ജനതയുടെയും ശത്രുവായി മാറിയിരിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മാല്‍ഡയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദരിദ്രര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ ആനുകൂല്യങ്ങള്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്നും വികാരമില്ലാത്ത ക്രൂരമായ സര്‍ക്കാരാണ് മമതയുടെതെന്നും മോദി ആരോപിച്ചു.

രാജ്യത്തെ ജെന്‍സി (പുതുതലമുറ) ബി.ജെ.പിയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മുബൈയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചരിത്ര വിജയം നേടിയതായി ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പ്രസ്താവന.

തിരുവനന്തപുരത്ത് ബി.ജെ.പിയുടെ ആദ്യ മേയര്‍ അധിരകാരത്തില്‍ വന്നുവെന്നും ജെന്‍.സി ബി.ജെ.പിയുടെ വികസന മാതൃകയില്‍ എത്രത്തോളം വിശ്വസിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലെ വോട്ടര്‍മാരും ഇത്തവണ ബി.ജെ.പിയെ തെരഞ്ഞെടുക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു.

‘ഈ സര്‍ക്കാര്‍ മാറേണ്ടതുണ്ട്’ എന്ന് ബംഗാളിയില്‍ പറഞ്ഞ്‌കൊണ്ട് മമതാ ബാനാര്‍ജി സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി വിമര്‍ശനങ്ങള്‍ ഉയര്‍ത്തി.

‘ കേന്ദ്ര സര്‍ക്കാര്‍ ദരിദ്രര്‍ക്കായി അയയ്ക്കുന്ന പണം ടി.എം.സി നേതാക്കള്‍ തട്ടിയെടുക്കുകയാണ്, തൃണമൂല്‍ സര്‍ക്കാര്‍ എന്റെയും ബംഗാള്‍ ജനതയുടെയും ശത്രുവായി മാറിയിരിക്കുകയാണ്,’ പ്രധാനമന്ത്രി ആരോപിച്ചു.

കേന്ദ്ര ആരോഗ്യ പദ്ധതികളെ പോലും മമതയുടെ സര്‍ക്കാര്‍ തടഞ്ഞുവെന്നും ആയുഷ്മാന്‍ ഭാരത് അനുവദിക്കാത്ത ഏക സംസ്ഥാനം ബംഗാള്‍ ആണെന്നും മോദി ആരോപിച്ചു.

ബംഗാളിലെ ഏറ്റവും വലിയ പ്രശ്‌നം ‘നുഴഞ്ഞു കയറ്റക്കാരാണെന്നും’ അവരുടെ എണ്ണം വര്‍ധിച്ച് വരുകയാണെന്ന് പറഞ്ഞ മോദി നുഴഞ്ഞ് കയറ്റക്കാരും ഭരണ കക്ഷിയും തമ്മിലുള്ള സഖ്യം തകര്‍ക്കണമെന്നും മോദി ആഹ്വാനം ചെയ്തു.

ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഉടന്‍ നുഴഞ്ഞു കയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മാത്രമേ ബംഗാളില്‍ വികസനമുണ്ടാവുകയുള്ളുവെന്നും ഗംഗാ മാതാവിന്റെ അനുഗ്രഹത്താല്‍ വികസന നദി ഇനി ബംഗാളിലേക്കും ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബി.ജെ.പി ചരിത്ര വിജയം നേടിയിരിക്കുന്നുവെന്നും അത് സംസ്ഥാന രാഷ്ട്രീയത്തിലെ സുപ്രധാന സംഭവമാണെന്നും ബ്രിഹന്‍ മുബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ വിജയത്തെ ചൂണ്ടി കാണിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

തിരുവന്തപുരത്ത് പാര്‍ട്ടി ആദ്യത്തെ മേയറെ തെരഞ്ഞടുത്തു. ഒരു കാലത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കുക അസാധ്യമാണെന്ന് കണക്കാക്കപ്പെട്ടിരുന്ന സ്ഥലങ്ങളില്‍ പോലും ബി.ജ.പിക്ക് അഭൂതപൂര്‍വമായ പിന്തുണ ലഭിക്കുന്നുണ്ടെന്നതാണ് ഇത് കാണിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

Content Highlight: This government needs to change; Trinamool government has become an enemy of me and the people of Bengal: Modi

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.