എന്‍.എം. വിജയന്റെ കുടുംബവുമായി കരാറുണ്ട്; കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന തിരുവഞ്ചൂരിന്റെ ശബ്ദരേഖ പുറത്ത്
Kerala
എന്‍.എം. വിജയന്റെ കുടുംബവുമായി കരാറുണ്ട്; കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന തിരുവഞ്ചൂരിന്റെ ശബ്ദരേഖ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th September 2025, 10:55 am

കല്‍പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ കുടുംബവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ സംഭാഷണം പുറത്ത്. കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംഭാഷണത്തിന്റെ ഓഡിയോ റെക്കോഡാണ് വിജയന്റെ കുടുംബം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ടി. സിദ്ദീഖ് എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എ.പി. അനില്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ പരാതി പറയുന്ന സംഭഷണത്തിന്റെ ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോയാണിത്.

നേതാക്കളുടെ നിലപാടുകളോട് തനിക്ക് യോചിപ്പില്ലെന്നും ടി.സിദ്ദീഖ് പറഞ്ഞ ഒരു കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ലെന്നും സംഭാഷണത്തില്‍ തിരുവഞ്ചൂര്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം കെ.പി.സി. പ്രസിഡന്റ് തള്ളിപ്പറഞ്ഞ കരാര്‍ രേഖയുണ്ടായിരുന്നു എന്ന് ഈ സംഭാഷണത്തില്‍ തിരുവഞ്ചൂര്‍ സമ്മതിക്കുന്നുണ്ട്.

‘ഇവരെടുക്കുന്ന നിലപാടിനോട് ഒരു യോജിപ്പുമില്ലാത്ത ആളാണ്. സെറ്റില്‍മെന്റ് കറക്ടായി പാലിക്കാനുള്ളതാണ്. അല്ലാതെ ചതിക്കാന്‍ വേണ്ടിയല്ല. അതിന് വേണ്ടി എന്നെപോലെ ഒരാളെ ഉപയോഗിക്കേണ്ടതില്ല. വളരെ പ്രധാനപ്പെട്ട ആളുകളോട് സംസാരിച്ചിരുന്നു,’ തിരുവഞ്ചൂര്‍ പറഞ്ഞു.

വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുടുംബത്തിന് ഉണ്ടെന്ന് ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഒരു ഉപസമിതിയെ രൂപീകരിച്ചിരുന്നു. ഈ ഉപസമിതിയിലുണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു തിരുവഞ്ചൂര്‍.

സമിതിയുടെ റിപ്പോര്‍ട്ടില്‍ വിജയന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാമെന്നായിരുന്നു കെ.പി.സി.സി നേതൃത്വം ഉറപ്പ് നല്‍കിയത്. ഇതേതുടര്‍ന്ന് ഒരു കരാര്‍ ഉറപ്പിക്കുകയായിരുന്നു. ഇതോടെ കെ.പി.സി.സി ഭാരവാഹിയായ ടി. സിദ്ദിഖും എന്‍.എം. വിജയന്റെ കുടുംബവും ഒപ്പ് വെച്ച കരാര്‍ രേഖ തയ്യാറാക്കിയിരുന്നു. കരാറില്‍ കൃത്യമായ ധനസഹായം നല്‍കുമെന്നും വീടിന്റെ ലോണ്‍ തീര്‍ത്തുകൊടുക്കുമെന്നും 20 ലക്ഷം രൂപയും അടിയന്തര ധനസഹായവും നല്‍കുമെന്നുമായിരുന്നു കരാറിലുണ്ടായിരുന്നത്.

Content Highlight: Thiruvanchoor’s audio recording accusing Congress has been released