കടം വീട്ടാന്‍ പത്രപരസ്യം; അബ്ദുള്ളയുടെ കുടുംബത്തെ തേടിയെത്തിയത് അഞ്ച് ലൂസിസുമാര്‍
Kerala
കടം വീട്ടാന്‍ പത്രപരസ്യം; അബ്ദുള്ളയുടെ കുടുംബത്തെ തേടിയെത്തിയത് അഞ്ച് ലൂസിസുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd February 2022, 10:07 am

തിരുവനന്തപുരം: പിതാവിന്റെ 30 വര്‍ഷം മുമ്പുള്ള കടം വീട്ടാന്‍ പത്രത്തില്‍ പരസ്യം നല്‍കിയ മക്കളുടെ വാര്‍ത്ത അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

1980 കളില്‍ ഗള്‍ഫില്‍ ഒരു മുറിയില്‍ തന്റെ പിതാവിനൊപ്പം കഴിഞ്ഞിരുന്ന ലൂസിസ് എന്നയാളില്‍ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനായിരുന്നു അബ്ദുള്ള എന്ന തിരുവനന്തപുരം സ്വദേശിയുടെ മകന്‍ നസീര്‍ പത്രത്തില്‍ പരസ്യം നല്‍കിയത്. എന്നാല്‍ ആ പരസ്യത്തിന്റെ പേരില്‍ ഇന്ന് വെട്ടിലായിരിക്കുകയാണ് അബ്ദുള്ളയുടെ കുടുംബം.

സംഗതി മറ്റൊന്നുമല്ല ലൂസിസാണെന്ന് അവകാശപ്പെട്ട് അഞ്ച് പേരാണ് കുടുംബത്തെ തേടിയെത്തിയത്. ഇതില്‍ നാല് പേര്‍ മരണപ്പെട്ടിരുന്നു. ഇവരുടെ ബന്ധുക്കളാണ് എത്തിയിരിക്കുന്നത്. അബ്ദുള്ളക്ക് പണം നല്‍കിയത് താനാണെന്ന് ജീവിച്ചിരിക്കുന്ന ലൂസിസ് എന്ന് പേരുള്ളയാള്‍ പറയുന്നു.

1975 ല്‍ ദുബായിലെത്തിയ ലൂസിസ് പാസ്പോര്‍ട്ടും ഇദ്ദേഹം തെളിവായി നിരത്തുന്നു. തന്റെ സഹോദരന്റെ പേര് ബേബിയാണെന്നും പറയുന്നു. എന്നാല്‍ ഇതേ അവകാശവാദമാണ് മരണപ്പെട്ടു പോയ മറ്റ് ലൂസിസുമാരുടെ ബന്ധുക്കള്‍ക്കും. ഇതോടെ വിഷമസന്ധിയിലായിരിക്കുകയാണ് അബ്ദുള്ളുടെ മകന്‍ നസീര്‍.

രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ജീവിച്ചിരിക്കുന്ന ലൂസിസിന് പണം നല്‍കാനാണ് നാസറിന്റെ തീരുമാനം. അല്ലെങ്കില്‍ വീണ്ടും പരസ്യം നല്‍കണമെന്നും നസീര്‍ പറയുന്നു.

1982 ല്‍ ഗള്‍ഫില്‍ പോയതാണ് ഹബീബുള്ള എന്ന അബ്ദുള്ള. ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. ഇടയ്ക്ക് ജോലി നഷ്ടപ്പെട്ട കാലത്ത് മുറിയില്‍ ഒപ്പമുണ്ടായിരുന്ന ലൂസിസ് എന്നയാള്‍ അബ്ദുള്ളയ്ക്ക് പണം നല്‍കി സഹായിച്ചു.

1987 ഓടെ അബ്ദുള്ള നാട്ടിലേക്ക് മടങ്ങുകയും ചെറിയ ജോലികളുമായി ഇവിടെ തന്നെ കഴിയുകയും ചെയ്തു. എന്നാല്‍ പിന്നീട് ബന്ധമറ്റുപോയ ലൂസിസിനെ കണ്ടെത്തി അന്നത്തെ കടം വീട്ടണമെന്ന് അബ്ദുള്ളയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.

താന്‍ മരിക്കുന്നതിന് മുമ്പ് ഈ കടം വീട്ടണമെന്ന് മക്കളോട് അബ്ദുള്ള പറയുകയും ചെയ്തു. ലൂസിസിനെക്കണ്ട് കടം വീട്ടണമെന്ന ആഗ്രഹത്തോടെ പലരോടും അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പത്രത്തില്‍ പരസ്യം നല്‍കിയെങ്കിലും ഫലം കണ്ടില്ല.

ലൂസിസിനെ ഒരുതവണയെങ്കിലും നേരിട്ടുകാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുള്ള ഇക്കഴിഞ്ഞ 23ന് ഈ ലോകത്തോട് വിടപറഞ്ഞു.

പിതാവിന്റെ ആഗ്രഹം സഫലീകരിക്കാനായിരുന്നു ഏഴ് മക്കള്‍ ചേര്‍ന്ന് പത്രപരസ്യം നല്‍കിയത്. ‘എന്റെ പിതാവ് അബ്ദുള്ള ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയ്യില്‍ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക- നാസര്‍,’ എന്നായിരുന്നു പരസ്യം.

Content Highlight: Thiruvananthapuram native abdulla luziz debt advertisement