തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തില്‍
Crime
തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2025, 8:11 am

തിരുവനന്തപുരം: ഹോട്ടലുടമയെ മര്‍ദിച്ച് കൊലപ്പെടുത്തിയത് പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള വൈര്യാഗ്യത്തിലെന്ന് മ്യൂസിയം പൊലീസ്. വഴുതക്കാട് കോട്ടണ്‍ ഹില്‍ സ്‌കൂളിന് സമീപം ഇടപ്പഴഞ്ഞി കീര്‍ത്തനം വീട്ടില്‍ ജസ്റ്റിന്‍ രാജ് ആണ് കൊല്ലപ്പെട്ടത്. വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ് (39), ദല്‍ഹി സ്വദേശി ഡേവിഡ് ദില്‍കുമാര്‍ (31) എന്നിവരെ മണിക്കൂറുകള്‍ക്കകമാണ് പൊലീസ് പിടികൂടിയത്. നെഞ്ചിന്റെ എല്ലുകളും കഴുത്തിലെ കശേരുക്കളും തകര്‍ന്നതാണ് മരണകാരണം. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും.

ജീവനക്കാര്‍ താമസിക്കുന്ന ഇടപ്പഴഞ്ഞിയിലെ വാടക വീടിന് പുറകില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ജസ്റ്റിന്‍ രാജിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാജേഷിന്റെ വീടിന്റെ സമീപത്ത് വെച്ച് രാത്രി തന്നെ മ്യൂസിയം, വിഴിഞ്ഞം സ്റ്റേഷനുകളിലെ പൊലീസുകാര്‍ പ്രതികളെ പിടികൂടിയിരുന്നു. സംഭവത്തിനിടെ എസ്. ഐ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.

പൊലീസ് പറയുന്നതിങ്ങനെ, എട്ടുമാസം മുമ്പാണ് ജസ്റ്റിന്‍ കേരള കഫേയുടെ പാര്‍ട്ണറായത്. ജസ്റ്റിനാണ് രാവിലെ അഞ്ച് മണിക്ക് ഹോട്ടല്‍ തുറക്കുന്നത്. പാചകക്കാരില്‍ ഒരാളായ രാജേഷും വെയ്റ്ററായ ഡേവിഡും രണ്ടുദിവസമായി ജോലിക്കെത്തിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെ സുഹൃത്തായ സ്റ്റാന്‍ലിക്കൊപ്പം പുറത്തുപോയ ജസ്റ്റിന്‍ പത്ത് മണിയോടെ തിരിച്ചുവന്നപ്പോഴാണ് ഇവര്‍ ജോലിക്ക് എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. സുഹൃത്തിനെ അവിടെ ഇരുത്തി താമസസ്ഥലത്തേക്ക് പോയ ജസ്റ്റിന്‍ കാണുന്നത് മദ്യലഹരിയില്‍ ആയിരുന്ന പ്രതികളെയാണ്.

ജോലിക്ക് എത്താത്തതിനെക്കുറിച്ച് ചോദിക്കുന്നതിനിടെ വഴക്ക് ആകുകയും കൃത്യനിഷ്ഠതയില്ലാത്തതിനാല്‍ പിരിച്ചുവിടുന്നതായും വീട്ടില്‍നിന്നും ഇറങ്ങിപ്പാകാനും ജസ്റ്റിന്‍ പറഞ്ഞു. ഇതോടെ രാജേഷും ഡേവിഡും ചേര്‍ന്ന് ജസ്റ്റിനെ മര്‍ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലയ്ക്ക് ശേഷം ജസ്റ്റിന്റെ കയ്യിലെ പണവും സ്‌കൂട്ടറിന്റെ താക്കോലും കൈക്കലാക്കിയ പ്രതികള്‍ മൃതദേഹം വീടിന് പുറകില്‍ മെത്തയും തലയണയും ഉപയോഗിച്ച് മൂടിയിടുകയായിരുന്നു. പിന്നീട് സ്‌കൂട്ടറില്‍ തന്നെ രക്ഷപെട്ടു. പ്രതികള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഒരാഴ്ച മുമ്പാണ് ഇവര്‍ ഹോട്ടലില്‍ ജോലിക്കെത്തിയത്.

ജസ്റ്റിനെ കാണാതായപ്പോള്‍ ഫോണില്‍ ബന്ധപ്പെടാന്‍ സുഹൃത്ത് ശ്രമിച്ചിരുന്നെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ഉച്ചക്ക് ജീവനക്കാരില്‍ ഒരാള്‍ താമസസ്ഥലത്ത് എത്തിയപ്പോഴആണ് മൃതദേഹം കണ്ടത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണുള്ളത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ഇടപ്പവഞ്ഞിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടില്‍ സംസ്‌കരിക്കും.

Content Highlight: Thiruvananthapuram hotel owner’s murdered in anger over dismissal