പേട്ട: തിരുവനന്തപുരം ഡി.സി.സി അധ്യക്ഷന്‍ എന്‍. ശക്തന്‍ രാജിവെച്ചു. കെ.പി.സി.സി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ശക്തന്റെ രാജിയെന്നാണ് വിവരം.
കെ.പി.സി.സി രാജി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡി.സി.സി അധ്യക്ഷനുമായ പാലോട് രവി ഫോണ്‍ വിവാദത്തില്‍ കുടുങ്ങിയപ്പോഴാണ് ശക്തന്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയത്.
താത്കാലികമെന്ന് പറഞ്ഞുകൊണ്ടാണ് എന്‍. ശക്തനെ അധ്യക്ഷ സ്ഥാനത്ത് നിയോഗിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടല്‍ മൂലം പുതിയ പ്രസിഡന്റിനെ നിയോഗിക്കാനാകുന്നില്ല എന്നാണ് ശക്തന്റെ അനുകൂലികള്‍ പറയുന്നത്.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശക്തന്റെ രാജി. നിലവില്‍ സജീവമായി ഇടപെടാന്‍ കഴിയുന്ന ഒരാളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ശക്തന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലയിലുടനീളം ശ്രദ്ധ ചെലുത്തുക എന്നതാണ് ഒരു ഡി.സി.സി അധ്യക്ഷന്റെ ചുമതല. ആയതിനാല്‍ തന്നേക്കാള്‍ സജീവമായി ഇടപെടല്‍ നടത്തുന്ന ഒരാളെ പ്രസിഡന്റായി നിയോഗിക്കണമെന്നാണ് ശക്തന്‍ ആവശ്യപ്പെട്ടത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ ചുമതലയുമുള്ള ദീപദാസ് മുന്‍ഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരെയാണ് ഈ ആവശ്യവുമായി ശക്തന്‍ സമീപിച്ചത്.
നേരത്തെ കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടും എന്‍. ശക്തന്‍ രംഗത്തെത്തിയിരുന്നു. മൂന്ന് ദിവസത്തേക്ക് എന്ന് അറിയിച്ചുകൊണ്ടാണ് ശക്തന് അധ്യക്ഷ പദവി നല്‍കിയത്. എന്നാല്‍ മൂന്ന് മാസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ നിയോഗിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.