തിരുവനന്തപുരം കോര്‍പ്പറേഷന്‍: ബി.ജെ.പി വിജയിച്ച 50ല്‍ 41 സീറ്റിലും യു.ഡി.എഫ് മൂന്നാമത്
Kerala News
തിരുവനന്തപുരം കോര്‍പ്പറേഷന്‍: ബി.ജെ.പി വിജയിച്ച 50ല്‍ 41 സീറ്റിലും യു.ഡി.എഫ് മൂന്നാമത്
ആദര്‍ശ് എം.കെ.
Monday, 15th December 2025, 4:50 pm

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള തദ്ദേശ തെരഞ്ഞടുപ്പില്‍ ബി.ജെ.പി വിജയിച്ച 50 സീറ്റുകളില്‍ 41 സീറ്റുകളിലും യു.ഡി.എഫ് മൂന്നാമത്. ഒമ്പത് സീറ്റുകളില്‍ മാത്രമാണ് എന്‍.ഡി.എ മുന്നണിക്ക് മത്സരം നല്‍കാന്‍ യു.ഡി.എഫിന് സാധിച്ചത്.

സൈനിക സ്‌കൂള്‍, ചന്തവിള, ചെട്ടിവിളാകം, എടവക്കോട്, ജഗതി, നേമം, കാലടി, തിരുവല്ലം, ആക്കുളം വാര്‍ഡുകളില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ച വാര്‍ഡുകളില്‍ യു.ഡി.എഫിന് രണ്ടാം സ്ഥാനത്തെത്താന്‍ സാധിച്ചത്.

ഞണ്ടൂര്‍കോണം, പൗഡികോണം, ചെങ്കോട്ടുകോണം, മണ്ണന്തല, അമ്പലമുക്ക്, തുരുത്തുംമൂല, നെട്ടയം, വാഴൂര്‍കോണം, കൊടുങ്ങാനൂര്‍, വട്ടിയൂര്‍കാവ്, കാഞ്ഞിരംപാറ, ശാസ്തമംഗലം, പാങ്ങോട്, തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, എസ്റ്റേറ്റ്, പൊന്നുമംഗലം, മേലംകോട്, പാപ്പനംകോട്, കരമന, നെടുംകാട്, കരുമം, പൊന്‍കുന്നം, വെള്ളാര്‍, തിരുവല്ലം, അമ്പലത്തറ, ആറ്റുകാല്‍, കമലേശ്വരം, ശ്രീവരാഹം, മണക്കോട്, ചാല, ഫോര്‍ട്ട്, പെരുംതണ്ണി, ശ്രീകാന്തേശ്വരം, കടകംപള്ളി, ആക്കുളം, ചെറുവൈക്കല്‍, ആലത്തറ, കുഴിവിള, ആറ്റിപ്ര എന്നീ വാര്‍ഡുകളിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

അഞ്ച് വാര്‍ഡുകളില്‍ (വാഴക്കൂട്ടം, കാഞ്ഞിരംപാറ, എടവക്കോട്, പൊന്നുമംഗലം, കുഴിവിള) വെറും 60 വോട്ടുകളില്‍ താഴെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി/ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

ശരാശരി നാലായിരം മുതല്‍ ആറായിരം വരെ വോട്ടര്‍മാരാണ് ഓരോ വാര്‍ഡിലുമുള്ളത്. ബി.ജെ.പി വിജയിച്ച 50 വാര്‍ഡുകളില്‍ 25 വാര്‍ഡുകളിലും കോണ്‍ഗ്രസിന് ആയിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമേ പെട്ടിയിലെത്തിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്, അതില്‍ തന്നെ നാലിടത്ത് 400ല്‍ താഴെ മാത്രം വോട്ടുകളാണുള്ളതെന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

ബി.ജെ.പിക്ക് ഇത്തരത്തില്‍ പല വാര്‍ഡുകളിലും വോട്ടില്‍ വലിയ തോതിലുള്ള കുറവുണ്ടായിട്ടുണ്ട്. ഐ.പി. ബിനുവടക്കമുള്ള എല്‍.ഡി.എഫിന്റെ മികച്ച നേതാക്കളുടെ തോല്‍വിക്ക് ഇത് വഴി വെക്കുകയും ചെയ്തിട്ടുണ്ട്.

കുന്നുകുഴി വാര്‍ഡില്‍ 697 വോട്ടുകള്‍ക്കാണ് ഐ.പി. ബിനു കോണ്‍ഗ്രസിലെ മേരി പുഷ്പത്തോട് പരാജയപ്പെടുന്നത്. 394 വോട്ടുകള്‍ മാത്രമാണ് ഇവിടെ ബി.ജെ.പി പിടിച്ചത്. കോണ്‍ഗ്രസിന്റെ യുവസ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് വിജയിച്ച മുട്ടട വാര്‍ഡില്‍ 460 വോട്ടുകളാണ് ബിഡി.ജെ.എസിന്റെ അജിത് കുമാറിന് പെട്ടിയിലെത്തിക്കാന്‍ സാധിച്ചത്.

അതേസമയം, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വോട്ടുവിഹിതത്തില്‍ എല്‍.ഡി.എഫ് തങ്ങളുടെ വോട്ടുകള്‍ വര്‍ധിപ്പിച്ചെന്ന് സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു. മറ്റ് മുന്നണികളുടെ വോട്ടുവിഹിതത്തില്‍ ചോര്‍ച്ചയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്‌സഭ 2024 തദ്ദേശ തിരഞ്ഞെടുപ്പ് 2025 (തിരുവനന്തപുരം കോര്‍പ്പറേഷന്‍): കിട്ടിയ വോട്ടുകള്‍ താരതമ്യം ചെയ്യുമ്പോള്‍

  • ബിജെപി: 2,13,214 → 1,65,891 (വോട്ടുകള്‍ കുറഞ്ഞു)
  • കോണ്‍ഗ്രസ്: 1,84,727 → 1,25,984 (കുത്തനെ ഇടിഞ്ഞു)
  • ഇടതുപക്ഷം: 1,29,048 → 1,67,522 (വര്‍ധനവ്)

 

Content Highlight: Thiruvananthapuram Corporation: UDF comes third in 41 out of 50 seats won by BJP

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.