തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മുന്‍ എം.എല്‍.എ കെ.എസ്. ശബരിനാഥന്‍ അടക്കം 48 പേരാണ് പട്ടികയിലുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
കെ.എസ്. ശബരിനാഥന്‍ കവടിയാര്‍ ഡിവിഷനില്‍ നിന്നായിരിക്കും മത്സരിക്കുക. ജോണ്‍സണ്‍ ജോസഫ് (ഉള്ളൂര്‍), കെ.എസ്.യു വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ്, ത്രേസ്യാമ്മ തോമസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എസ്. അനില്‍കുമാര്‍, നീതു വിജയന്‍, ഡി. അനില്‍കുമാര്‍, മേരി പുഷ്പം, ഉദയകുമാര്‍ എസ്. എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു പ്രമുഖ നേതാക്കള്‍.
27 വാര്‍ഡുകളില്‍ സ്ത്രീകളായിരിക്കും മത്സരിക്കുക. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണമാറ്റം അനിവാര്യമാണെന്ന് കെ. മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പത്ത് സീറ്റില്‍ നിന്ന് 51ല്‍ എത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും കഴിഞ്ഞ തവണ 86 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചതെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ഏകകണ്ഠമായാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും പോരായ്മയുണ്ടെങ്കില്‍ അടുത്ത പട്ടികയില്‍ പരിഗണനയുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം വരുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ മത്സരിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മുന്‍ എം.പി എ. സമ്പത്ത് ഉള്‍പ്പെടെ ഇടതുമുന്നണിയുടെ പട്ടികയിലുണ്ടെന്നാണ് വിവരം.
വി.വി. രാജേഷിനെ മുന്നിൽ നിര്‍ത്തിക്കൊണ്ടായിരിക്കും ബി.ജെ.പി കളത്തിലിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Thiruvananthapuram Corporation elections; Congress announces candidates