'തിരുവള്ളുവര്‍ മഹാനായ സന്യാസി'; റോള്‍ മോഡലാണെന്നും ബി.ജെ.പി
national news
'തിരുവള്ളുവര്‍ മഹാനായ സന്യാസി'; റോള്‍ മോഡലാണെന്നും ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th November 2019, 12:07 pm

ചെന്നൈ: തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവറിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. തിരുവള്ളുവറിനെ ഹിന്ദുവാക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ തുടരുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് ബി.ജെ.പിയുടെ ഭാഗത്തു നിന്നും വരുന്നത്.

തിരുവള്ളുവര്‍ മഹാനായ സന്യാസിയാണെന്നും അദ്ദേഹം ബി.ജെ.പിയുടെ റോള്‍ മോഡലാണെന്നും പറഞ്ഞിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി മുരളീധര്‍. തിരുവള്ളുവര്‍ ഡി.എം.കെ നേതാവല്ലെന്നും മുരളീധര്‍ പറഞ്ഞു.

തിരുവള്ളുവര്‍ ജീവിച്ചത് സാര്‍വത്രിക മൂല്യങ്ങള്‍ക്ക് വേണ്ടിയാണെന്നും വിഭാഗീയത പ്രചരിപ്പിക്കാനല്ലെന്നും മുരളീധര്‍ പറഞ്ഞു. തിരുവള്ളുവര്‍ ലോകത്താകമാനമുള്ള ജനങ്ങളുടെ ആരാധനാപാത്രമാണെന്നും ബി.ജെ.പിയുടെ റോള്‍ മോഡലാണെന്നും മുരളീധര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിശുദ്ധ തിരുവള്ളുവറിനെക്കുറിച്ചുള്ള ഡി.എം.കെയുടെ ഇടുങ്ങിയ വ്യാഖ്യാനത്തെ ബി.ജെ.പി ശക്തമായി എതിര്‍ക്കുമെന്നും മുരളീധര്‍ പറഞ്ഞു. ഡി.എം.കെ എല്ലായിപ്പോഴും തമിഴരെ ഒറ്റിക്കൊടുത്തിട്ടുണ്ടെന്നും മുരളീധര്‍ ആരോപിച്ചു.

‘തമിഴ് വിരുദ്ധാനാണെന്ന വിഭൂതി തിരുവള്ളുവറുടെ നെറ്റിയില്‍ ചാര്‍ത്താന്‍ ഞാന്‍ ഡി.എം.കെയെ വെല്ലുവിളിക്കുകയാണ്. തമിഴര്‍ അതിന് യോജിച്ച മറുപടിയും നല്‍കും.’, മുരളീധര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവള്ളുവറുടെ പ്രതിമയില്‍ കാവി ഷാള്‍ പുതപ്പിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട്ടില്‍ തിരുവള്ളുവറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങുന്നത്. തമിഴ് കവിയോട് ബി.ജെ.പി അനാദരവ് കാട്ടിയെന്ന് ഡി.എം.കെ പ്രതികരിച്ചിരുന്നു.

തിരുവള്ളുവര്‍ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച രീതിയിലുള്ള ചിത്രങ്ങളും ബി.ജെ.പി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ ബി.ജെ.പിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ഡി.എം.കെയും സി.പി.ഐ.എമ്മും രംഗത്തെത്തി. തിരുവള്ളുവറിനെ ഹിന്ദുവായി ചിത്രീകരിക്കാനാണ് ബി.ജെ.പി നീക്കമെന്നും ഇത് അനുവദിക്കില്ലെന്നും ഡി.എം.കെ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് തഞ്ചാവൂരിലെ പിള്ളയാര്‍പട്ടിയില്‍ തിരുവള്ളുവറുടെ പ്രതിമയില്‍ അഞ്ജാതര്‍ ചാണകം തളിച്ചു. പ്രതിമയുടെ കണ്ണ് പേപ്പറും മണ്ണും ഉപയോഗിച്ച് മൂടിയ നിലയിലുമായിരുന്നു. ഈ ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് ഡി.എം.കെ ആരോപിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ പ്രതിമയില്‍ പാലഭിഷേകം നടത്തി. തിരുക്കുറലിന് പ്രശസ്തി നല്‍കാന്‍ നരേന്ദ്ര മോദി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുള്ളവരാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.

അതേസമയം, തിരുവള്ളുവറിന് ഏറ്റവും യോജിക്കുന്ന നിറം കാവിയാണെന്നും തിരുവള്ളുവര്‍ ഹിന്ദുവാണെന്നും സംഘപരിവാര്‍ സംഘടനയായ ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് പറഞ്ഞിരുന്നു.