തിരുപ്രംകുണ്ഡ്രം: ദര്‍ഗയ്ക്ക് സമീപത്തുള്ളത് ക്ഷേത്രത്തിന്റെ ദീപത്തൂണ്‍ അല്ലെന്ന് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡ്
national news
തിരുപ്രംകുണ്ഡ്രം: ദര്‍ഗയ്ക്ക് സമീപത്തുള്ളത് ക്ഷേത്രത്തിന്റെ ദീപത്തൂണ്‍ അല്ലെന്ന് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡ്
ആദര്‍ശ് എം.കെ.
Tuesday, 16th December 2025, 10:19 am

മധുരൈ: മധുരൈയിലെ തിരുപ്രംകുണ്ഡ്രം മലമുകളില്‍ സ്ഥിതി ചെയ്യുന്ന സിക്കന്ദര്‍ ബാദ്ഷ ദര്‍ഗയ്ക്ക് സമീപത്തുള്ള കല്‍ത്തൂണ്‍ ക്ഷേത്രത്തിന്റെ ഭാഗമായുള്ള വിളക്ക് തൂണ്‍ അല്ലെന്ന് തമിഴ്‌നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡ് (ടി.എന്‍.എച്ച്.ആര്‍ ആന്‍ഡ് സി.ഇ).

ദീപത്തൂണ്‍ എന്നറിയപ്പെടുന്ന ഈ നിര്‍മിതി ജൈനമത നിര്‍മിതിയായിരിക്കാമെന്നാണ് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചത്.

ഇവിടെ പുരാതന കാലങ്ങളില്‍ തന്നെ നിരവധി ജൈനക്ഷേത്രങ്ങളും ജൈന സന്യാസിമാര്‍ ധ്യാനത്തിനും താമസത്തിനുമായി ഉപയോഗിച്ചിരുന്ന ജൈന താവളങ്ങളും ഉണ്ടായിരുന്നു. മഹാവീരനടക്കമുള്ള ജൈന തീര്‍ത്ഥങ്കരന്‍മാരുടെ പ്രതിമകളും ഇവിടെ ഉണ്ടെന്നും ചരിത്രം രേഖപ്പെടുത്തുന്നു.

ദീപത്തൂണ്‍ എന്നറിയപ്പെടുന്ന തൂണില്‍ കാര്‍ത്തിക വിളക്ക് കൊളുത്താന്‍ തമിഴ്‌നാട് ഹൈക്കോടതിയില്‍ നിന്നും തീവ്രഹൈന്ദവ സംഘടനകള്‍ അനുകൂല വിധി സമ്പാദിച്ചതിന് പിന്നാലെയാണ് തിരുപ്രംകുണ്ഡ്രം ക്ഷേത്രവും മലമുകളിലെ മസ്ജിദും വാര്‍ത്തകളില്‍ ഇടം നേടിയത്. ഇവിടെ ദീപം കൊളുത്താനെത്തിയ തീവ്രഹൈന്ദവ സംഘടനകളെ പൊലീസ് തടയുകയും, ജില്ലാ കളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

തിരുപ്രംകുണ്ഡ്രം അരുള്‍മിഗു സുബ്രഹ്‌മണ്യ ക്ഷേത്രം. Photo: Wikipedia

ഇതിന് പിന്നാലെയാണ് സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ ഹരജി പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഈ തൂണ്‍ പരമ്പരാഗതമായി കാര്‍ത്തിക ദീപം കൊളുത്താന്‍ ഉപയോഗിക്കുന്ന ക്ഷേത്ര ദീപസ്തംഭമല്ലെന്ന് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡ് വിശദീകരണം നല്‍കിയത്.

തങ്ങളുടെ വാദത്തിന് ചരിത്രപരവും പുരാവസ്തുപരവുമായ തെളിവുകളുണ്ടെന്നും ഇവര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ദീപത്തൂണില്‍ കാര്‍ത്തിക ദീപം കത്തിക്കുന്ന രീതി നിലവില്‍ ഉണ്ടായിരുന്നതായി ഒരു രേഖയുമില്ലെന്ന് തിരുപ്രംകുണ്ഡ്രം അരുള്‍മിഗു സുബ്രഹ്‌മണ്യ ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജി. മസിലാമണി പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ ദീപത്തൂണ്‍ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലുള്ളതാണെന്നും ദര്‍ഗയ്ക്ക് സമീപമുള്ളതല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

Thiruppurankundram: Left parties congratulate DMKGovt

സിക്കന്ദര്‍ ബാദ്ഷ ദര്‍ഗ. Photo: Tamil Nadu Tourism

ദര്‍ഗയ്ക്ക് സമീത്തുള്ള തൂണില്‍ ദീപം തെളിയിക്കാന്‍ അനുവദിച്ച് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും ക്ഷേത്ര, ദര്‍ഗ കമ്മിറ്റി ഭാരവാഹികളുമാണ് കോടതിയെ സമീപിച്ചത്.

ഒരു നൂറ്റാണ്ടിലേറെയായി ഉച്ചിപ്പിള്ളയര്‍ ക്ഷേത്രത്തിന് സമീപത്തുള്ള തൂണില്‍ മാത്രമാണ് പരമ്പരാഗതമായി കാര്‍ത്തിക ദീപം കത്തിച്ചിരുന്നതെന്നും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ക്ഷേത്രാചാരങ്ങള്‍ മാറ്റാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ എസ്. ശ്രീധര്‍ വാദിച്ചു.

സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അതിന് അവസാനമുണ്ടാകില്ലെന്ന് ദര്‍ഗയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ടി. മോഹനനും വ്യക്തമാക്കി.

Content Highlight: Thirupramkundram: The lamppost near the dargah is not the temple’s lamppost, says Hindu Charitable Endowment Board

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.