56 വര്‍ഷത്തെ പാരമ്പര്യം, മത്സരിച്ച അഞ്ഞൂറിലധികം സ്ഥാനാര്‍ത്ഥികളില്‍ വെറും മൂന്ന് വനിതകള്‍; കേരളകോണ്‍ഗ്രസില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് ക്ഷാമമോ?
Kerala News
56 വര്‍ഷത്തെ പാരമ്പര്യം, മത്സരിച്ച അഞ്ഞൂറിലധികം സ്ഥാനാര്‍ത്ഥികളില്‍ വെറും മൂന്ന് വനിതകള്‍; കേരളകോണ്‍ഗ്രസില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് ക്ഷാമമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th March 2021, 1:36 pm

നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുകയാണ്. എന്താണ് ഈ വാര്‍ത്തയില്‍ ഇത്ര പ്രത്യേകത എന്നാണെങ്കില്‍, ഉണ്ട് എന്നാണ് ഉത്തരം. കാരണം 1964 ല്‍ രൂപീകരിച്ച, 56 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള കേരളകോണ്‍ഗ്രസ് എന്ന പാര്‍ട്ടിയില്‍ നിന്നുള്ള മൂന്നാമത്തെ വനിത സ്ഥാനാര്‍ത്ഥി എന്ന ഖ്യാതിയാണ് പിറവം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ സിന്ധു ജേക്കബ് നേടിയിരിക്കുന്നത്.

1964 ഒക്ടോബര്‍ 9നാണ് കേരളകോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഉദയം. രൂപീകൃതമായി അഞ്ച് വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടിയുടെ മുന്നണി ബന്ധങ്ങള്‍ തുടങ്ങുന്നത്.

അങ്ങനെ നോക്കിയാല്‍ തന്നെ 56 വര്‍ഷത്തെ പാര്‍ട്ടിപാരമ്പര്യമുള്ള, അസംബ്ലിയിലും പാര്‍ലമെന്റിലുമായി 28 പൊതുതെരഞ്ഞെടുപ്പുകള്‍, ഉപതെരഞ്ഞെടുപ്പുകള്‍, എന്നിവ നേരിട്ട ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്നാണ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ വനിതാ സ്ഥാനാര്‍ത്ഥിയെത്തുന്നത്.

പിളര്‍ന്നും മുന്നണികളില്‍ ലയിച്ചും കേരളകോണ്‍ഗ്രസ് എന്ന പാര്‍ട്ടി 2021 ലെത്തി നില്‍ക്കുമ്പോള്‍ അഞ്ഞൂറിലധികം സ്ഥാനാര്‍ത്ഥികളാണ് വിവിധ കേരളകോണ്‍ഗ്രസുകളില്‍ നിന്നായി മത്സരിച്ചത്. ഇക്കാലയളവില്‍ മൂന്നേ മൂന്ന് വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരത്തിന് നിര്‍ത്താന്‍ മാത്രമേ കേരളകോണ്‍ഗ്രസിന് കഴിഞ്ഞുള്ളുവെന്നാണ് പാര്‍ട്ടി രേഖകള്‍ തെളിയിക്കുന്നത്.

കെ.സരസ്വതി അമ്മ- കേരള കോണ്‍ഗ്രസിന്റെ ആദ്യ വനിതാ സ്ഥാനാര്‍ത്ഥി

 

വര്‍ഷം 1965. കോണ്‍ഗ്രസ് പിളര്‍ന്ന് കേരളകോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച കാലം. അന്ന് കേരള കോണ്‍ഗ്രസിന് ഒപ്പമുണ്ടായിരുന്ന അന്നത്തെ ചെങ്ങന്നൂര്‍ എം.എല്‍എയായിരുന്ന കെ.ആര്‍. സരസ്വതി അമ്മയെ പാര്‍ട്ടി പരിഗണിച്ചിരുന്നു. സ്വാഭാവികമായും പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് സരസ്വതി അമ്മയ്ക്കായിരുന്നു. പാര്‍ട്ടിയുടെ വിശ്വാസം പോലെ തന്നെ സരസ്വതി അമ്മ വിജയിക്കുകയും ചെയ്തു.

Members - Kerala Legislature

 

എന്നാല്‍ പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാന്‍ സരസ്വതി അമ്മയ്ക്ക് ആയില്ല. അതിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും സരസ്വതി അമ്മ പരാജയപ്പെടുകയാണുണ്ടായത്. ഇതോടെ 1980 ല്‍ അവര്‍ എന്‍.ഡി.പിയില്‍ ചേര്‍ന്നു. അങ്ങനെ കേരളകോണ്‍ഗ്രസിന്റെ ആദ്യ വനിതാ സ്ഥാനാര്‍ത്ഥി ചരിത്രം അവസാനിച്ചു.

പിന്നീടുള്ള തെരഞ്ഞെടുപ്പ് ചരിത്രങ്ങളിലൊന്നും ഒരു വനിതാ സ്ഥാനാര്‍ത്ഥിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അത്രപ്രാധാന്യത്തോടെ നടന്നില്ല. കൃത്യം 23 വര്‍ഷത്തിന് ശേഷം, 2003 ല്‍ ഒരിക്കല്‍ കൂടി ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായി. തിരുവല്ലയില്‍ നിന്നുള്ള നിയമസഭാംഗം മാമ്മന്‍ മത്തായിയുടെ പെട്ടെന്നുള്ള മരണമായിരുന്നു ഈ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയത്. തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ ‘സഹതാപ തരംഗം’ മുതലെടുത്ത് മാമ്മന്‍ മത്തായിയുടെ ഭാര്യ എലിസബത്ത് മാമ്മന്‍ മത്തായിയെ മത്സരിപ്പിക്കാന്‍ തീരുമാനമായി. മികച്ച വിജയത്തോടെ പതിനൊന്നാം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ 2006ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എ ആയിരുന്നിട്ടും എലിസബത്തിന് സീറ്റ് നല്‍കിയില്ല എന്നതും ചരിത്രമായി.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ വനിതാ സ്ഥാനാര്‍ത്ഥിയുമായി വീണ്ടും കേരള കോണ്‍ഗ്രസ്

2003 ന് ശേഷം നീണ്ട പതിനെട്ട് വര്‍ഷത്തേക്ക് ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ പറ്റി ആലോചിക്കാന്‍ കേരളകോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. 2021 ല്‍ നടക്കാനിരിക്കുന്ന പതിനഞ്ചാം കേരള നിയസഭാ തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടി ടിക്കറ്റില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സര രംഗത്തിറക്കാന്‍ കേരള കോണ്‍ഗ്രസിന് സാധിച്ചത്. പത്തിലൊന്നില്‍ കുറയാത്ത സീറ്റില്‍ വനിതാ പ്രാതിനിധ്യം നല്‍കുന്ന ഇടതുപക്ഷവുമായി തെരഞ്ഞെടുപ്പ് ബാന്ധവത്തിലേര്‍പ്പെട്ട കേരള കോണ്‍ഗ്രസിന് 13 സീറ്റുകളാണ് ഇത്തവണ ലഭിച്ചത്. അതിലൊന്നാണ് വനിത സ്ഥാനാര്‍ത്ഥിയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. പാര്‍ട്ടി ചരിത്രത്തിലെ മൂന്നാമത്തെ വനിതാ സ്ഥാനാര്‍ത്ഥിയെന്ന പദവിയാണ് ഇതിലൂടെ സിന്ധു ജേക്കബ് നേടിയത്.

Consensus on candidate eludes KC (M); K M Mani to decide- The New Indian  Express

സിന്ധുമോള്‍  ജേക്കബിന്റെ സ്ഥാനാര്‍ത്ഥിത്വവും കേരള കോണ്‍ഗ്രസിലെ പൊട്ടിത്തെറിയും

മാര്‍ച്ച് പത്തിനാണ് കേരളകോണ്‍ഗ്രസിന്റെ മൂന്നാമത്തെ വനിതാ സ്ഥാനാര്‍ത്ഥിയായി സിന്ധു ജേക്കബിനെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഈ തീരുമാനം പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു പൊട്ടിത്തെറിയ്ക്കാണ് കാരണമായത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതോടെയാണ് പാര്‍ട്ടിക്കുള്ളിലെ വിള്ളല്‍ പുറംലോകമറിഞ്ഞത്.

Sindhumol Jacob

 

പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് ജില്‍സ് പുറത്തുപോയത്. പിറവം സീറ്റ് ജോസ് കെ.മാണി വിറ്റുവെന്നും ജാതിയും മതവും അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ജില്‍സ് പറഞ്ഞു.

സി.പി.ഐ.എം അംഗമായ സിന്ധുമോള്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും ആണ്. നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പിലും സിന്ധുമോളെ സി.പി.ഐ.എം പരിഗണിച്ചിരുന്നു.

ആരാണ് സിന്ധുമോള്‍ ജേക്കബ് ?

പാലക്കുഴ ഓലിക്കല്‍ ജേക്കബ് ജോണിന്റെയും മഹിളാസമാജം മുന്‍ പ്രസിഡണ്ട് ചിന്നമ്മ ജേക്കബ്ബിന്റെയും മകളായി 1971 മെയ് 30ലാണ് സിന്ധുമോള്‍ ജേക്കബിന്റെ ജനനം.

മൂവാറ്റുപുഴ നിര്‍മല കോളെജില്‍ നിന്നും പ്രീഡിഗ്രി പൂര്‍ത്തിയാക്കിയ സിന്ധു പഠനകാലത്ത് എ.ഐ.എസ്.എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കുറിച്ചി ആതുരാശ്രമം എന്‍.എസ്.എസ് ഹോമിയോപ്പതി കോളേജില്‍നിന്ന് ഡി.എച്ച്.എം.എസ് ബിരുദം നേടി. എം.ജി സര്‍വകലാശാലയില്‍ നിന്ന് കൗണ്‍സിലിങ്ങും പാസായി. 1994 മുതല്‍ ഹോമിയോ ഡോക്ടറായും 2010 മുതല്‍ ഫാമിലി കൗണ്‍സിലറായും ജോലി ചെയ്തിരുന്നു.

വിവാഹശേഷം ഉഴവൂരിലെത്തിയ സിന്ധു 2005-ല്‍ ഇടതു സ്വതന്ത്രയായി മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായി. 2010, 2015 വര്‍ഷങ്ങളില്‍ ഉഴവൂര്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ചു.

കോട്ടയം അഭയാ സൊസൈറ്റി ജില്ലാ കമ്മിറ്റിയംഗം, ജനാധിപത്യ മഹിള അസോസിയേഷന്‍ പാലാ ഏരിയ കമ്മിറ്റി അംഗം, ഡോ. കെ.ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: third women candidate from kerala congress to 15th kerala assembly elections