മൂന്നാം കക്ഷി ഇടപെടല്‍ വ്യക്തമാക്കണം; വെടിനിര്‍ത്തലിന് പിന്നാലെ ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്
national news
മൂന്നാം കക്ഷി ഇടപെടല്‍ വ്യക്തമാക്കണം; വെടിനിര്‍ത്തലിന് പിന്നാലെ ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th May 2025, 12:27 pm

ന്യൂദല്‍ഹി: ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ മൂന്നാം കക്ഷി ഇടപെടലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മൂന്നാം കക്ഷി വാതിലുകള്‍ തുറന്നിട്ടുണ്ടോയെന്നും പാകിസ്ഥാനുമായി നയതന്ത്രമാര്‍ഗങ്ങള്‍ ആരംഭിച്ചിട്ടുണ്ടോയെന്നടക്കം നിരവധി ചോദ്യങ്ങളാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉന്നയിച്ചത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങള്‍ നടന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രത്യേക സമ്മേളനം വിളിക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നടത്തിയ നിഷ്പക്ഷ സൈറ്റ് എന്ന പരാമര്‍ശം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സിംല കരാര്‍ നമ്മള്‍ ഉപേക്ഷിച്ചോയെന്നും മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് നമ്മള്‍ വാതില്‍ തുറന്നിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങളിലെല്ലാം പ്രധാനമന്ത്രിയില്‍ നിന്ന് തന്നെ ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1971ലെ ധീരവും ദൃഢനിശ്ചയവുമുള്ള നേതൃത്വത്തിന് ഇന്ദിരാഗാന്ധിയെ രാജ്യം ഓര്‍മിക്കുന്നുവെന്നത് സ്വാഭാവികമാണെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ പാക് ബന്ധം യുദ്ധസമാനമായതിന് പിന്നാലെയാണ് ഇന്നലെ അമേരിക്കയുടെ ഇടപെടലോട് കൂടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി ഡൊണാള്‍ഡ് ട്രംപ് കുറിപ്പ് പിന്‍വലിച്ചത്. പിന്നാലെ മൂന്നാം കക്ഷി ഇടപെടലിനെ ചോദ്യം ചെയ്ത് നിരവധി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlight: Third party intervention should be clarified; Congress raises questions after ceasefire