ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷനില്‍ നിന്നും വന്നതിന് ശേഷം ദുല്‍ഖറിനെ പറ്റി അച്ഛന്‍ പറഞ്ഞത് ഇങ്ങനെയാണ്: ഷോബി തിലകന്‍
Film News
ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷനില്‍ നിന്നും വന്നതിന് ശേഷം ദുല്‍ഖറിനെ പറ്റി അച്ഛന്‍ പറഞ്ഞത് ഇങ്ങനെയാണ്: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th April 2022, 3:16 pm

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലൊരുങ്ങിയ ഉസ്താദ് ഹോട്ടല്‍. ഫൈസി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നന്നായി അതരിപ്പിച്ച ദുല്‍ഖറിന്റെ പ്രകടനവും പ്രശംസ പിടിച്ചു പറ്റി.

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ചിത്രത്തിന് ലഭിച്ചു. മലയാളത്തിലെ മഹാനടനായ തിലകനൊപ്പം ദുല്‍ഖറിന് അഭിനയിക്കാന്‍ അവസരം ലഭിച്ച ചിത്രം കൂടിയായിരുന്നു ഉസ്താദ് ഹോട്ടല്‍.

ഉസ്താദ് ഹോട്ടലിലെ ദുല്‍ഖറിന്റെ അഭിനയം എങ്ങനെയുണ്ടെന്ന് താന്‍ അച്ഛനോട് ചോദിച്ചിരുന്നു എന്ന് പറയുകയാണ് ഷോബി തിലകന്‍. മറ്റൊരു യുവനടനെ പറ്റിയും പറയാത്ത കാര്യങ്ങളായിരുന്നു ദുല്‍ഖറിനെ പറ്റി അച്ഛന്‍ പറഞ്ഞതെന്ന് ഷോബി പറഞ്ഞു.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷനില്‍ നിന്ന് വന്നതിന് ശേഷം തിലകന്‍ പറഞ്ഞത് ഷോബി വെളിപ്പെടുത്തിയത്.

‘ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷനില്‍ നിന്നും ഞാനും അച്ഛനും റിയാദിലേക്ക് പോവുകയായിരുന്നു. ഞാന്‍ വെറുതേ അച്ഛനോട് ചോദിച്ചു ദുല്‍ഖര്‍ എങ്ങനെയുണ്ടെന്ന്. സാധാരണ ഒരാളെ കുറിച്ച് നല്ലത് പറയാന്‍ അച്ഛന് ഇച്ചിരി ബുദ്ധിമുട്ടാണ്. അത്രയ്ക്ക് നല്ലതാണെങ്കില്‍ മാത്രമേ പറയൂ,’ ഷോബി പറഞ്ഞു.

‘ഞാനൊരു കൗതുകത്തിന് ചോദിച്ചതാണ്. അച്ഛന്‍ പറഞ്ഞത് ഇങ്ങനെയാണ്. അവന്റെ പ്രായം വെച്ച് നോക്കുമ്പോള്‍ നന്നായിട്ട് ചെയ്യുന്നുണ്ട്. അവന്റെ ആ പ്രായത്തില്‍ ഈ ഒരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷേ അവന്‍ നന്നായിട്ട് ചെയ്യുന്നുണ്ട്. ആദ്യമായിട്ടാണ് യങ്ങായ ഒരു നടന് അച്ഛന്റടുത്ത് നിന്നും ഇത്രയധികം പ്രശംസ ലഭിക്കുന്നത്,’ ഷോബി കൂട്ടിച്ചേര്‍ത്തു.

Content Highlight: thilakan said this about Dulquar salman says Shobi Thilakan