അന്നേ കമലിനോട് തിലകന്‍ പറഞ്ഞു, 'ദുല്‍ഖര്‍ ഒരു പ്രോമിസാണ്'
Film News
അന്നേ കമലിനോട് തിലകന്‍ പറഞ്ഞു, 'ദുല്‍ഖര്‍ ഒരു പ്രോമിസാണ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th July 2023, 11:49 pm

സെക്കന്റ് ഷോ എന്ന കൊച്ചുചിത്രത്തില്‍ തുടങ്ങി ഇന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ എത്തിനില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരം. തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ മലയാളത്തിന് പുറത്തേക്കും വലിയ ഫാന്‍ബേസാണ് താരം ഉണ്ടാക്കിയെടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ മകന്‍ എന്ന ഒരു കെയര്‍ ഓഫുമില്ലാതെ തന്നെയാണ് ദുല്‍ഖര്‍ ഇന്ന് ഈ നിലയിലെത്തിയിരിക്കുന്നത്.

താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള സാധാരണക്കാരും സെലിബ്രിറ്റികളുമുള്‍പ്പെടെ ആശംസകള്‍ കൊണ്ട് മൂടുകയാണ്. ഈ പശ്ചാത്തലത്തില്‍ ദുല്‍ഖറിനെ പറ്റി പണ്ട് തിലകന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

അന്നത്തെ പ്രായം വെച്ച് നോക്കുമ്പോള്‍ ദുല്‍ഖര്‍ അത്ര വലിയ സിനിമാക്കാരനല്ലെന്നും എന്നാല്‍ അഭിനയിക്കുകയല്ല, ബിഹേവ് ചെയ്യുകയാണ് ചെയ്തതെന്നും തിലകന്‍ പറഞ്ഞിരുന്നു. അമൃത ടി.വിക്കായി സംവിധായകന്‍ കമല്‍ നടത്തിയ അഭിമുഖത്തില്‍ വെച്ച് ദുല്‍ഖര്‍ ഒരു പ്രോമിസാണെന്നും തിലകന്‍ പറഞ്ഞിരുന്നു.

‘പ്രധാനവേഷം അഭിനയിച്ചിരിക്കുന്നത് തന്നെ ദുല്‍ഖര്‍ സല്‍മാനാണ്. പ്രായം വെച്ച് നോക്കുമ്പോള്‍ അത്ര വലിയ സിനിമാക്കാരനെന്നൊന്നും പറയാന്‍ പറ്റിയിട്ടില്ല. പക്ഷേ അതൊരു വലിയ ഗുണമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. പുള്ളി അഭിനയിക്കുകയല്ല, ബിഹേവ് ചെയ്യുകയാണ് ചെയ്തത്. അതാണ് ഒരു നടന് വേണ്ടത്. അത് ദുല്‍ഖര്‍ സ്വായത്തമാക്കിയിട്ടുണ്ട്. ദുല്‍ഖര്‍ തീര്‍ച്ചയായും ഒരു പ്രോമിസാണ്,’ തിലകന്‍ പറഞ്ഞു.

അതേസമയം പിറന്നാള്‍ ദിനത്തില്‍ നിരവധി ദുല്‍ഖര്‍ ചിത്രങ്ങളുടെ അപ്‌ഡേഷനാണ് പുറത്ത് വന്നത്. വെങ്കി അറ്റ്‌ലൂരിക്കൊപ്പം ഒന്നിക്കുന്ന ലക്കി ഭാസ്‌കര്‍, റാണാ ദഗ്ഗുബാട്ടി നിര്‍മിക്കുന്ന കാന്താ എന്നീ ചിത്രങ്ങളുടെ ടൈറ്റില്‍ ലുക്ക് ഇന്ന് പുറത്തുവന്നിരുന്നു. കിങ് ഓഫ് കൊത്തയിലെ പുതുതായി പുറത്തുവന്ന കലാപകാരാ എന്ന പാട്ടും തരംഗമായിരുന്നു.

Content Highlight: thilakan’s words about dulquer salmaan