സമനിലയിലും ചരിത്രം കുറിച്ച് ബെല്‍ജിയത്തിന്റെ കോര്‍ട്ടോയിസ്; ആധിപത്യത്തില്‍ രണ്ടേ രണ്ട് പേര്‍!
Football
സമനിലയിലും ചരിത്രം കുറിച്ച് ബെല്‍ജിയത്തിന്റെ കോര്‍ട്ടോയിസ്; ആധിപത്യത്തില്‍ രണ്ടേ രണ്ട് പേര്‍!
ശ്രീരാഗ് പാറക്കല്‍
Monday, 22nd June 2026, 11:23 am

2026 ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ജിയിലെ നിര്‍ണായക പോരാട്ടത്തില്‍ ബെല്‍ജിയത്തിനും ഇറാനും ഗോള്‍രഹിത സമനില. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളുടെയും ഗോള്‍കീപ്പര്‍മാര്‍ നടത്തിയ മികച്ച സേവുകളാണ് സമനിലയിലേക്ക് നയിച്ചത്.

പന്ത് കൈവശം വെക്കുന്നതിലും ആക്രമണങ്ങളിലും ബെല്‍ജിയം മേല്‍ക്കൈ പുലര്‍ത്തിയെങ്കിലും പല അവസരങ്ങളും ടീമിന് ഗോളാക്കി മാറ്റാനായില്ല. രണ്ടാം പകുതിയില്‍ ഡിഫന്‍ഡര്‍ നഥാന്‍ എന്‍ഗോയ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബെല്‍ജിയം പത്തുപേരായി ചുരുങ്ങുകയും ചെയ്തു. ഈ സമനിലയോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഇരു ടീമുകള്‍ക്കും രണ്ട് പോയിന്റ് വീതമായി.

ഇറാന്റെ ഗോള്‍കീപ്പര്‍ അലിറേസ ബെയ്‌റന്‍വാന്‍ഡ് നിര്‍ണായകമായ ഏഴ് സേവുകളുമായി ടീമിന്റെ രക്ഷകനായി. മാക്‌സിം ഡി ക്യൂപ്പറുടെ രണ്ട് ക്ലോസ് റേഞ്ച് ശ്രമങ്ങള്‍ ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍ താരം തടഞ്ഞുനിര്‍ത്തി. ഈ പ്രകടനത്തിന് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. മറുവശത്ത് ബെല്‍ജിയം നായകന്‍ തിബൗട്ട് കോര്‍ട്ടോയിസും മികച്ച സേവുകളുമായി തിളങ്ങി.

ഗോള്‍ സേവിങ്ങിന് പുറമെ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടവും കോര്‍ട്ടോയിസ് സ്വന്തമാക്കിയിരുന്നു. ബെല്‍ജിയത്തിനായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരം എന്ന നേട്ടമാണ് താരം കൈപ്പിടിയിലൊതുക്കിയത്. ഈ നേട്ടത്തില്‍ ബെല്‍ജിയത്തിന്റെ എന്‍സോ ഷിഫോയുടെ റെക്കോഡിനൊപ്പമാണ് കോര്‍ട്ടോയിസിന് എത്താന്‍ സാധിച്ചത്. ഇരുവരും 17 മത്സരങ്ങളാണ് ലോകകപ്പില്‍ കളിച്ചത്.

അതേസമയം മത്സരത്തിലെ 25ാം മിനിട്ടില്‍ ഇറാന്റെ മെഹ്ദി തരേമി നേടിയ ഗോള്‍ വാര്‍ പരിശോധനയില്‍ ഓഫ്സൈഡെന്ന് കണ്ടെത്തിയിരുന്നു. 66ാം മിനിട്ടില്‍ തരേമിയെ ഫൗള്‍ ചെയ്തതിന് നഥാന്‍ എന്‍ഗോയ്ക്ക് നേരിട്ട് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ഒരാളുടെ അഭാവത്തില്‍ ബെല്‍ജിയം ഇറാന്റെ ശ്രമങ്ങളെ പ്രതിരോധത്തിലാക്കുകയായിരുന്നു.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയം ന്യൂസിലാന്‍ഡിനെയും ഇറാന്‍ ഈജിപ്തിനെയും നേരിടും. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും അടുത്ത മത്സരത്തില്‍ ജയം അനിവാര്യമാണ്. ജൂണ്‍ 16ന് നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെയും 2-2 എന്ന നിലയില്‍ ഇറാന്‍ തളച്ചിരുന്നു.

Content Highlight: Thibaut Courtois In Great Record Achievement In FIFA World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ