കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ആഞ്ഞടിച്ച് തമിഴ് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ. തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞദിവസം സംഘടിപ്പിച്ച ‘കല്‍വിയില്‍ സിരന്ത തമിഴ്‌നാട് (വിദ്യാഭ്യാസത്തില്‍ മികച്ചുനില്‍ക്കുന്ന തമിഴ്‌നാട്) പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന് വിദ്യാഭ്യാസം നിഷേധിക്കാന്‍ കാരണമാകുന്ന പദ്ധതിയാണ് കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ത്യാഗരാജന്‍ പറയുന്നു.
ഇന്നും ഇന്നലെയുമൊന്നുമല്ല ഇത് തുടങ്ങിയതെന്നും ആര്യന്മാരുടെ അധിനിവേശ കാലം മുതല്‍ ഇത് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഇതിഹാസഗ്രന്ഥങ്ങളായ മഹാഭാരതത്തില്‍ തന്നെ ഇതിനുള്ള ഉദാഹരണങ്ങള്‍ കാണാമെന്നും ഇന്നും അതില്‍ മാറ്റമൊന്നുമില്ലെന്നും ത്യാഗരാജന്‍ കുമാരരാജ കൂട്ടിച്ചേര്‍ത്തു.
‘മഹാഭാരതത്തിലേക്ക് നോക്കുകയാണെങ്കില്‍ ആയുധവിദ്യ പഠിക്കണമെന്ന് ആഗ്രഹിച്ച ഒരുവനെ അവന്റെ ജാതിയുടെ പേര് പറഞ്ഞ് വിദ്യാഭ്യാസം നിഷേധിച്ചു. അവന്‍ അതില്‍ തളരാതെ ഒറ്റക്ക് പഠിച്ചു. ഇതറിഞ്ഞ ഗുരുവായ ദ്രോണാചാര്യന്‍ എന്താണ് ചെയ്തതെന്ന് വെച്ചാല്‍ ദക്ഷിണയായി അവന്റെ പെരുവിരല്‍ മുറിച്ചുവാങ്ങി അവന് പഠിക്കാനാകാത്ത രീതിയിലാക്കി.
അത് കണ്ട കര്‍ണന്‍, അതേ ഗതി തനിക്ക് വരാതിരിക്കാന്‍ മറ്റൊരു ഗുരുവിന്റെയടുത്തേക്ക് പോയി. ആ ആചാര്യന്‍ അവനോട് ജാതി ഏതാണെന്ന് ചോദിച്ചപ്പോള്‍ ഉയര്‍ന്ന ജാതിയാണെന്ന് കള്ളം പറഞ്ഞ് ആയുധവിദ്യ പഠിച്ചു. എന്നാല്‍ അവന്‍ ഉയര്‍ന്ന ജാതിയല്ലെന്ന് അറിഞ്ഞപ്പോള്‍ ആചാര്യന്‍ അവനെ ശപിച്ചു. ‘നീ പഠിച്ചതൊക്കെ മറക്കും’ എന്ന് പറഞ്ഞാണ് ശപിച്ചത്.
അന്നത്തെ കാലത്ത് ദ്രോണാചാര്യരും കൃപാചാര്യരും പിന്നീട് രാജഗോപാലാചാരിയും ചെയ്തത് എന്താണോ അത് തന്നെയാണ് ഇപ്പോള്‍ പുതിയ വിദ്യാഭ്യാസ നയമെന്ന പേരില്‍ കേന്ദ്ര സര്‍ക്കാരും ചെയ്യുന്നത്.
സമത്വവും സാമൂഹ്യനീതിയുമില്ലാത്ത ഒരു നാട്ടില്‍ എല്ലാവരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി സമൂഹത്തെ നല്ലൊരു പാതയിലേക്ക് നയിക്കാന്‍ എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.
പഠിക്കാന്‍ യാതൊരു ഗതിയുമില്ലാത്ത കുട്ടികള്‍ക്ക് സൈക്കിളും ബുക്കുമൊക്കെ കൊടുത്ത് എങ്ങനെയെങ്കിലും സമൂഹത്തിന്റെ മുകള്‍തട്ടിലേക്ക് വരാന്‍ ശ്രമിക്കുന്നവരെ തടയാന്‍ ദ്രോണാചാര്യര്‍ പെരുവിരല്‍ ചോദിച്ചു വാങ്ങിയതുപോലെ, കൃപാചാര്യര്‍ കര്‍ണന് അംനീഷ്യ കൊടുത്തതുപോലെ ഇപ്പോഴുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്യമാണ് പുതിയ വിദ്യാഭ്യാസ നയം,’ ത്യാഗരാജന്‍ കുമാരരാജ പറയുന്നു.
തമിഴ്‌നാട്ടില്‍ ഹിന്ദി പഠനം ഏര്‍പ്പെടുത്തിയതിലൂടെ പല വിവാദങ്ങള്‍ക്കും തുടക്കമിട്ടയാളായിരുന്നു സി. രാജഗോപാലാചാരി. സ്‌കൂള്‍ സമയം രണ്ട് ഷിഫ്റ്റുകളാക്കി മാറ്റിയതും പെണ്‍കുട്ടികള്‍ അമ്മയില്‍ നിന്നും ആണ്‍കുട്ടികള്‍ അച്ഛനില്‍ നിന്നും വീട്ടുജോലികള്‍ ചെയ്തുപഠിക്കാനും ആവശ്യപ്പെട്ടയാള്‍ കൂടിയാണ് അദ്ദേഹം.
Content Highlight: Thiagarajan Kumararaja speaks against New Education Policy and Central Government