Administrator
Administrator
തെയ്യം ഇരുളും വെളിച്ചവും
Administrator
Sunday 29th May 2011 7:14pm

theyyam-vishnu moorthi

വി.കെ.അനില്‍കുമാര്‍

തെക്കുംകര കര്‍ണ്ണമൂര്‍ത്തി ഒരു വ്യക്തിയല്ല. വ്യക്തിയാകുമ്പോള്‍ ഒരു ജീവിതവും ജനിമൃതിയും സ്വാഭാവികമാണ്. തെക്കുംകര കര്‍ണ്ണമൂര്‍ത്തി ഒരു പാരമ്പര്യവും അതിന്റെ തുടര്‍ച്ചയുമാകുന്നു. മനുഷ്യനും അങ്ങിനെയല്ലാത്ത മറ്റൊരു ചൈതന്യത്തിനുമിടയിലെ ദൂരമാകുന്നു കീഴാളനായ തെക്കുംകര കര്‍ണ്ണമൂര്‍ത്തി.

വാക്കുകളില്‍ നിറം ചാര്‍ത്തി എഴുതേണ്ടുന്ന ഒന്നല്ല കര്‍ണ്ണമൂര്‍ത്തിയും അദ്ദേഹത്തിന്റെ തെയ്യവും. എത്ര നിറം ചേര്‍ത്താലും അദ്ദേഹത്തിന്റെ ചിരട്ടയിലെ ചായില്ല്യത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭമായി പോകുന്നു. മനുഷ്യാധ്വാനത്തിന്റെ തീവ്രതയും നിഗൂഢതയും ജീവിതത്തിന്റെ പച്ചയും ഇരുളും തെയ്യത്തിലുണ്ട്.

Karnammoorthy, thekkumkara kannanമനയോലച്ചോപ്പിലും കുരുത്തോലപ്പച്ചയിലും മഞ്ഞള്‍പ്പൊടിയിലും പഴമയുടെ ദ്രാവിഡഗന്ധമുണ്ട.് അടുത്തറിയുമ്പോള്‍ അതുതന്നെയാണ് ഈശ്വരഗന്ധവും. അതുകൊണ്ടുതന്നെ തെക്കുംകര കര്‍ണ്ണമൂര്‍ത്തി ദേവതയുടെയും മനുഷ്യന്റെയും മിശ്രിതമാകുന്നു.

ചരിത്രത്തെ രൂപപ്പെടുത്തിയ സംസ്‌കാരം

എന്താണ് ചരിത്രത്തെ രൂപപ്പെടുത്തുന്നത്? എന്താണ് ചരിത്രനിര്‍മ്മിതിയിലെ ഘടകങ്ങള്‍?. രേഖപ്പെടുത്തലുകളുടെ കൃത്യതയ്ക്കപ്പുറം അനുഷ്ഠാനങ്ങളിലൂടെ, പാരമ്പര്യമായ ഏതൊക്കെയോ വിനിമയങ്ങളിലൂടെ ചില കീഴ്‌വഴക്കങ്ങള്‍ ചരിത്രമാകാതെ സംസ്‌കാരമായി അതിന്റെ ഗോത്രസ്മൃതികളോടെ നിലനില്‍ക്കുന്നു.

എഴുതപ്പെട്ട ചരിത്രത്തിന്റെ പിന്‍ബലത്തോടെ തെയ്യത്തെ വ്യാഖ്യാനിക്കുക എളുപ്പമല്ല. കീഴാളജീവിതത്തിന്റെ നിഗൂഢതകളിലേറി പരാഗണം ചെയ്യപ്പെട്ട് തഴച്ചുനില്‍ക്കുന്ന സംസ്‌കാരത്തെ നമുക്ക് അവഗണിക്കാനാവില്ല.തെയ്യത്തിന്റെ ചരിത്രാന്വേഷണങ്ങളൊക്കെയും ‘സ്വരൂപ വിചാര’ത്തിലാണെത്തിച്ചേരുക.

പോര്‍ച്ചുഗീസ് അധിനിവേശത്തിന് മുന്‍പത്തെ ചരിത്രം വസ്തുതാപരമായി വിശകലനം ചെയ്യുക എളുപ്പമല്ല. കോലത്തുനാട് അധിനിവേശത്തിന്റെ ആദ്യഭൂമിയായിരുന്നു. അള്ളടത്തുസ്വരൂപവും അതിന്റെ ആസ്ഥാനമായി നീലേശ്വരത്ത് രാജകൊട്ടാരവും കോലത്തിരി സ്ഥാപിക്കുകയും ചെയ്യുന്നതോടെ തെയ്യം അതിന്റെ സാംസ്‌കാരികമായ വളര്‍ച്ചയിലെത്തുകയായിരുന്നു.

തെക്കുംകര കര്‍ണ്ണമൂര്‍ത്തിയുടെ ഉല്‍പ്പത്തിയെപ്പറ്റി പറഞ്ഞുകേള്‍ക്കുന്ന കഥ ചരിത്രമാകാനേ സാധ്യതയുള്ളൂ. ടിപ്പുവിന്റെ പടയോട്ടക്കാലം. 17ാം നൂറ്റാണ്ടുകള്‍ കോലത്തുനാടിനെ സംബന്ധിച്ച് രക്തച്ചൊരിച്ചിലിന്റെയും വൈദേശികാധിപത്യത്തിന്റെയും കാലമായിരുന്നു. നീലേശ്വരം രാജാവിനെ ടിപ്പു സുല്‍ത്താന്‍ അക്രമിച്ചപ്പോള്‍ ചില പ്രഭുക്കന്മാര്‍ ഇന്നത്തെ കാസര്‍ഗോഡ് ജില്ലയുടെ തെക്കേ അറ്റത്തുള്ള പിലിക്കോടിലെ ‘വേലന്‍ കതിര്’ എന്ന സ്ഥലത്തെ ഒരു വേലന്റെ കുടിലില്‍ ഒളിവില്‍ പാര്‍ത്തു.

tipu sultanടിപ്പുവിന്റെ ധനം മോഹിച്ച വേലന്‍ അള്ളടത്തു തമ്പുരാക്കന്മാരെ ഒറ്റിക്കൊടുത്തു. ഇതില്‍ വൈരാഗ്യംപൂണ്ട നീലേശ്വരം രാജാവ് പിന്നീട് വേലന്‍ കുടുംബത്തെ അവിടെനിന്നും നാടുകടത്തി. എവിടെയും രേഖപ്പെടുത്താത്ത ഈ കെട്ടുകഥയോ ചരിത്രമോ ഉണ്ടായിട്ടുള്ളത് 17ാം നൂറ്റാണ്ടിലാണ്.

1799ലാണ് ടിപ്പു സുല്‍ത്താനെ മൈസൂര്‍യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ വധിക്കുന്നത്. ആ കാലഘട്ടത്തില്‍ പിലിക്കോടും പരിസരപ്രദേശങ്ങളിലും തെയ്യം കെട്ടാനുള്ള അവകാശം വേലന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കായിരുന്നു. കോലത്തിനവകാശിയായ വേലനെ നാടുകടത്തിയപ്പോള്‍ അള്ളടത്ത് ദേശത്ത് തെയ്യം കെട്ടുന്നതിനായി പുതിയൊരവകാശിയെ കൊണ്ടുവരികയായിരുന്നു.

നീലേശ്വരത്തെ ക്ണാവൂര്‍ ദേശത്തുനിന്ന് ഒരു കോലക്കാരെനെ പിലിക്കോട് കൊണ്ടുവരികയും, തെക്കുംകര കര്‍ണ്ണമൂര്‍ത്തിയായി അവരോധിക്കുകയും ആചാരമുദ്രയായി ‘കച്ചും ചുരികയും’ നല്‍കി ആദരിക്കുകയും ചെയ്തു. നീലേശ്വരത്ത് രാജാവ് കല്‍പ്പിച്ചുകൊടുത്ത ദേശപരിധിയാണ് ഒളോറക്കടവുമുതല്‍ ഉദയംകുന്നുവരെയുള്ള ഭൂപ്രദേശം.

ചരിത്രത്തിലെയും കെട്ടുകഥയിലേയും നെല്ലും പതിരും വേര്‍തിരിക്കുമ്പോള്‍ ഏതാണ്ട് 17ാം നൂറ്റാണ്ടിലെ രാഷ്ട്രീയ സാഹചര്യമായിരുന്നു തെക്കുംകര കര്‍ണ്ണ മൂര്‍ത്തിയുടെ ഉല്‍പ്പത്തിക്ക് കാരണമെന്ന് വിശ്വസിക്കേണ്ടിവരും. കോലത്തിരിയുടെ സാമന്തനായിരുന്ന മന്നോന്‍ വാണിരുന്ന തൃക്കരിപ്പൂര്‍ ഉദിനൂര്‍ കോവിലകത്ത് വച്ചാണ് ഇപ്പോഴും കോലക്കാര്‍ക്കുള്ള ആചാരം നല്‍കിവരുന്നത്.

‘തെക്കുംകര’ തറവാടിന്റെ മൂലസ്ഥാനം ക്ണാവൂര്‍ ദേശമാണ്. ഇത് നീലേശ്വരം രാജാവുമായി വളരെയേറെ ബന്ധമുള്ളതാണ്. വലിയ രാജാവിന്റെ കൊട്ടാരം ക്ണാവൂരാണ്. ഈ പ്രദേശത്തിലെ ആചാരക്കാരന്‍ തെക്കുംകര നേണിക്കമാണ്.അടുത്ത പേജില്‍ തുടരുന്നു

Advertisement