ടൊവിനോയെ മാറ്റണമെന്ന് അവർ പറഞ്ഞു; നടക്കില്ലെന്ന് ഞാനും: രൂപേഷ് പീതാംബരൻ
Malayalam Cinema
ടൊവിനോയെ മാറ്റണമെന്ന് അവർ പറഞ്ഞു; നടക്കില്ലെന്ന് ഞാനും: രൂപേഷ് പീതാംബരൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th September 2025, 11:03 pm

രൂപേഷ് പീതാംബരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ മലയാളം ഹാസ്യ ചിത്രമാണ് യു ടൂ ബ്രൂട്ടസ്. ആർ.ജെ മാത്തുക്കുട്ടിയും രൂപേഷും ചേർന്നാണ് ചിത്രത്തിന് സംഭാഷണം ഒരുക്കിയത്.

ആസിഫ് അലി, ശ്രീനിവാസൻ, ടൊവിനോ തോമസ്, ഹണി റോസ്, അനു മോഹൻ, രചന നാരായണൻകുട്ടി എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ.

യു ടു ബ്രൂട്ടസ് എന്ന ചിത്രത്തിന്റെ നിർമാണത്തിനായി ആദ്യം സമീപിച്ചവർ ടൊവിനോയെ ചിത്രത്തിൽ നിന്നും മാറ്റണമെന്ന് പറഞ്ഞെന്നും അങ്ങനെ ചെയ്യാത്തത് കൊണ്ട് അപ്പോൾ ചിത്രം നടക്കാതെ പോയെന്നും രൂപേഷ് പറയുന്നു.

‘അവര് എന്നോട് പറഞ്ഞു ടൊവിനോയെ മാറ്റണമെന്ന്. അപ്പോൾ ഞാൻ കാരണം ചോദിച്ചപ്പോൾ പറയുന്നത് ടൊവിനോയ്ക്ക് ഫ്‌ളെക്‌സിബിളിറ്റിയില്ലെന്നാണ്.

അപ്പോൾ ഞാൻ ‘ഫ്‌ളെക്‌സിബിളിറ്റി ഞാൻ കൊണ്ടുവന്നോളാം, ടൊവിനോയെ ഞാൻ മാറ്റില്ല’ എന്ന് അവരോട് പറഞ്ഞു. ബാക്കി കാസ്റ്റൊക്കെ ഓക്കെയാണ് എന്നാൽ ടൊവിനോ മാത്രം ഓക്കെയല്ല,’ രൂപേഷ് പറഞ്ഞു.

ഇതറിഞ്ഞ് തന്നെ ശ്രീനിവാസൻ വിളിച്ച് ചീത്ത പറഞ്ഞുവെന്നും ഒരാൾക്ക് വേണ്ടി മാത്രം പിടിച്ചുനിൽക്കുന്നത് എന്തിനാണ് പടം നടക്കണ്ടേയെന്ന് ചോദിച്ചുവെന്നും രൂപേഷ് പറയുന്നു.

അപ്പോൾ താൻ അദ്ദേഹത്തോട് ചിത്രത്തിൽ നിങ്ങളാണ് നായകൻ നിങ്ങളുടെ പടം പ്രൊഡ്യൂസ് ചെയ്യാൻ താത്പര്യമില്ലെങ്കിൽ അവർ അത് പറയട്ടേ, ഇതിന്റെ ഇടയിൽ നിന്നും ആളുകളെ എന്തിനാണ് മാറ്റുന്നത് എന്ന് ചോദിച്ചുവെന്നും രൂപേഷ് കൂട്ടിച്ചേർത്തു. സിനിമ അപ്പോൾ നടന്നില്ലെന്നും അദ്ദേഹം പറയുന്നു.

അവസാനം തനിക്ക് ഈ പടം ചെയ്‌തേ പറ്റൂവെന്ന അവസ്ഥ വന്നെന്നും തന്റെ രണ്ട് കൊല്ലത്തോളം പോയെന്നും ഡിപ്രഷനിലായെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് കൊല്ലത്തിന് ശേഷം ഈ സിനിമ ചെയ്യാൻ വേണ്ടി സുഹൃത്തിന്റെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തനിക്ക് കുറച്ച് കാര്യങ്ങൾ പറഞ്ഞുതന്നെന്നും മാർക്കറ്റ് വാല്യൂ ഉള്ള നടനെ കാസ്റ്റ് ചെയ്താൽ സിനിമ നടക്കുമെന്ന് പറഞ്ഞുവെന്നും രൂപേഷ് പറയുന്നു.

അങ്ങനെയാണ് ചിത്രത്തിൽ ആസിഫ് അലി ഹണി റോസ് എന്നിവരെ കാസ്റ്റ് ചെയ്തതെന്നും രൂപേഷ് പീതാംബരൻ കൂട്ടിച്ചേർത്തു.

 

Content Highlight: They said they wanted Tovino to be replaced; I also said it wouldn’t work: Rupesh Peethambaran