അന്ന് നിമിഷ പ്രിയയെ രക്ഷിക്കാന്‍ ആരുമില്ലെന്ന് പറഞ്ഞു, ഇന്ന് രക്ഷിക്കേണ്ടെന്നും; തിരിഞ്ഞുകൊത്തി കാസയുടെ മുന്‍നിലപാട്
Kerala
അന്ന് നിമിഷ പ്രിയയെ രക്ഷിക്കാന്‍ ആരുമില്ലെന്ന് പറഞ്ഞു, ഇന്ന് രക്ഷിക്കേണ്ടെന്നും; തിരിഞ്ഞുകൊത്തി കാസയുടെ മുന്‍നിലപാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th July 2025, 9:22 am

തിരുവനന്തപുരം: നിമിഷ പ്രിയ വിഷയത്തിൽ തീവ്ര വലതുപക്ഷ ക്രിസ്ത്യന്‍ സംഘടനയായ കാസയുടെ ഇരട്ടത്താപ്പ് നിലപാട് പുറത്ത്. സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി പണം കണ്ടെത്താൻ മലയാളികൾ ഒന്നടങ്കം ശ്രമിക്കവേ നിമിഷ പ്രിയയെ മലയാളികൾ തഴഞ്ഞെന്ന് പരാതി പറഞ്ഞ അതേ കാസയാണ് നിമിഷ പ്രിയ കുറ്റവാളിയാണെന്നും മോചിപ്പിക്കരുതെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നത്.

കാസയുടെ ഈ ഇരട്ടത്താപ്പ് നിലപാടിനെതിരെ വലിയ വിമർശനം ഉയരുകയാണിപ്പോൾ. നിമിഷ പ്രിയയ്ക്ക് വേണ്ടി നമ്മുടെ ഭരണകൂടങ്ങള്‍ എന്തിന് ഇടപെടണമെന്നായിരുന്നു കാസ ചോദിച്ചത്. നമ്മുടെ രാജ്യക്കാരി യെമന്‍ പോലെ ഒരു രാജ്യത്ത് പ്രാകൃത വധശിക്ഷയ്ക്ക് ഇരയാകുന്നത് വേദന ഉണ്ടാക്കുന്ന കാര്യമാണെങ്കിലും ലോകത്തെ ഏത് രാജ്യത്തെ നിയമം വെച്ച് നോക്കിയാലും ദൈവീക നിയമപ്രകാരവും നിമിഷ പ്രിയ കടുത്ത കുറ്റവാളി തന്നെയാണെന്നും കാസ നേതാവ് കെവിന്‍ പീറ്റര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

 

അതേസമയം സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന്റെ മോചനത്തിനായി 27 കോടി രൂപ സ്വരൂപിക്കുന്നതിനായി മലയാളികൾ ഒന്നടങ്കം പ്രവർത്തിച്ചതിനെതിരെ കാസ രംഗത്തെത്തിയിരുന്നു. മുസ്‌ലിമായ റഹീമിന് വേണ്ടി വാദിക്കുന്നവർ ക്രിസ്ത്യാനിയായ നിമിഷ പ്രിയയെ തഴയുന്നുവെന്നും ഇതാണ് കേരളത്തിന്റെ ഇരട്ടത്താപ്പെന്നുമായിരുന്നു അന്ന് കാസയുടെ വാദം.

‘കൊലപാതക കുറ്റത്തിൽ അകത്ത് കിടക്കുന്ന അബുദുൽ റഹീമിന് വേണ്ടി 27 കോടി കൊടുത്ത് ഇറക്കാൻ കേരളത്തിൽ ആളുണ്ട്. പക്ഷേ വേറെ ഒരു മലയാളി പെൺകുട്ടി നിമിഷ പ്രിയ യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടതിന് കോടികൾ പിരിക്കാൻ ഒരാൾക്കും താത്പര്യം ഇല്ല. അന്ന് ആ ന്യൂസിന്റെ അടിയിൽ അവൾ ചാവേണ്ടവൾ ആണെന്നാണ് മേത്തന്മാർ കമൻ്റ് അടിച്ചത്. ജോലി സ്ഥലത്ത് വെച്ച് കാട്ടറബി തന്റെ യഥാർത്ഥ കാട്ടസ്വഭാവം പുറത്ത് എടുത്തപ്പോൾ ചെറുത്തുനിൽപ്പ് നടത്തിയ സാഹചര്യത്തിൽ ചത്തു പോയ ഉടായിപ്പ് യെമനി അറബിയുടെ ഭാഗത്ത് ആയിരുന്നു തെറ്റ്. ഇപ്പോൾ ഞമ്മന്റെ ആള് ചാവാൻ പോയപ്പോൾ എന്താ കേരളത്തിലെ പുകില്. ഇതാണ് കേരളത്തിൽ നടക്കുന്ന ഇരട്ടതാപ്പ്,’ കാസയുടെ പോസ്റ്റിൽ പറയുന്നു.

നിമിഷ പ്രിയയുടെ വിഷയത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ അപ്രതീക്ഷിത ഇടപെടലിൽ വധശിക്ഷ താത്ക്കാലികമായി മരവിച്ചതിന് പിന്നാലെയായിരുന്നു കാസയുടെ പുതിയ പോസ്റ്റ് വന്നത്.

‘നിമിഷപ്രിയ കൊലപാതകം ചെയ്തതിന് പുറമെ വളരെ ഹീനമായ രീതിയില്‍ അത് മൂടി വെക്കാനും ശേഷം ഒളിച്ചു രക്ഷപ്പെടുവാനുമാണ് ശ്രമിച്ചത്. സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിന് എന്ന ദൈവവചനം പോലെ നാം ഏത് രാജ്യത്ത് ആയിരിക്കുന്നുവോ ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കേണ്ടതായി വരും. അവിടെ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ അതിനനുസരിച്ച് ഏതു തരത്തിലുള്ള ശിക്ഷയാണോ ലഭിക്കുന്നത് അത് അനുഭവിക്കാന്‍ നാം ബാധ്യസ്ഥരാണ്.

ഈ കൊലപാതകം ഭാരതത്തിലാണ് നടന്നതെങ്കില്‍ നിമിഷയ്ക്ക് തൂക്കുമരമോ ജീവപര്യന്തമോ ലഭിക്കുമായിരുന്നു. ഭാരതീയര്‍ ഏത് നാട്ടില്‍ പോയി എന്ത് വൃത്തികേട് കാട്ടി ജയിലില്‍ ആയാലും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മോചിപ്പിച്ചു കൊണ്ടുവരുമെന്നാണോ? യെമന്‍ എന്നു പറയുന്ന രാജ്യത്തിന് ഭാരതം ഉള്‍പ്പെടെ ലോകത്തുള്ള 99% രാജ്യങ്ങളുമായും നയതന്ത്ര ബന്ധമില്ല. അതുകൊണ്ടുതന്നെ ആ രാജ്യത്തിനുള്ളിലെ വിഷയത്തില്‍ നയതന്ത്രപരമായ ഇടപെടലിന് പരിമിതികള്‍ ഉണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയുള്ള എല്ലാ ശ്രമങ്ങളും നടന്നിരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വഴി തന്നെയാണ്,’ കാസ നേതാവ് കെവിന്‍ പീറ്റര്‍ പറഞ്ഞു.

അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരേയും കെവിന്‍ തന്റെ പോസ്റ്റിലൂടെ വിമര്‍ശിക്കുന്നുണ്ട്. കാന്തപുരം സൂഫി പണ്ഡിതനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത് സാധ്യമായത് എന്ന രീതിയില്‍ കാന്തപുരത്തെ നന്മമരമാക്കി കൊണ്ട് തുടങ്ങിയ കോലാഹലങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കെവിന്‍ പരിഹസിച്ചു.

വധശിക്ഷ നീട്ടിവെച്ച തീരുമാനത്തില്‍ കാന്തപുരത്തിന്റെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല. പക്ഷേ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ ഇനി സ്വാധീനിക്കാനുള്ള കാര്യങ്ങളില്‍ ഒരു പക്ഷേ കാന്തപുരത്തിന് അവിടെ തനിക്ക് ബന്ധമുള്ള ആളുകളില്‍ സമ്മർദം ചെലുത്താന്‍ കഴിയുമായിരിക്കും. പക്ഷേ അതിനുള്ള സാധ്യത കുറവാണ്, കാരണം കാന്തപുരം ഇസ്‌ലാമിലെ സുന്നി വിഭാഗത്തില്‍ പെട്ടയാളാണ്. യെമന്‍ ഷിയാ വിഭാഗത്തിന് മുന്‍തൂക്കമുള്ളവർ കൈയ്യടക്കിയ സ്ഥലമാണ്. ഹൂത്തികള്‍ എന്നറിയപ്പെടുന്ന ഷിയ മുസ്‌ലിം വിഭാഗം ഷിയാ രാജ്യമായ ഇറാന്റെ പിന്തുണയോടെ നിരന്തരം സുന്നികള്‍ക്ക് എതിരെ പ്രത്യേകിച്ച് സൗദിയടങ്ങുന്ന ഗള്‍ഫ് രാജ്യങ്ങളുമായി കടുത്ത സംഘര്‍ഷത്തിലാണെന്നും കെവിൻ പറഞ്ഞു.

 

Content Highlight: They said that there was no one to save Nimisha Priya then, and that Nimisha Priya should not be saved today; Casa’s previous stance has been reversed