നമ്മള്‍ കൊടുത്ത സ്ഥാനം അവര്‍ ദുരുപയോഗം ചെയ്തു; അത് വല്ലാതെ വിഷമിപ്പിച്ചു: മെറീന മൈക്കിള്‍
Malayalam Cinema
നമ്മള്‍ കൊടുത്ത സ്ഥാനം അവര്‍ ദുരുപയോഗം ചെയ്തു; അത് വല്ലാതെ വിഷമിപ്പിച്ചു: മെറീന മൈക്കിള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd August 2025, 7:56 pm

മലയാളികള്‍ക്ക് പരിചിതയായ നടിയാണ് മെറീന മൈക്കിള്‍. മെറീന ഒരു മോഡല്‍ കൂടിയാണ്. 2014ല്‍ റിലീസ് ചെയ്ത സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് മുംബൈ ടാക്സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്‌സ്, വികൃതി തുടങ്ങിയ ഏതാനും ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ എബി എന്ന സിനിമയിലൂടെയാണ് മെറീന നായികയായി എത്തുന്നത്. കൂടല്‍ ആണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

സിനിമയിലേക്ക് വരുമ്പോള്‍ നായികാമോഹം ഉണ്ടായിട്ടില്ലേ? അതിന് തടസ്സം സൃഷ്ടിച്ചത് എന്താണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ മെറീന മൈക്കിള്‍. മഹിളാരത്‌നം മാഗസിനില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഇത്ര വര്‍ഷത്തെ കലാജീവിതത്തില്‍ സംവിധായകനില്‍ നിന്നോ മറ്റോ എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. പക്ഷേ നമുക്ക് പരിചയം ഇല്ലാത്ത ആളുകളില്‍ നിന്ന് ഒരു മോശം അനുഭവം ഉണ്ടാകുമ്പോള്‍ ആണ് ഏറ്റവും വലിയ ബുദ്ധിമുട്ട് ആകുന്നത്. അങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. അത് വളരെ വല്ലാതെ വിഷമിപ്പിച്ചു. നമ്മള്‍ അവര്‍ക്ക് കൊടുത്ത ഒരു സ്ഥാനം അവര്‍ ദുരുപയോഗം ചെയ്തു എന്നേ പറയാനുള്ളൂ,’ മെറീന പറയുന്നു.

ഇന്‍ഡസ്ട്രി നല്ലതാണെന്ന് മാത്രമേ മെറീനയ്ക്ക് അഭിപ്രായമുള്ളോ എന്ന ചോദ്യത്തോട് അതേ എന്നായിരുന്നു നടിയുടെ പ്രതികരണം.

‘മലയാള സിനിമാമേഖല വളരെ നല്ലത് തന്നെയാണ്. എല്ലാ തൊഴില്‍മേഖലകളിലും ഇത്തരം പ്രശ്നങ്ങളുണ്ട്. സിനിമാ മേഖല ആകുമ്പോള്‍ ആളുകള്‍ കൂടുതല്‍ അറിയും. പക്ഷേ ജോലി ചെയ്യണമെങ്കില്‍ വഴങ്ങണം അല്ലെങ്കില്‍ ജോലി നിഷേധിക്കും എന്നൊക്കെ പറയുന്നത് എത്ര ക്രൂരമായാണ് കാണേണ്ടത്,’ മെറീന പറയുന്നു.

Content Highlight: They abused the position we gave them; it was very upsetting: Mareena Michael