'ഇവര്‍ അമേരിക്കയെ നശിപ്പിക്കും', ഓസ്‌കാര്‍ പുരസ്‌കാരം നേടിയ പാരസൈറ്റ് സംവിധായകനെതിരെ വംശീയ പരാമര്‍ശവുമായി  അമേരിക്കന്‍ ടി.വി അവതാരകന്‍
Oscar2020
'ഇവര്‍ അമേരിക്കയെ നശിപ്പിക്കും', ഓസ്‌കാര്‍ പുരസ്‌കാരം നേടിയ പാരസൈറ്റ് സംവിധായകനെതിരെ വംശീയ പരാമര്‍ശവുമായി അമേരിക്കന്‍ ടി.വി അവതാരകന്‍
ന്യൂസ് ഡെസ്‌ക്
Monday, 10th February 2020, 1:22 pm

ന്യൂയോര്‍ക്ക്: 92-ാമത് ഓസ്‌കാര്‍ വേദിയില്‍ 4 അവാര്‍ഡുകള്‍ വാങ്ങി തിളങ്ങിയ ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിന്റെ സംവിധായകനെതിരെ വിവാദ പ്രസ്താവനയുമായി അമേരിക്കയിലെ ടി.വി അവതാരകന്‍ ജോണ്‍ മില്ലര്‍. പുരസ്‌കാരം വാങ്ങിയ ശേഷം കൊറിയന്‍ ഭാഷയില്‍ നന്ദി പറഞ്ഞതിനാണ് പാരസൈറ്റ് സംവിധായകന്‍ ബോങ്ജൂ ഹോവിനെതിരെ ബ്ലേസ് ടി.വി അവതാരകനായ ജോണ്‍ മില്ലര്‍ രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” ബോങ്ജൂ ഹോ എന്നു പേരുള്ളയാള്‍ മികച്ച തിരക്കഥയ്ക്ക് വണ്‍സ് അപോണ്‍ എ ടൈമിനെയും 1917 നെയും പിന്നിലാക്കി പുരസ്‌കാരം നേടിയിരിക്കുന്നു. നന്ദി പ്രസംഗം ഇങ്ങനെയായിരുന്നു, ഗ്രേറ്റ് ഹോണര്‍ താങ്ക് യു. പിന്നീട് അദ്ദേഹം കൊറിയന്‍ ഭാഷയിലാണ് അദ്ദേഹം പ്രസംഗം തുടര്‍ന്നത്. ഇത്തരത്തിലുള്ള ആള്‍ക്കാര്‍ അമേരിക്കയുടെ നാശത്തിനാണ്,” ജോണ്‍ മില്ലര്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ മില്ലറുടെ വംശീയ പരാമര്‍ശത്തിനു നേരെ വ്യാപക പ്രതിഷേധമാണ് ട്വിറ്ററില്‍ ഉയര്‍ന്നത്. എഴുത്തുകാരന്‍ യാഷര്‍ അലിയുള്‍പ്പെടയുള്ളവര്‍ ജോണ്‍ മില്ലറിനെതിരെ രംഗത്തെത്തി.

 

ഓസ്‌കാര്‍ വേദിയില്‍ പ്രധാന പുരസ്‌കാരങ്ങള്‍ വാങ്ങി തിളങ്ങുന്ന ആദ്യ ഏഷ്യന്‍ ചിത്രമാണ് പാരസൈറ്റ്.

മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച അന്താരാഷ്ട്ര ചിത്രം എന്നിങ്ങനെ നാലു പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്.
പാരസൈറ്റിലൂടെ മികച്ച സംവിധായകനായി ബോങ്ജൂ ഹോ തെരഞ്ഞെടുക്കുപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദ ഐറിഷ് മാന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സിസ്, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡിന്റെ സംവിധായകന്‍ ക്വിന്റിന്‍ തരന്റിനൊ, 1917 ന്റെ സംവിധായകന്‍ സാം മെന്‍ഡിസ്, ജോക്കറുടെ സംവിധായകന്‍ ടോഡ് ഫിലിപ്‌സ് എന്നിവരെ പിന്തള്ളിയാണ് ബോം ജൂ ഹൊ പുരസ്‌കാരം നേടിയത്.