അംബാനി -അദാനി ഗ്രൂപ്പുകളെ ഏറെ വൈകാതെ ദേശസാല്‍ക്കരിക്കാന്‍ ആവശ്യപ്പെടുന്ന സമയമുണ്ടാകും: വിനോദ് കെ ജോസ്
national news
അംബാനി -അദാനി ഗ്രൂപ്പുകളെ ഏറെ വൈകാതെ ദേശസാല്‍ക്കരിക്കാന്‍ ആവശ്യപ്പെടുന്ന സമയമുണ്ടാകും: വിനോദ് കെ ജോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th December 2020, 12:23 pm

ന്യൂദല്‍ഹി: അംബാനിയും അദാനിയും നടത്തിക്കൊണ്ടിരിക്കുന്ന മുതലെടുപ്പിന് ഈ രണ്ടു കുത്തക കമ്പനികളേയും ദേശസാല്‍ക്കരിക്കണമെന്ന് രാഷ്ട്രീയമായി ആവശ്യപ്പെടുന്ന സമയം ഏറെ വൈകാതെയുണ്ടാകുമെന്ന് കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ്.

”വലത്തോട്ടുള്ള ഓരോ ചലനത്തിനും വൈകിയാണെങ്കിലും ഇടത്തോട്ടൊരു മറുചലനമുണ്ടാകുമെന്നാണ് ശാസ്ത്രവും ചരിത്രവും നമ്മോട് പറയുന്നത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോര്‍പ്പറേറ്റുകള്‍ക്ക് എതിരെ കൂടിയാണ് തങ്ങളുടെ സമരമെന്ന് കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ പറഞ്ഞിരുന്നു.

ജിയോയുടെ ഫോണുകളും സിം കാര്‍ഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കുമെന്നും ഇനിമേല്‍ ഉപയോഗിക്കുകയില്ലെന്നും കര്‍ഷകര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരം പതിനാലാം ദിവസം പിന്നിട്ടിരിക്കുകയാണ്. കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് വലിയ പിന്തുണ ലഭിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തിലായിരുന്നു.

തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ നടത്തി. പക്ഷെ ഈ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു.

പിന്നീട് പ്രതിഷേക്കാര്‍ കൂടിയാലോചന നടത്തി കേന്ദ്രത്തിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറുകയില്ലെന്ന് ഒരിക്കല്‍ കൂടി അറിയിക്കുക്കയായിരുന്നു.

നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ റിലയന്‍സ് ജിയോ സിമ്മുകള്‍ പൊട്ടിച്ചെറിഞ്ഞും കത്തിച്ചും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:There will be a time with a political demand to Nationalise  Ambani and Adani