ടെൽ അവീവ്: ഇസ്രഈലിനെ ആക്രമിക്കാൻ തീരുമാനിച്ച ഏതൊരാളും വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂത്തികൾക്കെതിരായ വ്യോമാക്രമണങ്ങൾ നിരീക്ഷിച്ച ശേഷം ടെൽ അവീവിലെ ഇസ്രഈൽ വ്യോമസേന കമാൻഡ് സെന്ററിൽ നിന്ന് സംസാരിക്കവെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.
ഇന്നലെയായിരുന്നു (ഞായർ) യെമൻ, സനയിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളിൽ ഐ.ഡി.എഫ് വ്യോമാക്രമണം നടത്തിയത്. യെമൻ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സനയിലെ സൈനിക കോമ്പൗണ്ട്, ഒരു പവർ പ്ലാന്റ്, ഇന്ധന ഡിപ്പോ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളാണ് ആക്രമിച്ചത്. ഇസ്രഈൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടെന്നും 86 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സാബ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
🎯STRUCK: Multiple military targets belonging to the Houthi terrorist regime in Sanaa, Yemen, including a military site in which the presidency palace is located, the Adar and Hizaz power plants, and a site for storing fuel—all used for the military activity of the Houthi regime.…
യെമനിലെ ഹൂത്തി പ്രസിഡൻഷ്യൽ കൊട്ടാരം ഇസ്രഈൽ നശിപ്പിച്ചുവെന്ന് പ്രതിരോധ മന്ത്രി ഇസ്രഈൽ കാറ്റ്‌സ് അവകാശപ്പെട്ടു. ഇസ്രഈലിലേക്ക് ഹൂത്തികൾ തൊടുത്തുവിടുന്ന ഓരോ മിസൈലിനും അവർ പല മടങ്ങ് വില നൽകേണ്ടിവരുമെന്ന് കാറ്റ്സ് പറഞ്ഞു. എന്നാൽ യെമനിൽ നിന്ന് അത്തരം റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഐ.എ.എഫ് കൊട്ടാരം ആക്രമിച്ചതായി ബെഞ്ചമിൻ നെതന്യാഹുവും സൂചിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി യെമനിൽ നിന്ന് ഇസ്രഈലിലേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നിരുന്നു. ഇതിൽ ഇസ്രഈൽ വ്യോമസേന നടത്തിയ അന്വേഷണത്തിൽ ഹൂത്തികൾ ആദ്യമായി ക്ലസ്റ്റർ ബോംബ് വാർഹെഡ് ഉള്ള ഒരു പ്രൊജക്റ്റൈൽ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് സൈന്യം പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെയാണ് ഇസ്രഈൽ യെമൻ ആക്രമിച്ചത്.
‘നമ്മുടെ വ്യോമസേന സനയുടെ ഹൃദയഭാഗത്ത് ആക്രമണം നടത്തി. ഇസ്രഈലിനെ ദ്രോഹിക്കുന്നവർ അതിന് കനത്ത വില നൽകേണ്ടിവരും. ഇസ്രഈലിന്റെ ശക്തിയും ദൃഢനിശ്ചയവും എല്ലാവർക്കും വ്യക്തമാണ്,’ നെതന്യാഹു എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.