സൂര്യനും തുളസിക്കതിരും മാത്രമല്ലലോ വരികള്‍? വേടനെ അവാര്‍ഡിനായി തെരഞ്ഞെടുത്തതില്‍ സര്‍ക്കാര്‍ ഇടപെടലില്ല: ഗായത്രി
Kerala
സൂര്യനും തുളസിക്കതിരും മാത്രമല്ലലോ വരികള്‍? വേടനെ അവാര്‍ഡിനായി തെരഞ്ഞെടുത്തതില്‍ സര്‍ക്കാര്‍ ഇടപെടലില്ല: ഗായത്രി
രാഗേന്ദു. പി.ആര്‍
Saturday, 3rd January 2026, 9:02 am

കൊച്ചി: 55ാംമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ റാപ്പര്‍ വേടനെ (ഹിരണ്‍ദാസ് മുരളി) മികച്ച ഗാനരചയിതാവായി തെരഞ്ഞെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് ഗായികയും ജൂറി അംഗവുമായ ഗായത്രി അശോകന്‍.

ഗായത്രി അശോക് Photo: Facebook.com

വേടന്റെ ഗാനം താനാണ് ശുപാര്‍ശ ചെയ്തതെന്നും എന്നാല്‍ പുരസ്‌കാരം നല്‍കാമെന്ന തീരുമാനം ജൂറി ഒന്നാകെ സ്വീകരിച്ചതാണെന്നും ഗായത്രി പറയുന്നു. മനോരമ ന്യൂസ് ‘നേരെ ചൊവ്വേ’യില്‍ സംസാരിക്കുകയായിരുന്നു ഗായത്രി.

‘മഞ്ഞുമ്മല്‍ ബോയ്‌സ് സ്‌ക്രീന്‍ ചെയ്തുകൊണ്ടിരുന്ന സമയത്ത് ആ പാട്ടിലെ വരികള്‍ എനിക്ക് ഭയങ്കര ഇഷ്ടമായി. വിയര്‍പ്പ് തുന്നിയിട്ട കുപ്പായം… ഈ വരികള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. തുടര്‍ന്ന് ഞാന്‍ അത് നിര്‍ദേശിച്ചുവെന്ന് മാത്രം, ഇത് പരിഗണിച്ചാലോ എന്ന് ചോദിക്കുകയും ചെയ്തു,’ ഗായത്രി പറയുന്നു.

മൗലികവും ആത്മാര്‍ത്ഥവുമായ വരികളാണ് വേടന്റേതെന്നും അവര്‍ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ എഴുത്ത് എന്നത് വാക്കുകളാല്‍ അലങ്കരിക്കപ്പെട്ടതാണെന്ന വാദത്തോട് യോജിക്കുന്നില്ല. സംസ്‌കാരം എന്നത് ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വാഹനമാണ്. വരികള്‍ എന്ന് പറയുന്നത് സൂര്യനും ചന്ദ്രനും തുളസിക്കതിരും മാത്രമല്ലലോ? നമുക്ക് എല്ലാത്തിനെയും കാണാന്‍ ശ്രമിക്കണ്ടേയെന്നും ഗായത്രി ചോദിക്കുന്നു.

ലോകമെന്ന് പറയുന്നത് എല്ലാം പരസ്പരം ഒന്നിച്ചുകൊണ്ടുള്ള ഒരു മെഴുകുപാത്രമായി മാറിയിട്ടുണ്ടെന്നും ഗായത്രി പറഞ്ഞു.

അവാര്‍ഡിനായി തെരഞ്ഞെടുക്കുമ്പോള്‍ വേടനെതിരായ ആരോപണങ്ങളും വാര്‍ത്തകളും പരിഗണിച്ചിരുന്നില്ലേ, അവാര്‍ഡ് നിര്‍ണയത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടപെടലുണ്ടായോ തുടങ്ങിയ ചോദ്യങ്ങളിലും ഗായത്രി പ്രതികരിച്ചു. വേടനെതിരായ ആരോപണങ്ങള്‍ ഒരിക്കല്‍ പോലും പരിഗണിച്ചില്ലെന്നായിരുന്നു ഗായത്രിയുടെ മറുപടി.

‘എനിക്ക് കേരളത്തിലെ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. ഞാന്‍ മുംബൈയിലാണ്. അവാര്‍ഡിനായി തെരഞ്ഞെടുക്കുമ്പോള്‍ ഒരിക്കല്‍ പോലും വേടനെതിരായ ആരോപണങ്ങള്‍ പരിഗണിച്ചിട്ടില്ല. അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാരിന്റെ ഇടപെടലും ഉണ്ടായിട്ടില്ല. അത്തരമൊരു ആരോപണം ഉണ്ടെങ്കില്‍ അതില്‍ കഴമ്പില്ല,’ ഗായത്രി പറഞ്ഞു.

Content Highlight: There was no government interference in selecting the Raper Vedan for the award: Gayatri

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.