ഇറാനില്‍ ലക്ഷ്യം വെക്കാന്‍ ഇനിയൊന്നും ബാക്കിയില്ല; വിചാരിച്ചതിനേക്കാള്‍ നാശനഷ്ടങ്ങളുണ്ടാക്കി: ട്രംപ്
Iran US Conflict
ഇറാനില്‍ ലക്ഷ്യം വെക്കാന്‍ ഇനിയൊന്നും ബാക്കിയില്ല; വിചാരിച്ചതിനേക്കാള്‍ നാശനഷ്ടങ്ങളുണ്ടാക്കി: ട്രംപ്
അനിത സി
Thursday, 12th March 2026, 6:46 am

വാഷിങ്ടണ്‍: ഇറാനില്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏത് നിമിഷവും സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

‘ഇറാനില്‍ പ്രായോഗികമായി ലക്ഷ്യം വെയ്ക്കാന്‍ ഇനിയൊന്നും ബാക്കിയില്ല. കുറച്ച് കാര്യങ്ങളും കൂടി മാത്രമെ ബാക്കിയുള്ളൂ. എനിക്ക് എപ്പോഴെങ്കിലും അവസാനിപ്പിക്കാന്‍ തോന്നിയാല്‍ യുദ്ധം അവസാനിപ്പിക്കും’, ട്രംപ് ആക്‌സിയോസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

യുദ്ധം മികച്ചരീതിയിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. വിചാരിച്ചതിനേക്കാള്‍ വളരെ മുന്നിലാണ്. ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ ഇറാനില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവച്ചെന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാന്‍ പശ്ചിമേഷ്യയുടെ ബാക്കി ഭാഗങ്ങളും ലക്ഷ്യം വെക്കുകയാണ്. 47 വര്‍ഷത്തെ നാശത്തിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ഇറാന് ലഭിക്കുന്നത്. അവര്‍ക്ക് പെട്ടെന്ന് രക്ഷപ്പെടാനാകില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ യു.എസിന്റെ കടന്നുകയറ്റം തടയാനായി ഇറാന്‍ മൈനുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രംപ് യുദ്ധം ഉടനെ അവസാനിപ്പിക്കുമെന്ന പ്രസ്താവന നടത്തിയതെന്നതും ശ്രദ്ധേയമായി. ഇറാന്‍ ഇതിനോടകം എത്ര മൈനുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നു.

ചൊവ്വാഴ്ച യു.എസ് ഇറാന്റെ 16 മൈന്‍ സ്ഥാപിക്കുന്ന ബോട്ടുകള്‍ തകര്‍ത്തെന്നും ഇറാന്റെ നീക്കത്തെ തടസപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

അതേസമയം, ഉടനെ പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴും എല്ലാ ലക്ഷ്യങ്ങളും നേടും വരെ ആക്രമണം തുടരുമെന്ന നിലപാടിലാണ് ഇസ്രഈല്‍.

‘എല്ലാ ലക്ഷ്യങ്ങളും നേടും വരെ ആവശ്യമായ കാലത്തോളം സമയപരിധിയില്ലാതെ യുദ്ധം തുടരും’, ഇസ്രഈല്‍ പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനിലേക്ക് കുറഞ്ഞത് രണ്ടാഴ്ച കൂടി ആക്രമണത്തിന് തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന് ഇസ്രഈലി-യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെ സംബന്ധിച്ച് കൃത്യമായ ഒരു തീയതി പറയാനോ, യു.എസ് സേനയെ ഇറാനില്‍ വിന്യസിക്കുമെന്ന അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്താനോ ട്രംപ് തയ്യാറായിട്ടില്ല.

Content Highlight: There’s nothing left to target in Iran; more damage done than expected: Trump

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.