കൊൽക്കത്ത: എസ്.ഐ.ആറിന്റെ സമ്മർദത്തെ തുടർന്നുള്ള ബി.എൽ.ഒയുടെ ആത്മഹത്യയിൽ ഇ.സി.ഐയെ വിമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ജൽപായ്ഗുരിയിലെ മാൽബസാർ ബ്ലോക്കിലെ ബി.എൽ.ഒ ആയി ജോലി ചെയ്തിരുന്ന അംഗൻവാടി ജീവനക്കാരി മരിച്ച സംഭവത്തിലാണ് മമതയുടെ പ്രതികരണം. ബുധനാഴ്ച രാവിലെയാണ് ഇവരെ വീട്ടുമുറ്റത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം ജീവനക്കാരുടെ മേൽ മനുഷ്യത്വരഹിതമായ സമ്മർദമാണ് ചെലുത്തുന്നതെന്ന് മമത ആരോപിച്ചു. ഇത് 28 മരണങ്ങൾക്ക് കാരണമായെന്നും അവർ പറഞ്ഞു.
2026ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ ജീവനക്കാർക്ക് നിരന്തരമായ ജോലിഭാരമുണ്ടാക്കുന്നെന്നും മമത പറഞ്ഞു.
‘എസ്.ഐ.ആറിലൂടെ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരന്തരമായ ജോലിഭാരം അടിച്ചേൽപ്പിക്കുകയാണ്. ഇതുകാരണം 28 ജീവനുകളാണ് നഷ്ടപെട്ടത്. മൂന്ന് വർഷം നീണ്ടുനിന്ന ഒരു പ്രക്രിയയാണ് ഇപ്പോൾ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിർബന്ധിതമാക്കിയിരിക്കുന്നത്. ഇത് ബി.എൽ.ഒമാരുടെ മേൽ മനുഷ്യത്വരഹിതമായ സമ്മർദം ചെലുത്തുന്നു,’ അവർ പറഞ്ഞു.
മനസാക്ഷിയോടെ പ്രവർത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് മമത ആവശ്യപ്പെട്ടു. നിലവിൽ തിടുക്കപ്പെട്ട് നടത്തുന്ന എസ്.ഐ.ആർ ജോലികൾ ഇനിയും തുടർന്നാൽ കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ടേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.ഐ.ആറിന്റെ സമയപരിധി നേരത്തെയാക്കുകയും ബി.എൽ.ഒമാരെ അമിതമായ ഫീൽഡ് വെരിഫിക്കേഷൻ ജോലികൾ കൊണ്ട് ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്ന് ടി.എം.സി നേതാക്കൾ ആരോപിച്ചിരുന്നു.