ചെന്നൈ: ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച മുന്‍ തമിഴ്നാട് പാര്‍ട്ടി അധ്യക്ഷന്‍ കെ. അണ്ണാമലൈ തന്റെ പുതിയ സംഘടനയായ ‘വി ദ ലീഡേഴ്‌സ്’ ഭാവിയില്‍ രാഷ്ട്രീയ പാര്‍ട്ടിയായി മാറുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊള്ളാച്ചിയില്‍ നടന്ന പ്രസ്ഥാനത്തിന്റെ ആദ്യ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ സമ്മേളനത്തിലാണ് പ്രഖ്യാപനം.
തമിഴ്നാടിനെ സംബന്ധിച്ച തന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ ബി.ജെ.പിയുടേതുമായി യോജിച്ചു പോകാത്തതിനാലാണ് പാര്‍ട്ടി വിട്ടതെന്ന് അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. അഞ്ചു വര്‍ഷത്തിന് ശേഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ദേശീയ സ്വത്വത്തെക്കുറിച്ചും വ്യക്തിപരമായ വിശ്വാസങ്ങളെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളും മുന്‍ ബി.ജെ.പി നേതാവ് പങ്കുവെച്ചു.
‘മതം എപ്പോഴും പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കേണ്ട ഒന്നല്ല. ഞാന്‍ ഒരു അഭിമാനിയായ ഇന്ത്യക്കാരനും ഹിന്ദുവുമാണ്. എന്നാല്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ എന്റെ ജാതിയും മതവും വീടിനുള്ളില്‍ വെച്ച് പൂട്ടിയിട്ടാണ് വരുന്നത്. ആത്മീയതയും മത-ജാതി ചിന്തകളും പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല, അത് വ്യക്തിപരമായി സൂക്ഷിക്കേണ്ടതാണ്,’ അണ്ണാമലൈ പറഞ്ഞു.
ഒരാളെ ഉയര്‍ന്നവനെന്നോ മറ്റൊരാളെ താഴ്ന്നവനെന്നോ വിവേചിച്ചു കാണാതെ, എല്ലാവരെയും ഒരേ നേര്‍രേഖയില്‍ ഒരുമിച്ച് കാണുന്നവനാണ് യഥാര്‍ത്ഥ ഹിന്ദുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വി ദ ലീഡേഴ്‌സ്’ എന്ന സംഘടനയില്‍ മതത്തിന് യാതൊരു സ്ഥാനവുമില്ലെന്നും, മികച്ച ഭരണത്തിലും പൊതു ഉത്തരവാദിത്തത്തിലുമാണ് പ്രസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അണ്ണാമലൈ വ്യക്തമാക്കി.
അനുയോജ്യമായ സമയത്ത് പ്രസ്ഥാനം രാഷ്ട്രീയ പാര്‍ട്ടിയായി മാറുമെന്നും തമിഴ്നാടിനെ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.
യുവജന പങ്കാളിത്തത്തിന് വലിയ പ്രാധാന്യമാണ് പുതിയ സംഘടന നല്‍കുന്നത്. കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിന്റെ ടി.വി.കെ നേടിയ വിജയത്തിന് പിന്നില്‍ യുവാക്കളായിരുന്നു. വരാനിരിക്കുന്ന 2031-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ സംസ്ഥാനത്ത് വലിയൊരു ഭരണമാറ്റം കൊണ്ടുവരുമെന്നാണ് അണ്ണാമലൈയുടെ പ്രവചനം.
നിലവില്‍ സംഘടനയിലെ 54 ശതമാനം പേരും 35 വയസ്സില്‍ താഴെയുള്ളവരാണ്. 17 ശതമാനം വനിതാ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് പുറമെ പരിസ്ഥിതി സംരക്ഷണത്തിനും സംഘടന ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്ത ആറ് മാസത്തിനുള്ളില്‍ തമിഴ്നാട്ടിലുടനീളം 50 ലക്ഷം വൃക്ഷത്തൈകള്‍ നടാന്‍ പദ്ധതിയിടുന്നതായും സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായി.
Content Highlight: There is no place for religion in the party; it will become a political party at the appropriate time and contest elections: Annamalai.