നസ്‌ലെനെ ട്രോൾ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല; മോശം പടം ചെയ്തിട്ടില്ല, മോശം പെർഫോമൻസ് കാഴ്ച വെച്ചിട്ടില്ല: ചന്തു സലിംകുമാർ
Malayalam Cinema
നസ്‌ലെനെ ട്രോൾ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല; മോശം പടം ചെയ്തിട്ടില്ല, മോശം പെർഫോമൻസ് കാഴ്ച വെച്ചിട്ടില്ല: ചന്തു സലിംകുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th October 2025, 8:03 am

തിയേറ്ററുകളിൽ ചരിത്ര നേട്ടം സ്വന്തമാക്കിയ സിനിമയാണ് ലോകഃ ചാപ്റ്റർ വൺ ചന്ദ്ര. അരുൺ ഡൊമിനിക്കിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഫണ്ണി കോമ്പോയായിരുന്നു ചന്തു സലിംകുമാറും നസ്‌ലെനും. രസകരമായ തമാശകൾ കൊണ്ട് ഇരുവരും സിനിമയെ മികച്ചതാക്കി മാറ്റി. ഇപ്പോൾ നസ്‌ലെനെ കുറിച്ച് സംസാരിക്കുകയാണ് ചന്തു സലിംകുമാർ.

‘നസ്‌ലെനും എല്ലാവരും ട്രോളുകൾ ചെയ്യാറുണ്ട്. നസ്‌ലെനെ ഒന്നും ട്രോൾ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല. അവനൊരു മോശം പടം പോലും ചെയ്തിട്ടില്ല. ഒരു മോശം പെർഫോമൻസ് പോലും ചെയ്തിട്ടില്ല. അവന് ചെയ്തത് എന്താണെന്ന് വെച്ചാൽ ഒരു സാധാരണക്കാരനായി അഭിനയിച്ചു. വലിയ കഴിവുകളോ ഒന്നുമില്ലാത്ത ആളായിട്ട് ഒരു പടത്തിൽ അഭിനയിച്ചു. അത് ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല, അതും പെർഫോമൻസ് മോശം ആയതുകൊണ്ടല്ല. ആ കഥാപാത്രം അങ്ങനെയാണ്. അതങ്ങനെയാണ് ചെയ്യാൻ പറ്റത്തുള്ളു,’ ചന്തു സലിംകുമാർ പറയുന്നു.

ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിലെ പ്രകടനത്തിനെതിരെ ട്രോളുകളും അധിക്ഷേപങ്ങളും വന്നിരുന്നു. ഇതിനെക്കുറിച്ച് നസ്‌ലെൻ തന്നെ സംസാരിക്കുകയും ചെയ്തിരുന്നു. ചിത്രം നൽകിയ വലിയ മാറ്റത്തിൽ സന്തോഷവാനാണെന്നും കോടി ക്ലബുകളേക്കാൾ സന്തോഷം നൽകുന്നത് പ്രേക്ഷകർ അംഗീകരിക്കുന്നു എന്നതിലാണെന്നും നസ്‌ലെൻ പറഞ്ഞിരുന്നു.

കഴിവ് മാത്രമല്ല ഭാഗ്യം കൂടിയാണ് ഇന്നിവിടെ എത്തിച്ചതെന്നും ആലപ്പുഴ ജിംഖാന ജീവിതത്തെ മാറ്റിമറിച്ചുവെന്നും നന്നായി വർക്കാകുമെന്ന് കരുതിയത് കൊണ്ടാണ് ജിംഖാനയിലെ കഥാപാത്രം തെരഞ്ഞെടുത്തത് എന്നും നസ്‌ലെൻ പറഞ്ഞിരുന്നു.

ആലപ്പുഴ ജിംഖാന

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ 2025ൽ പുറത്തിറങ്ങിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. ഖാലിദ് റഹ്‌മാനൊപ്പം ശ്രീനി ശശീന്ദ്രൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്.

നസ്‌ലെൻ, ലുക്മാൻ അവറാൻ, ഗണപതി എസ്. പൊതുവാൾ, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

പ്രേക്ഷകരിൽ നിന്നും നല്ല അവലോകനങ്ങൾ ലഭിച്ച ചിത്രം ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു.
2025 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ മലയാള ചിത്രമായും ഇത് മാറി.

Content Highlight: There is no need to troll Naslen says Chandu Salimkumar