പ്രധാന്‍ രാജിവെക്കേണ്ട സാഹചര്യമില്ല, അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്; വാങ്ചുക്ക് നിരാഹരം അവസാനിപ്പിക്കണം: കേന്ദ്രമന്ത്രി രാംദാസ് അത്താവാല
India
പ്രധാന്‍ രാജിവെക്കേണ്ട സാഹചര്യമില്ല, അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്; വാങ്ചുക്ക് നിരാഹരം അവസാനിപ്പിക്കണം: കേന്ദ്രമന്ത്രി രാംദാസ് അത്താവാല
നിഷാന. വി.വി
Sunday, 19th July 2026, 8:25 am

 

ശ്രീനഗര്‍: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാല. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയവര്‍ക്കെതിരെ ഇതിനകം തന്നെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉണ്ടായത് തികച്ചും നിര്‍ഭാഗ്യകരമായ കാര്യമാണെന്നും എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ഒന്നും എടുത്തിട്ടില്ല എന്ന് പറയാനാകില്ലെന്നും അത്താവല പറഞ്ഞു.

‘മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നിരവധി പ്രതികളെ ഇതിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ല,’ അദ്ദേഹം പറഞ്ഞു.

സോനം വാങ്ചുകിനോട് തന്റെ നിരാഹാര സമരം അവസാനിപ്പിക്കിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ വാങ്ചുകിന് അവകാശമുണ്ടെന്നും, ഭാവിയില്‍ ഇത്തരം ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും രാംദാസ് അത്താവാല ഉറപ്പുനല്‍കി.

അതേസമയം ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്ദര്‍ മന്തറില്‍ നിരാഹാര സമരം ചെയ്യുകയായിരുന്ന സോനം വാങ്ചുക്കിനെ ദല്‍ഹി പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടും അദ്ദേഹം തന്റെ നിരാഹാരം തുടരുകയാണ്.

Content Highlight: There is no need for Pradhan to resign; the investigation is proceeding vigorously; Wangchuk should end his hunger strike: Union Minister Ramdas Athawale.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.