'നീതിയും കരുതലുമില്ല' നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ ഡബ്ല്യൂ.സി.സി
Kerala
'നീതിയും കരുതലുമില്ല' നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ ഡബ്ല്യൂ.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th December 2025, 10:24 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പം നിലയുറച്ച് ഡബ്ല്യൂ.സി.സി. കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച വിധി കടുത്ത നിരാശയാണ് നല്‍കുന്നതെന്ന് ഡബ്ല്യൂ.സി.സി പ്രതികരിച്ചു.

ഈ വിധി എട്ടരവര്‍ഷം നീണ്ട പോരാട്ടത്തില്‍ തങ്ങളുടെ സഹപ്രവത്തകക്ക് മുന്നില്‍ ബാക്കിവെച്ചത് നീതിയും കരുതലുമല്ലെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഡബ്ല്യൂ.സി.സിയുടെ പ്രതികരണം.

പെണ്‍ കേരളത്തിന് ഈ വിധി നല്‍കുന്ന സാമൂഹ്യപാഠം ഇനി പരാതിയുമായി മുന്നോട്ട് വരരുതെന്ന അത്യന്തം നിരാശാജനമായ വിലക്കാണെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു. വിചാരണ കോടതിയുടെ വിധി സൂക്ഷ്മമായി പഠിച്ച് തുടര്‍ നടപടികളുമായി ശക്തമായി മുന്നോട്ടുവരുമെന്നും പോരാട്ടം തുടരുമെന്നും ഡബ്ല്യൂ.സി.സി വ്യക്തമാക്കി.

കോടതി വിധിയെ വിമര്‍ശിച്ചുകൊണ്ടുള്ള അതിജീവിതയുടെ പ്രതികരണത്തിന് പിന്നാലെയാണ് ഡബ്ല്യൂ.സി.സിയും രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ നടി മഞ്ജു വാര്യരും അതിജീവിതയ്ക്ക് പൂര്‍ണമായും നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികരിച്ചിരുന്നു.

വിധിയില്‍ അത്ഭുതമില്ലെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അതിജീവിത പ്രതികരിച്ചത്. നിയമത്തിന് മുന്നില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന് തിരിച്ചറിയുന്നുവെന്നും അതിജീവിത പറഞ്ഞിരുന്നു.

കേസിലെ കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയില്‍ നിന്നും മാറ്റം സംഭവിക്കുമെന്നത് പ്രോസിക്യൂഷന് മനസിലായിരുന്നുവെന്നും അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.

പിന്നാലെ സിനിമാ മേഖലയിലെ നിരവധി ആളുകള്‍ ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു. പൃഥ്വിരാജ്, സുപ്രിയ മേനോന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഷഫ്‌ന, അഹാന കൃഷ്ണകുമാര്‍, സയനോര, ഭാഗ്യലക്ഷ്മി അടക്കമുള്ളവരാണ് അതിജീവിതയുടെ പോസ്റ്റ് പങ്കുവെച്ചത്.

Content Highlight: ‘There is no justice or care’, says WCC in court verdict in actress attack case