ബെംഗളൂരു: യാത്രക്കാര്‍ക്ക് നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് ശ്രദ്ധേയമായ കര്‍ണാടക സ്റ്റേറ്റ് ആര്‍.ടി.സി ബസുകള്‍ക്ക് സംസ്ഥാനത്തെ 2000ത്തോളം ഗ്രാമങ്ങളിലേക്ക് സര്‍വീസില്ല.
കെ.എസ്.ആര്‍.ടി.സി, എന്‍.ഡബ്ല്യു.കെ.ആര്‍.ടി.സി, കെ.കെ.ആര്‍.ടി.സി തുടങ്ങിയ ബസുകള്‍ക്ക് ഗ്രാമങ്ങളിലേക്ക് കണക്ടിവിറ്റി ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കിയ കര്‍ണാടകയില്‍, സര്‍ക്കാര്‍ ബസിന് ഭൂരിഭാഗം ഗ്രാമങ്ങളിലേക്കും സര്‍വീസില്ലാത്തത് ചര്‍ച്ചയാവുകയാണ്.
എന്നാല്‍, സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ആധിപത്യം കാരണം ബസുകള്‍ക്ക് റൂട്ടുകള്‍ നല്‍കാന്‍ സാധിക്കുന്നില്ലെന്നും ബസുകള്‍ ഓടിക്കാന്‍ ശരിയായ റോഡുകളില്ലെന്നുമൊക്കെയാണ് സര്‍ക്കാരിന്റെ ന്യായീകരണം. ബസുകള്‍ക്ക് ക്ഷാമമുണ്ടെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും പ്രതികരിച്ചു.
കര്‍ണാടകയിലെ ആകെയുള്ള 21,748 ഗ്രാമങ്ങളില്‍ 20090 ഗ്രാമങ്ങളിലേക്ക് ബസ് സര്‍വീസുണ്ടെന്നും ഏറ്റവും പുതിയ ഡാറ്റകള്‍ തെളിയിക്കുന്നു.
കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്ന കര്‍ണാടകയിലെ 17 ജില്ലകളിലെ 1983 ഗ്രാമങ്ങളിലേക്ക് സര്‍വീസില്ല. ഇതില്‍ 1892 ഗ്രാമങ്ങളിലേക്ക് ബസ് കണക്ടിവിറ്റി ഇല്ലെന്നും കണക്കുകള്‍ പറയുന്നു.
234 ഗ്രാമങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ അനുയോജ്യമായ റോഡുകള്‍ പോലുമില്ല. ഹെവി വാഹനങ്ങള്‍ കടന്നുപോകാന്‍ അനുയോജ്യമായ റോഡുകളില്ലാത്തതാണ് ഈ ഗ്രാമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
വടക്കുപടിഞ്ഞാറന്‍ കര്‍ണാടകയില്‍ ആറ് ജില്ലകളിലായ 4610 ഗ്രാമങ്ങളുണ്ടെങ്കിലും 4565 ഗ്രാമങ്ങളിലേക്ക് മാത്രമാണ് ബസ് സര്‍വീസുകളുള്ളതെന്ന് ഡാറ്റ വ്യക്തമാക്കുന്നു.