ന്യൂദല്‍ഹി: കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ്ഗ്‌ലൈഫിന് വിലക്കില്ലെന്ന് സുപ്രീം കോടതി. സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച ഹരജി സുപ്രീം കോടതി തീര്‍പ്പാക്കി.
ന്യൂദല്‍ഹി: കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ്ഗ്‌ലൈഫിന് വിലക്കില്ലെന്ന് സുപ്രീം കോടതി. സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച ഹരജി സുപ്രീം കോടതി തീര്‍പ്പാക്കി.
ഇന്ത്യയില്‍ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിന് അവസാനമില്ലേയെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അഭിപ്രായ പ്രകടനം നടത്തിയെന്ന് കരുതി സിനിമയുടെ പ്രദര്‍ശനം വിലക്കണോയെന്നും അതിന് കോടതി കൂട്ട് നില്‍ക്കുകയില്ലെന്നും കോടതി പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ വിഷയത്തില്‍ വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്.
സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്നും പ്രദര്‍ശിപ്പിക്കുന്നതിന് സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് കോടതി ഹരജി തീര്‍പ്പാക്കിയത്.
തഗ് ലൈഫ് കര്‍ണാടകയില്‍ റിലീസ് ചെയ്യണമെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. നിയമപ്രകാരം ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യേണ്ടിയിരുന്നതായും ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഇന്നലെ സുപ്രീം കോടതി പറയുകയായിരുന്നു.
ആള്‍ക്കൂട്ട ഭീഷണികള്‍ക്ക് നിയമവാഴ്ചയെ ബന്ദിയാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി, തിയേറ്ററുകളില്‍ എന്ത് പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ‘ഗുണ്ടകളുടെ കൂട്ടങ്ങളെ’ അനുവദിക്കാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നടന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ചിത്രത്തിന്റെ റിലീസ് നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളെ വിമര്‍ശിച്ചാണ് കോടതി ഇക്കാര്യം പറഞ്ഞത്.
തന്റെ പുതിയ സിനിമയായ തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു കമല്‍ ഹാസന്റെ വിവാദ പരാമര്‍ശം. കന്നഡ നടന്‍ ശിവരാജ്കുമാറിനെ ചൂണ്ടിക്കാട്ടിയാണ് നമ്മള്‍ രണ്ട് പേരും കുടുംബമാണെന്നും കാരണം തമിഴില്‍ നിന്നാണല്ലോ കന്നട ഉത്ഭവിച്ചതെന്ന് കമല്‍ ഹാസന്‍ പറഞ്ഞത്. ഈ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്.
തുടര്‍ന്ന് കമല്‍ ഹാസന്‍ പരസ്യമായി മാപ്പ് പറയുന്നത് വരെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക ഫിലം ചേംബര്‍ ഓഫ് കോമേഴ്സും അറിയിക്കുകയായിരുന്നു. ജൂണ്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് കമല്‍ ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് കമല്‍ ഹാസന്‍.
Content Highlight: There is no ban on thug life, freedom of expression should be protected; Supreme Court disposes of the petition