വാഴ 3 അല്ല… ബായ 3, ഒപ്പം കരിക്ക് ടീമും? ഇങ്ങനെയായാൽ ബോക്സ് ഓഫീസ് കത്തിക്കുമെന്ന് സോഷ്യൽ മീഡിയ
Malayalam Cinema
വാഴ 3 അല്ല… ബായ 3, ഒപ്പം കരിക്ക് ടീമും? ഇങ്ങനെയായാൽ ബോക്സ് ഓഫീസ് കത്തിക്കുമെന്ന് സോഷ്യൽ മീഡിയ
നന്ദന എം.സി
Tuesday, 14th April 2026, 10:51 am

മലയാള സിനിമ പ്രേക്ഷകർ ആവേശത്തോടെ ചർച്ച ചെയ്യുന്ന വിഷയമായി മാറിയിരിക്കുകയാണ് ‘വാഴ 3’. ഒന്നാം ഭാഗത്തേക്കാൾ വലിയ വിജയമായി മാറിയ രണ്ടാം ഭാഗം ഇപ്പോഴും തിയേറ്ററുകളിൽ ഹൗസ് ഫുൾ ആയി മുന്നേറുമ്പോൾ, മൂന്നാം ഭാഗം ഉണ്ടാകുമെന്ന് ചിത്രത്തിന്റെ രചയിതാവും സഹനിർമാതാവുമായ വിപിൻ ദാസ് സൂചന നൽകിയതോടെ സോഷ്യൽ മീഡിയയിൽ വലിയ ആവേശമാണ് ഉയർന്നിരിക്കുന്നത്.

സവിൻ സ, വിപിൻ ദാസ്, ഹാഷിർ, Photo: Hashir/ Facebook

‘വാഴ 3’ പ്രഖ്യാപനത്തിന് മുമ്പേ തന്നെ, ചിത്രത്തിലെ കഥാപാത്രങ്ങൾ ആരായിരിക്കും എന്ന ചർച്ചകൾ ആരാധകരിൽ നിറഞ്ഞുനിൽക്കുകയാണ്. രണ്ടാം ഭാഗത്തിൽ സോഷ്യൽ മീഡിയയിലൂടെ വൈറലായ ഹാഷിറും ടീമും ശ്രദ്ധ നേടിയതോടെ, മൂന്നാം ഭാഗത്തിലും വൈറൽ താരങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

അതേസമയം, വലിയൊരു വിഭാഗം ആരാധകർ മുന്നോട്ടുവയ്ക്കുന്ന പ്രധാന താരങ്ങൾ ‘ഹനാൻ ഷാ ആൻഡ് ടീം’ ആണ്. മലബാർ മേഖലയിലെ വലിയ ഫാൻബേസുള്ള ഹനാൻ ഷാ ടീമിനെ ‘വാഴ 3’യിൽ ഉൾപ്പെടുത്തിയാൽ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

ചിലർ ഇതിനെ ‘വാഴ 3 ‘ എന്നതിലുപരി ‘ബായ 3’ എന്ന പേരിൽ പോലും വിളിക്കാമെന്ന് ആവേശത്തോടെ കുറിക്കുന്നു. കൂടാതെ മലബാർ സ്റ്റൈലിലുള്ള അവരുടെ സംസാര രീതിക്കും നിറയെ ആരാധകരുള്ള ഈ കാലത്ത് ചിത്രത്തിലും അതെ രീതി ഉൾപ്പെടുത്തിയാൽ കൊള്ളാമെന്നും ആരാധകർ പങ്ക് വെക്കുന്നു.

ഇതോടൊപ്പം, മൂന്നാം ഭാഗം പെൺകുട്ടികളുടെ ജീവിതത്തെ ആസ്പദമാക്കിയാകാമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ആദ്യ ഭാഗം അച്ഛൻ-മകൻ ബന്ധവും, രണ്ടാം ഭാഗം സഹോദര ബന്ധവും ശ്രദ്ധേയമായി അവതരിപ്പിച്ച സാഹചര്യത്തിൽ, മൂന്നാം ഭാഗം ഗേൾസ് പെർസ്പെക്റ്റീവ് ആകുന്നത് പുതുമയുണ്ടാക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. ‘എ ബയോപിക് ഓഫ് ബില്യൺ ഗേൾസ്’ എന്ന ആശയവും ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

അതേസമയം, ‘വാഴ 2 ‘യിൽ മികച്ച പ്രകടനം കാഴ്ചവച്ച അമീൻ ആൻഡ് ടീമും മൂന്നാം ഭാഗത്തിൽ ഉണ്ടാകാമെന്ന പ്രതീക്ഷയും ശക്തമാണ്.

ഇതിനു പുറമെ, ‘കരിക്ക്’ ടീമും കൂടി എത്തുന്ന ഒരു കോംബോ ഉണ്ടെങ്കിൽ, അത് മലയാള സിനിമയിലെ ഏറ്റവും വലിയ ഹൈപ്പ് സൃഷ്ടിക്കുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾക്ക് ലഭിക്കുന്നതുപോലുള്ള ആവേശം തന്നെ ഈ ചിത്രത്തിനും ലഭിക്കുമെന്നാണ് ആരാധകർ പറയുന്നത്.

കരിക്ക്, Photo: X.com

‘വാഴ 3 ‘യുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് പ്രതീക്ഷിക്കുമ്പോൾ, സിനിമയുടെ കഥയും താരനിരയും സംബന്ധിച്ചുള്ള ചർച്ചകൾ സാമൂഹ്യമാധ്യമങ്ങളിൽ തീ പിടിച്ച പോലെ പടരുകയാണ്. ഏതായാലും, പുതിയ പരീക്ഷണങ്ങളുമായെത്തുന്ന ‘വാഴ 3’ മലയാള സിനിമ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

Content Highlight: There is a discussion on social media about who will be in Vazha 3.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.