ഇന്ത്യയില്‍ 2500ലധികം രാഷ്ട്രീയപാര്‍ട്ടികളുണ്ട്; ജനാധിപത്യം ഞങ്ങള്‍ക്ക് വെറുമൊരു സംവിധാനമല്ല: പ്രധാനമന്ത്രി
Indian democracy
ഇന്ത്യയില്‍ 2500ലധികം രാഷ്ട്രീയപാര്‍ട്ടികളുണ്ട്; ജനാധിപത്യം ഞങ്ങള്‍ക്ക് വെറുമൊരു സംവിധാനമല്ല: പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th July 2025, 7:57 am

അക്ര: ഇന്ത്യയില്‍ 2500ലധികം രാഷ്ട്രീയപാര്‍ട്ടികളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും നാനാത്വമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസത്തെ ഘാന സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ പ്രസ്താവന ഘാനയുടെ പാര്‍ലമെന്റിനുള്ളില്‍ അത്ഭുതവും ചിരിയും ഉയര്‍ത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ജനാധിപത്യം എന്നത് തങ്ങള്‍ക്ക് വെറുമൊരു സംവിധാനം മാത്രമല്ലെന്നും ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഹമാരേ ലിയേ ലോക്തന്ത്ര സംവിധാനം നഹി, സംസ്‌കാര്‍ ഹേ,’ എന്ന് ഹിന്ദിയില്‍ പറഞ്ഞ മോദി പിന്നീട് ഇംഗ്ലീഷിലും ആവര്‍ത്തിച്ചു.

യഥാര്‍ത്ഥ ജനാധിപത്യം സംവാദവും ചര്‍ച്ചയും പ്രോത്സാഹിപ്പിക്കും. അത് ജനങ്ങളില്‍ ഏകോപനമുണ്ടാക്കുന്നു. അത് അന്തസിനെയും മനുഷ്യാവകാശങ്ങളെയും പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ 22 ഔദ്യോഗിക ഭാഷകളും ആയിരക്കണക്കിന് ഭാഷാഭേദങ്ങളുമുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇക്കാരണത്താലാണ് ഇന്ത്യക്കാര്‍ എവിടെ ചെന്നാലും എളുപ്പത്തില്‍ അടുപ്പങ്ങളുണ്ടാക്കുന്നത്. ഇന്ത്യയിലേക്ക് വരുന്നവരെ ഹൃദയം തുറന്ന് സ്വാഗതം ചെയ്യുന്നതിന്റെ കാരണവും ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ പ്രസംഗത്തിന് ശേഷം, ഘാന പാര്‍ലമെന്റ് സ്പീക്കര്‍ അല്‍ബന്‍ കിങ്സ്ഫോര്‍ഡ് സുമാന ബാഗ്ബിന്‍ ‘2,500 രാഷ്ട്രീയപാര്‍ട്ടികളുടെ’ പ്രധാനമന്ത്രിയുടെ പരാമര്‍ശം ആവര്‍ത്തിച്ചു.

അതേസമയം ഘാനയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലേക്ക് തിരിച്ചു. ജൂലൈ നാല്, അഞ്ച് തീയതികളില്‍ അര്‍ജന്റീന സന്ദര്‍ശിക്കും. തുടര്‍ന്ന് 17-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിലേക്ക് പോകും. റിയോയിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കാനിരിക്കുന്നത്. വിദേശ സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി മോദി നമീബിയയിലേക്കും തിരിക്കും.

30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനവുമാണ് ഇപ്പോള്‍ നടക്കുന്നത്. നമീബിയയില്‍ സന്ദര്‍ശനത്തില്‍ പ്രധാനപ്പെട്ട ധാരണാപത്രങ്ങളില്‍ പ്രധാനമന്ത്രി ഒപ്പുവെക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Content Highlight: There are over 2500 political parties in India; democracy is not just a system for us: PM