തമിഴ്‌നാട്ടില്‍ ഇനിമുതല്‍ 'രോഗി'കളില്ല; മെഡിക്കല്‍ ഗുണഭോക്താക്കള്‍; ഉത്തരവിറക്കി ആരോഗ്യവകുപ്പ്
India
തമിഴ്‌നാട്ടില്‍ ഇനിമുതല്‍ 'രോഗി'കളില്ല; മെഡിക്കല്‍ ഗുണഭോക്താക്കള്‍; ഉത്തരവിറക്കി ആരോഗ്യവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th October 2025, 10:08 am

ചെന്നൈ: തമിഴ്നാട്ടിലെ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവർ ഇനിമുതല്‍ മെഡിക്കല്‍ ഗുണഭോക്താക്കളായിരിക്കും. സംസ്ഥാനത്ത് ഇനി ‘രോഗി’കളില്ലെന്നാണ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാരിന്റെ ഉത്തരവ്.


ഇനിമുതല്‍ ആശുപത്രികളിലെത്തുന്നവരെ ‘മെഡിക്കല്‍ ഉപഭാക്താക്കള്‍’ എന്ന് വിളിക്കണമെന്നാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.


വൈദ്യശാസ്ത്രം എന്നത് മനുഷ്യത്വപരമായ സേവനമായതുകൊണ്ട് തന്നെ രോഗികള്‍ എന്ന പ്രയോഗം വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. രോഗി എന്ന വാക്ക് ചികിത്സ തേടിയെത്തുന്നവരില്‍ മാനസികാഘാതം ഉണ്ടാക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

ഇന്നലെ (ചൊവ്വ) മുതല്‍ ഈ ഉത്തരവ് തമിഴ്നാട്ടില്‍ നടപ്പിലായി തുടങ്ങിയതായാണ് വിവരം. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.

Content Highlight: There are no more ‘patients’ in Tamil Nadu; only medical beneficiaries