പ്രതിപക്ഷത്തിന്റെ ദയനീയ അവസ്ഥ കാണുമ്പോള്‍ മോദി വീണ്ടും അധികാരത്തില്‍ വരാനാണ് സാധ്യത: ആര്‍. ബി. ശ്രീകുമാര്‍
national news
പ്രതിപക്ഷത്തിന്റെ ദയനീയ അവസ്ഥ കാണുമ്പോള്‍ മോദി വീണ്ടും അധികാരത്തില്‍ വരാനാണ് സാധ്യത: ആര്‍. ബി. ശ്രീകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th June 2022, 4:13 pm

 

ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ ദയനീയ അവസ്ഥ കാണുമ്പോള്‍ മോദി വീണ്ടും അധികാരത്തില്‍ വരാനാണ് സാധ്യതയെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കുകയാണ് മോദിയുടെ ലക്ഷ്യമെങ്കിലും അത് പെട്ടെന്ന് നടക്കില്ലെന്നും ഇന്ത്യയുടെ ആധാര ശിലകള്‍ അതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു സംശയവുമില്ല. പ്രതിപക്ഷത്തിന്റെ ദയനീയ അവസ്ഥ കാണുമ്പോള്‍ അതിനാണ് എല്ലാ സാധ്യതയും.

പക്ഷേ, ഇന്ത്യയെ അങ്ങനെയങ്ങ് ഹിന്ദു രാഷ്ട്രമാക്കാനാവും എന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയുടെ ആധാര ശിലകള്‍ അതിന് സമ്മതിക്കില്ല.

അടിസ്ഥാനപരമായി ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ബാബരി മസ്ജിദ് തകര്‍ത്തതിനെ ഹിന്ദു മതം അംഗീകരിക്കുന്നില്ല. ഏതു രൂപത്തിലും ഭാവത്തിലും എന്നെ ആരാധിക്കാമെന്നും ഞാന്‍ അനുഗ്രഹം ചൊരിയുമെന്നുമാണ് കൃഷ്ണന്‍ പറയുന്നത്.

അടിസ്ഥാനപരമായി ഇന്ത്യ വര്‍ഗീയമല്ല. ഇന്ത്യയെ ആക്രമിച്ച മുസ്‌ലിം ഭരണാധികാരികള്‍ക്ക് ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കാന്‍ കഴിഞ്ഞില്ല. പോര്‍ച്ചുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും ഇന്ത്യയെ അവരുടെ മതരാഷ്ട്രമാക്കാനായില്ല,’ അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ഇരട്ട സഹോദരങ്ങളാണെന്നും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ഇരട്ട സഹോദരങ്ങളാണ്. ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍. ഇന്ത്യയുടെ ആന്തരിക ശക്തി ഗംഭീരമാണ്. എല്ലായിടത്തു നിന്നും വിശുദ്ധമായ ചിന്തകള്‍ വരട്ടെ എന്നതാണ് ഇന്ത്യയുടെ ആപ്തവാക്യം.

ഇത് എന്റേതാണ്, ഇത് മറ്റേയാളുടേതാണ് എന്ന് കരുതുന്നവര്‍ ഇടുങ്ങിയ ചിന്താഗതിക്കാരാണെന്നും ലോകം മുഴുവന്‍ ഒരു തറവാടാണ് (വസുദൈവ കുടുംബകം) എന്ന് കരുതുന്നവരാണ് ഭാരതീയരെന്നുമാണ് നമ്മുടെ ഋഷികള്‍ പറഞ്ഞിട്ടുള്ളത്.

അതിന്റെ നിരാകരണവും നിഷേധവുമാണ് ഗുജറാത്തിലുണ്ടായത്. എന്തിനാണ് കരിയര്‍ നശിപ്പിച്ചത്? നിങ്ങളൊരു വിഡ്ഢിയാണ്? എന്നൊക്കെ പലരും എന്നോട് പറയാറുണ്ട്. അവരോട് ഞാന്‍ പറയാറുള്ളത് ഇതാണ്: ”കള്ളം പറയേണ്ട ഒരു ബാധ്യതയും എനിക്കില്ല. അതുകൊണ്ടുള്ള ഒരു പുരോഗതിയും എനിക്കാവശ്യമില്ല.”,’ ശ്രീകുമാര്‍ പറഞ്ഞു.

ഹിന്ദു വര്‍ഗീയ വാദികളെയും മുസ്‌ലിം വര്‍ഗീയ വാദികളെയും ഒരുപോലെ പ്രീണിപ്പിക്കുകയാണ് പലപ്പോഴും കോണ്‍ഗ്രസ് ചെയ്തിട്ടുള്ളതെന്ന് ആര്‍.ബി. ശ്രീകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

യു.പി.എ ഭരണകാലത്ത് സര്‍ക്കാരിന് ഗുജറാത്ത് കലാപത്തിലും ഹരെന്‍ പാണ്ഡ്യ വധത്തിലും ശരിക്കും അന്വേഷണം നടത്താന്‍ കഴിഞ്ഞില്ലെന്നും അത് ചെയ്തിരുന്നെങ്കില്‍ രാജ്യത്തിന്റെ ചരിത്രം തന്നെ മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ടുണ്ടായതാണിത്. കോണ്‍ഗ്രസിന്റെ മതേതരത്വത്തോട് എനിക്ക് ഒട്ടും മതിപ്പില്ല.

ഇന്ത്യയില്‍ രണ്ട് തരം വര്‍ഗീയ വാദികളാണുള്ളത്. ഒന്ന് പ്രത്യക്ഷത്തില്‍ തന്നെ വര്‍ഗീയത പറയുന്നവര്‍. ബി.ജെ.പി ഈ ഗണത്തിലുള്ളതാണ്. രണ്ട് അവസരോചിതമായി വര്‍ഗീയത പുലര്‍ത്തുന്നവര്‍ കോണ്‍ഗ്രസ് ഈ വിഭാഗത്തിലാണ്പെടുക.

ഹിന്ദു വര്‍ഗീയ വാദികളെയും മുസ്‌ലിം വര്‍ഗീയ വാദികളെയും ഒരു പോലെ പ്രീണിപ്പിക്കുകയാണ് പലപ്പോഴും കോണ്‍ഗ്രസ് ചെയ്തിട്ടുള്ളത്,’ അദ്ദേഹം പറഞ്ഞു.

Content Highlight: there are chances for modi to be the pm of india again says rb sreekumar