ലിജിന്‍ കടുക്കാരം
ലിജിന്‍ കടുക്കാരം
Tribal Issues
ആദിവാസികള്‍ക്കിടയില്‍ ചികിത്സകിട്ടാതെയുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുന്നു: ഏറ്റവുമൊടുവിലത്തെ സംഭവം കല്‍പ്പറ്റയില്‍ നിന്ന്
ലിജിന്‍ കടുക്കാരം
Friday 10th November 2017 7:40pm

 

കല്‍പ്പറ്റ: അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാത്ത ആളുകള്‍ ഇന്നും ആദിവാസികള്‍ക്കിടയിലുണ്ട്. പേടി തന്നെയാണ് അവരെ ആശുപത്രികളില്‍ നിന്ന് പിന്‍വലിപ്പിക്കുന്ന കാരണം. സ്വയം ചികിത്സയോ അല്ലെങ്കില്‍ പച്ചമരുന്നുകളോ ആയിരിക്കും മിക്കവരുടെയും ചികിത്സാ സംവിധാനം. ആശുപത്രികളില്‍ നിന്ന് മതിയായ രീതിയിലുള്ള മാര്‍ഗനിര്‍ദ്ദേശം ലഭിക്കാത്തതും ഇവരെ ആശുപത്രികളില്‍ നിന്ന് മാറ്റുന്നതിന് കാരണമാകുന്നു.

വയനാട്ടിലെ ആദിവാസികളിലെ പണിയ വിഭാഗം ഇത്തരത്തില്‍ ഡോക്ടര്‍മാരെ വിശ്വസിക്കാനും അംഗീകരിക്കാനും പേടിയുള്ളവരാണെന്നും ആശുപത്രിയില്‍ പോകാതെ മാറി നില്‍ക്കുന്നവരാണെന്നും മുട്ടിലിലെ ബ്ലോക്ക് പഞ്ചായത്തഗം അയ്യപ്പന്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല ആശുപത്രിയിലെത്തുന്നവര്‍ക്കാണെങ്കില്‍ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിക്കൊടുക്കാന്‍ അധികൃതരും ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.

ഈയടുത്ത ദിവസം പത്തൊമ്പതുകാരിയായ മായ മാസം തികയാതെ പ്രസവിക്കാനും കുഞ്ഞ് മരിക്കാനുമിടയായ സാഹചര്യം ഇതിനുദാഹരണമാണെന്നും അയ്യപ്പന്‍ പറയുന്നു. വയനാട് ജില്ലയിലെ മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പരിയാരം ചെലഞ്ഞിച്ചാല്‍ ചെറനല്ലൂര്‍ പണിയകോളനിയിലെ ബാലുവിന്റെ ഭാര്യ മായക്കാണ് ആശുപത്രിയില്‍ നിന്നും ചികിത്സകിട്ടാതെ മടങ്ങേണ്ടിവന്നത്.

വയറുവേദനയെ തുടര്‍ന്നാണ് പണിയകോളനിയായ ചെലഞ്ഞിച്ചാല്‍ ചെറനല്ലൂരില്‍ നിന്ന് വ്യാഴാഴ്ച രാവിലെ യുവതി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്നു ഗൈനക്കോളജിസ്റ്റ് ഡോ. സിസിലിയാണ് ഒ.പിയില്‍ മായയെ പരിശോധിച്ചത്. എന്നാല്‍ പരിശോധനയ്ക്കുശേഷം ഗൈനക്കോളജിസ്റ്റ് വേദനയ്ക്കുള്ള മരുന്ന് നല്‍കി തിരിച്ചയക്കുകയാണുണ്ടായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

തങ്ങള്‍ക്ക് മതിയായ ചികിത്സ ആശുപത്രിയില്‍ നിന്ന് ലഭിച്ചില്ലെന്ന് സ്വപ്നയുടെ ഭര്‍ത്താവ് ബാലു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

                                                                                                                                   image credit: JAYAN

മായയുടെ ഭര്‍ത്താവ് ബാലു

‘ഭാര്യക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് രാവിലെ ആശുപത്രിയില്‍ പോയത്. അവിടെയുണ്ടായിരുന്ന ഡോക്ടറെ കാണിക്കുകയും ചെയ്തു. അവര്‍ വേദനയ്ക്കെന്നു പറഞ്ഞ് ഗുളിക തന്ന് മടക്കുകയായിരുന്നു. മരുന്നും വാങ്ങി ഞങ്ങള്‍ തിരിച്ച് വീട്ടിലേക്കും പോയി.’

വീട്ടിലെത്തിയശേഷമാണ് അവള്‍ ഗുളിക കഴിക്കുന്നത്. ഗുളിക കഴിച്ച ശേഷമാണ് വയറു വേദനയും രക്തസ്രാവവും കൂടുന്നതും പ്രസവിക്കുന്നതും. ജീവനില്ലാത്ത കുട്ടിയെയാണ് പ്രസവിച്ചത്. ഭാര്യ അവശ നിലയിലായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. വീണ്ടും പരിശോധിച്ച ഡോക്ടര്‍ പേടിക്കാനില്ലെന്ന് പറയുകയും ആശുപത്രിയില്‍ കിടത്തുകയുമായിരുന്നു.’ എന്നാണ് ബാലു പറഞ്ഞത്.

എന്നാല്‍ മായയ്ക്ക് രക്തവും മൂത്രവും പരിശോധിക്കാന്‍ കുറിച്ചുനല്‍കിയിരുന്നെന്നും എന്നാല്‍ ബന്ധുക്കള്‍ അത് നടത്താതെ മടങ്ങുകയാണുണ്ടായതെന്നുമാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ വിശദീകരണം. ആശുപത്രിയുടെ ഭാഗത്തു വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് അശ്വതി ഡൂള്‍ന്യൂസിനോടു പറഞ്ഞത്.


Also Read: ‘ബംഗളൂരുവിന് മഞ്ഞപ്പടയേ പേടിയോ?’; ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കുള്ള ടിക്കറ്റുകള്‍ തടഞ്ഞുവെച്ച് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്; വെസ്റ്റ് ബ്ലോക്ക് പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്ത് മഞ്ഞപ്പടയും


‘മായ എന്ന ട്രൈബല്‍ പേഷ്യന്റ് ( ആദിവാസി യുവതി) കഴിഞ്ഞദിവസം വന്നിരുന്നു. പത്തൊമ്പത് വയസുള്ള പെണ്‍കുട്ടിയാണ് അവര്‍. ഒ.പി ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റിനെ കാണുകയായിരുന്നു. മാഡത്തിനോട് വയറുവേദന എന്നു പറഞ്ഞാണ് കാണിച്ചത്.’

‘മാസം തികയാത്ത കുട്ടിയായിരുന്നു. കഷ്ടിച്ച് ആറര മാസത്തെ വളര്‍ച്ചയേയുള്ളു. അവരുടെ മൂത്രം, രക്തം പരിശോധിക്കാനായി താഴേ ലാബിലേക്ക് അയക്കുകയായിരുന്നു. പക്ഷേ വയറിനു കടുത്ത വേദനയെന്നു പറഞ്ഞ് അവര്‍ വീട്ടിലേക്ക് പോയെന്നാണ് അറിയുന്നത്.’ അശ്വതി പറയുന്നു.

‘രോഗികള്‍ എത്തിയാല്‍ ഡോക്ടര്‍ ആദ്യം മരുന്ന് എഴുതി നല്‍കും’ എന്നു പറഞ്ഞാണ് മരുന്നുനല്‍കി വിടുകയാണുണ്ടായതെന്ന യുവതിയുടെ ബന്ധുക്കളുടെ ആരോപണം ആശുപത്രി സൂപ്രണ്ട് നിഷേധിച്ചത്. ‘രോഗികള്‍ എത്തിയാല്‍ ആരും ആദ്യം മരുന്ന് എഴുതും. മൂത്രം, രക്തം എന്നിവ പരിശോധിച്ച് മൂത്രക്കടച്ചിലാണെന്ന് തോന്നിയാല്‍ അതിനുള്ള മരുന്ന് എഴുതി. വേദനയ്ക്കുള്ള മരുന്ന് ആദ്യം എഴുതിക്കൊടുക്കുന്നതുമാണ്. അത് ഒന്നു കഴിക്കാന്‍ ആദ്യം പറയുകയും ചെയ്യും.’

‘ഏത് ഗര്‍ഭിണിക്കായാലും വേദനയോ മൂത്രക്കടച്ചിലോ പ്രസവവേദനയോ ഉണ്ടെങ്കില്‍ ഇത്തരത്തില്‍ മരുന്ന് നല്‍കാറുണ്ട്. ആ മരുന്ന് തന്നെയാണ് ഡോക്ടര്‍ നല്‍കിയിരിക്കുന്നതും. ടെസ്റ്റ് ചെയ്യുന്നതിനും മരുന്നിനും ഒരുമിച്ച് തന്നെയാണ് എഴുതിയത്. എന്നിട്ടാണ് താഴേക്ക് വിട്ടത്.’

‘പക്ഷേ കുട്ടി വേദന കൂടുതലാണെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയി. കാഷ്വാലിറ്റിയില്‍ കാണിക്കുകയോ തിരിച്ച് ഡോക്ടറിനടുത്ത് പോവുകയോ ഒന്നും ചെയ്യാതെയാണ് പോയത്. വീട്ടില്‍ച്ചെന്നയുടന്‍ തന്നെ പ്രസവം നടക്കുകയും ചെയ്തു. തുടര്‍ന്ന് അയല്‍വാസികള്‍ അവരെ ഇങ്ങോട്ടു കൊണ്ടുവരികയും ചെയ്തു.’

‘ഉടന്‍ തന്നെ ഗൈനക്കോളജിസ്റ്റ് അവരെ പരിശോധിക്കുകയും ചെയ്തു. പ്രശ്നമൊന്നും കാണാത്തതിനെത്തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.’ അശ്വതി പറയുന്നു.

എന്നാല്‍ ഡോക്ടര്‍ മൂത്രവും രക്തവും പരിശോധിക്കാന്‍ എഴുതിയ കാര്യം പറഞ്ഞിരുന്നില്ലെന്നാണ് ബാലു പറയുന്നത്.

‘മൂത്രവും രക്തവും പരിശോധിക്കാന്‍ എഴുതിയിരുന്ന കാര്യം അറിഞ്ഞിരുന്നില്ല. മരുന്നുകള്‍ തന്നതിനെത്തുടര്‍ന്ന് തങ്ങള്‍ തിരിച്ച് വരികയായിരുന്നു.’ ബാലു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ബാലുവിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് മുട്ടില്‍ പരിയാരം ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ബാലുവിന്റെ അയല്‍വാസിയുമായ അയ്യപ്പന്‍ ഡൂള്‍ന്യൂസിനോടു പ്രതികരിച്ചത്. വിദ്യാഭ്യാസപരമായും മറ്റും പിന്നാക്കം നില്‍ക്കുന്നവരായതിനാല്‍ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ആശുപത്രികള്‍ പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്. ഇത്തരം ആളുകള്‍ ചികിത്സ തേടിയെത്തിയാല്‍ അവരെ അഡ്മിറ്റ് ചെയ്ത് പരിശോധിക്കുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം ചികിത്സപൂര്‍ത്തിയാക്കാതെ അവര്‍ തിരികെപോകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു.

image credit: JAYAN

പരിയാരം ചെലഞ്ഞിച്ചാല്‍ ചെറനല്ലൂര്‍ പണിയകോളനിയിലെ  ബാലുവിന്റെ വീട്‌

രക്തവും മൂത്രവും ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞിരുന്നെങ്കില്‍ അതിന്റെ റിസല്‍ട്ട് വരുന്നതിനു മുമ്പേ മരുന്നു കൊടുക്കേണ്ടതില്ലലോയെന്ന് ചോദിച്ച അദ്ദേഹം വേദനയുമായി പോയ ഗര്‍ഭിണിയെ അഡ്മിറ്റ് ചെയ്യാതിരുന്നത് ആശുപത്രി അധികൃതരുടെ പിഴവാണെന്നും ആരോപിക്കുന്നു.

‘ഏഴു മാസം ഗര്‍ഭിണിയായിരുന്ന മായ ഇന്നലെയാണ് ആശുപത്രിയില്‍ പോയത്. വയറുവേദനായിരുന്നു അവര്‍ക്ക്. ഡോക്ടറെ കണ്ടപ്പോള്‍ വയറുവേദനക്കുള്ള ഗുളിക നല്‍കിയെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ടെസ്റ്റുകള്‍ക്കും എഴുതിയിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.’

‘പക്ഷേ അതു നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. പരിശോധിക്കാന്‍ വേണ്ടി വിട്ടതാണെങ്കില്‍ അവര്‍ക്ക് മരുന്നുകൊടുക്കേണ്ട കാര്യമില്ല. പരിശോധിച്ച ശേഷമാണല്ലോ മരുന്നു നല്‍കുക. ആദിവാസി മേഖലയില്‍ നിന്നുവരുന്ന രോഗിയ്ക്ക് കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുകൊടുത്തിട്ടില്ല എന്നത് ആശുപത്രി അധികൃതരുടെ പിഴവാണ്.’

‘ഈ സംഭവത്തിനുശേഷം ഞങ്ങള്‍ ആശുപത്രിയില്‍ പോയിരുന്നു. ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. നിര്‍ബന്ധമായും ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്ക് ആദിവാസികളായാലും ആരായാലും ഇങ്ങനെ മരുന്ന് നല്‍കിവിടാന്‍ പാടില്ല. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മരുന്ന് നല്‍കാവൂ. പ്രത്യേകിച്ച് ആദിവാസി മേഖലയില്‍ നിന്നുവരുന്നവരെ. ഇങ്ങനെയുള്ളവരെ നിര്‍ബന്ധമായും അവിടെ അഡ്മിറ്റ് ചെയ്യണം. കാരണം പുറത്തു വിട്ടു കഴിഞ്ഞാല്‍ അവര്‍ വീട്ടിലോട്ട് പോകും. ‘ അയ്യപ്പന്‍ പറയുന്നു.

അതിനിടെ, ഈ സംഭവം അറിഞ്ഞിട്ടും പട്ടികവര്‍ഗ വകുപ്പില്‍ നിന്നും ബന്ധപ്പെട്ടവരാരും തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണവും കോളനി നിവാസികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് കോളനി നിവാസികള്‍ ചാചിള്ളയെ സംസ്‌കരിക്കാതെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

                                                                                                                                   image credit: JAYAN

മൃതദേഹം സംസ്‌കരിച്ച സ്ഥലം

വൈകുന്നേരം വരെ ട്രൈബല്‍ പ്രമോട്ടര്‍മാരൊന്നും തന്നെ സ്ഥലം സന്ദര്‍ശിച്ചിരുന്നില്ലെന്നാണ് വയനാട്ടിലെ മാധ്യമം ദിനപത്രം ബ്യൂറോ ചീഫായ എന്‍.എസ് നിസാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. വൈകുന്നേരത്തോടെ പട്ടികവര്‍ഗ വകുപ്പിലെ ഒരു സ്ത്രീ അവിടെയെത്തുകയും നഷ്ടപരിഹാരത്തിനുള്ള ഫോം നല്‍കി തിരിച്ചുപോകുകയും ചെയ്തെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇത്തരം ആക്ഷേപം വസ്തുതാവിരുദ്ധമാണെന്നാണ് അയ്യപ്പന്‍ പറയുന്നത്. ട്രൈബല്‍ പ്രമോട്ടര്‍ ഏറെ വൈകിയാണ് സംഭവം അറിയുന്നത്. അതിനുശേഷം അവര്‍ കോളനി സന്ദര്‍ശിച്ചിരുന്നെന്നും അയ്യപ്പന്‍ വ്യക്തമാക്കി. ‘ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയാണ് ട്രൈബല്‍ പ്രമോട്ടര്‍. അവര്‍ വൈകിയാണ് കാര്യം അറിഞ്ഞത്. തുടര്‍ന്ന് ഇവിടെ വരികയും എന്നെ വിളിക്കുകയും ചെയ്തിരുന്നു.’ അയ്യപ്പന്‍ പറഞ്ഞു.

കുട്ടിയുടെ ജീവന്‍ നഷ്ടമാകുന്നിടത്തേക്ക് കാര്യങ്ങളെ എത്തിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്ത് വന്ന പിഴവാണെന്ന ആരോപണം കോളനിയുള്‍പ്പെടുന്ന മുട്ടില്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ പരിയാരത്തെ വാര്‍ഡ് മെമ്പര്‍ ആയിഷയും ശരിവെക്കുന്നു.

‘ഇന്നലെ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ മായക്ക് വേദനയ്ക്കുള്ള ഗുളിക ഡോക്ടര്‍ നല്‍കുകയായിരുന്നു. മരുന്ന് ചീട്ടില്‍ ടെസ്റ്റിനും എഴുതിയിട്ടുണ്ടായിരുന്നെങ്കിലും അക്കാര്യം രോഗിയെയോ കൂടെയുള്ള ആളെയോ പറഞ്ഞ് ധരിപ്പിച്ചിരുന്നില്ലെന്നാണ് മനസിലാകുന്നത്.’

‘വേദനയ്ക്ക് ആശുപത്രിയിലെത്തിയ തങ്ങള്‍ക്ക് അതിനുള്ള മരുന്ന് കിട്ടിയപ്പോള്‍ ഇരുവരും തിരിച്ചു വരികയായിരുന്നു. വീട്ടിലെത്തി മരുന്നു കഴിച്ചയുടന്‍ രക്തസ്രാവം കൂടിയ യുവതി പ്രസവിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാക്കുകയോ ഇവരെ ടെസ്റ്റിനായി കൊണ്ടുപോവുകയോ ചെയ്തിരുന്നില്ലെങ്കില്‍ ഈ അവസ്ഥയുണ്ടാകില്ലായിരുന്നു’. ആയിഷ പറയുന്നു.

                                                                                                                               image credit: JAYAN

ബാലുവും മാതാവും വീടിനു മുന്നില്‍

താരതമ്യേന വിദ്യാഭ്യാസം കുറവായ ആദിവാസി വിഭാഗക്കാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ നടത്തേണ്ട ചികിത്സയെക്കുറിച്ച് വ്യക്തമാക്കാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞില്ലെന്നതാണ് ജനപ്രതിനിധികളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

നേരത്തെയും വയനാട്ടിലെ ആദിവാസി മേഖലകളില്‍ നിന്നും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മീനങ്ങാടി പുഴംങ്കുനി കോട്ടക്കുന്ന് കോളനിയിലെ ബബിതയുടെ ഗര്‍ഭസ്ഥ ശിശുവും ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചതായി അന്നത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 2016 മെയ് മാസത്തിലായിരുന്നു സംഭവം. മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയ യുവതിയെ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

യാത്രക്കായി ആംബുലന്‍സ് സൗകര്യം കിട്ടാതെ വന്നതോടെ ഇവര്‍ യാത്രചെയ്ത ഓട്ടോറിക്ഷയില്‍ യുവതി പ്രസവിക്കുകയും കുട്ടി മരണപ്പെടുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വയറുവേദനയെത്തുടര്‍ന്ന് മീനങ്ങാടി ആശുപത്രിയിലെത്തിയ ഇവരെ പ്രാഥമിക ചികിത്സ വരെ നല്‍കാതെ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത് മൂലമാണ് കുട്ടി മരണപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ലിജിന്‍ കടുക്കാരം
Advertisement