കെ.എല്‍ ആന്റണി; മലയാള സിനിമ കണ്ടെത്താന്‍ വൈകിയ അഭിനയ പ്രതിഭ
Movie Day
കെ.എല്‍ ആന്റണി; മലയാള സിനിമ കണ്ടെത്താന്‍ വൈകിയ അഭിനയ പ്രതിഭ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st December 2018, 8:54 pm

കോഴിക്കോട്: “ഈ ലോകം എന്ത് മനോഹരമാണെന്ന്” മഹേഷിന് കാണിച്ച കൊടുത്തത് ചാച്ചനാണ്. മലയാളികള്‍ കണ്ടിട്ടും അറിഞ്ഞിട്ടുമില്ലാത്ത അനേകം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടനാണ് കെ.എല്‍ ആന്റണി. അദ്ദേഹം ഇനി തന്റെ കഥാപാത്രങ്ങളിലൂടെ നമുക്കിടയില്‍ ജീവിക്കും.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികളുടെ മുഴുവന്‍ ചാച്ചനായി മാറിയ കെ.എല്‍ ആന്റണിയുടെ അഭിനയ സപര്യക്ക് അമ്പത് വര്‍ഷത്തെ പഴക്കമുണ്ട്. ചെറുപ്പം മുതല്‍ തന്നെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ അദ്ദേഹത്തിന് ജീവിത സഖിയെയും ലഭിച്ചത് നാടകത്തില്‍ നിന്ന് തന്നെയാണ്.

നാടക നടിയായ ലീന അദ്ദേഹത്തിന്റെ ജീവിതത്തിലെ മാത്രമല്ല വേദിയിലെയും കൂട്ടായിരുന്നു. മാനുഷ പുത്രന്‍, ചങ്ങല, അഗ്‌നി, കുരുതി, ഇരുട്ടറ, തുടങ്ങിയ പ്രശസ്തങ്ങളായ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഏറ്റവും ശ്രദ്ധേയനാക്കിയത് “അമ്മയും തൊമ്മനും” എന്ന നാടകമാണ്.

Also Read:  പശ്ചിമ ബംഗാളില്‍ ബി.ജെ.പി രഥയാത്ര നടത്തരുതെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി

രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള അമ്മയും തൊമ്മനും” നാടകത്തില്‍ തൊമ്മനായി കെ.എല്‍ ആന്റണിയും അമ്മയായി അദ്ദേഹത്തിന്റെ ഭാര്യ ലീനയും അഭിനയിച്ചു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ നാടകം കേരളത്തിലങ്ങോളമിങ്ങോളമുള്ള വേദികളില്‍ അവതരിപ്പിക്കപ്പെട്ടു.

നാടകത്തെ ജീവനോളം സ്‌നേഹിച്ച കെ.എല്‍ ആന്റണി സ്വന്തമായി പത്ത് നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടാതെ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. 1979 ല്‍ ആന്റണിയുടെ കൊച്ചിന്‍ കലാകേന്ദ്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് പിന്നീട് തന്റെ ജീവിതപങ്കാളിയായ ലീനയെ അദ്ദേഹം ആദ്യമായി കാണുന്നത്.

മഹേഷിന്റെ പ്രതികാരമുള്‍പ്പടെ പത്ത് സിനിമകളിലാണ് കെ.എല്‍ ആന്റണി അഭിനയിച്ചിട്ടുള്ളത്.