ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് സിന്‍ഹുവ. ഗ്ലോബല്‍ ടൈംസ് ആകട്ടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള പത്രമാണ്. തുര്‍ക്കി സര്‍ക്കാരിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയാണ് ടി.ആര്‍.ടി വേള്‍ഡ്.
ഈ ആഴ്ച്ച ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ചുള്ള ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേക്കുറിച്ച് ഗ്ലോബല്‍ ടൈംസിനെ ടാഗ് ചെയ്തുകൊണ്ട് ഒരു എക്‌സ് പോസ്റ്റും എംബസി പങ്കുവെച്ചിരുന്നു. ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കാന്‍ ശുപാര്‍ശ ചെയ്യുകയാണെന്നായിരുന്നു എംബസിയുടെ പോസ്റ്റ്.
‘ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ അനുകൂല സംഘടനകള്‍ അടിസ്ഥാന രഹിതമായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഉറവിടങ്ങള്‍ പരിശോധിക്കാതെ ഇത്തരം വിവരങ്ങള്‍ മാധ്യമങ്ങല്‍ പങ്കിടുന്നത് പത്രപ്രവര്‍ത്തന നൈതികതയിലുള്ള ഗുരുതരമായ വീഴ്ച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്,’ എംബസിയുടെ പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടു എന്ന റിപ്പോര്‍ട്ട് സിന്‍ഹുവയാണ് ഗ്ലോബല്‍ ടൈംസിന് നല്‍കിയതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാവും ഇവ രണ്ടിന്റെയും എക്‌സ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് സൂചന.
അതേസമയം ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനീസ് നടപടിക്കെതിരെ വിദേശകാര്യ മന്ത്രാലയം ശക്തമായി പ്രതികരിച്ചിരുന്നു. അരുണാചലിലെ 27 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കിയിരുന്നു.
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന പേരുമാറ്റിയതുകൊണ്ട് അതൊരിക്കലും യാഥാര്‍ത്ഥ്യത്തെ മാറ്റില്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. ഇതും എക്‌സ് അക്കൗണ്ട് നിരോധിച്ചതിന് പിന്നിലെ കാരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.