തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ എം.എസ്.സി ഐറീന വിഴിഞ്ഞത്ത് നങ്കൂരമിട്ടു. രാവിലെ 8.45 ഓടെയാണ് കപ്പല്‍ വിഴിഞ്ഞത്തെത്തിയത്. കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു.
മലയാളിയും തൃശൂര്‍ സ്വദേശിയുമായ വില്ലി ആന്റണിയാണ് കപ്പലിന്റെ ക്യാപ്റ്റന്‍. കണ്ടെയ്നറുകള്‍ ഇറക്കിയ ശേഷം ഐറീന യൂറോപ്പിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐറീനയില്‍ നിന്ന് ഏകദേശം 4000 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് ഇറക്കുമെന്നാണ് വിവരം. സിങ്കപ്പുര്‍ തുറമുഖത്ത് നിന്നാണ് ഐറീന വിഴിഞ്ഞത്തെത്തിയത്.
22 നില കെട്ടിടത്തിന്റെ ഉയരമുള്ള ഐറീനയുടെ നിര്‍മാണം 2023ലാണ് പൂര്‍ത്തിയായത്. 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമാണ് ഐറീനയ്ക്കുള്ളത്. ലൈബീരിയന്‍ ഫ്‌ലാഗോടെയുള്ള കപ്പല്‍ കൂടിയാണിത്.
എം.എസ്.സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ എത്തിയതില്‍ വെച്ച് ഏറ്റവും വലിയ കപ്പല്‍. 19,462 ടി.ഇ.യു ശേഷിയാണ് ഈ കപ്പലിനുള്ളത്. നേരത്തെ എം.എസ്.സിയുടെ തുര്‍ക്കിയ, മിഷേല്‍ കപ്പെല്ലിനി എന്നീ കപ്പലുകളും വിഴിഞ്ഞത്തെത്തിയിട്ടുണ്ട്.
വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യുന്ന 347ാം മത് കപ്പലാണ് എം.എസ്.സി ഐറീന. ഇതിനുപുറമെ 49 കപ്പലുകളാണ് ഈ മാസം വിഴിഞ്ഞത്ത് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.